ന്യൂഡല്‍ഹി : ലോകത്തിലെ ആദ്യ സൂപ്പര്‍സോണിക് ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ അടുത്ത ദൗത്യത്തിനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന . ബ്രഹ്മോസിന്റെ അവസാന ഘട്ട നിര്‍ണായ പരീക്ഷണത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ വ്യോമസേന. റഷ്യന്‍ നിര്‍മിത സുഖോയ്-30എംകെഐയില്‍ നിന്ന് അടുത്ത ആഴ്ചയാണ് ബ്രഹ്മോസ് ക്രൂസ് മിസൈല്‍ പരീക്ഷണം നടത്തുന്നത്. ഇന്ത്യയുടെ അത്യാധുനിക പോര്‍വിമാനമാണ് സുഖോയ്-30 എംകെഐ.
ഇന്ത്യയുടെ ബ്രഹ്മാസ്ത്രമെന്ന വിശേഷണമുള്ള ബ്രഹ്മോസ് മിസൈല്‍ Su-30MKI പോര്‍വിമാനത്തില്‍ ഘടിപ്പിച്ചുള്ള പരീക്ഷണം നേരത്തെ തന്നെ നടന്നിട്ടുണ്ട്. നിലവില്‍ 290 കിലോമീറ്റര്‍ ദൂരപരിധിയില്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ബ്രഹ്മോസ് മിസൈലാണ് ഇപ്പോള്‍ പരീക്ഷിക്കാന്‍ പോകുന്നത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയായാല്‍ ബ്രഹ്മോസ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി മാറും.
സുഖോയ് പോര്‍വിമാനത്തില്‍ നിന്നും വിവിധ ഉയരങ്ങളില്‍ വെച്ച് വായുവില്‍ നിന്നും ലക്ഷ്യസ്ഥാനത്തേക്ക് തൊടുക്കുന്ന പരീക്ഷണമായിരിക്കും നടക്കുക. കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈലിന് 3.6 ടണ്ണാണ് ഭാരം. വായുവില്‍ നിന്ന് തൊടുക്കാവുന്ന ബ്രഹ്മോസ് ക്രൂസ് മിസൈലിന് 2.5 ടണ്‍ ഭാരമുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ വലിയ പോര്‍വിമാനമായ സുഖോയ്-30 എംകെഐയില്‍ നിന്നു മാത്രമേ ഈ മിസൈല്‍ തൊടുക്കാനാകൂ. ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാന്‍ ബ്രഹ്മോസിനാകും.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസിന് ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്രയുടേയും റഷ്യന്‍ നദിയായ മോസ്കോവയുടേയും പേരുകള്‍ ചേര്‍ത്താണ് ബ്രഹ്മോസ് എന്ന പേര് ലഭിച്ചത്. ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈലെന്ന വിശേഷണവും ബ്രഹ്മോസിന് സ്വന്തം. കര-നാവിക-വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ തയാറാക്കിയിട്ടുണ്ട്. സുഖോയ് 30 വിമാനങ്ങള്‍ക്കു മാത്രമാണു ബ്രഹ്മോസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ളത്. ഇതിനു വേണ്ടി സുഖോയ് പരിഷ്കരിച്ച് തയാറാക്കുകയായിരുന്നു.
Post Your Comments