പള്ളുരുത്തി: അര്‍ദ്ധരാത്രിയില്‍ പതിവായി വരുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് ഭര്‍ത്താവ് സേവ്യര്‍ കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ് സേവ്യറി(67)നെ കണ്ണമാലി പോലീസ് അറസ്റ്റ് ചെയ്തു. ഫോണ്‍ വിളികള്‍ അര്‍ധരാത്രിയിലേക്കു നീണ്ടതോടെ അരിശം മൂത്ത സേവ്യര്‍ ഷേര്‍ളിയെ കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയോടുള്ള സംശയവും പലരും അര്‍ധരാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നതിലുള്ള അസ്വസ്ഥതയുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
ഇയാളുടെ പേരില്‍ തമിഴ്‌നാട്ടില്‍ കൊലപാതകകേസുള്ളതായി നാട്ടുകാര്‍ പറയുന്നുണ്ട്. മുന്‍ ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സമീപവാസികള്‍ പറയുന്നത്. തുടര്‍ന്നാണത്രേ ഇയാള്‍ അയല്‍വാസിയും ഒറ്റക്ക് താമസിക്കുന്ന അമ്മയ്ക്ക് കൂട്ടുകിടക്കാന്‍ വരികയും ചെയ്തിരുന്ന ഷേര്‍ളിയുമായി അടുപ്പത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തത്. സ്വതവേ അന്തര്‍മുഖനായ സ്വഭാവക്കാരനാണ് സേവ്യറെന്നും സമീപവാസികള്‍ പറയുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മാസങ്ങളായി നീണ്ടുനിന്ന കുടുംബ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചത്. ഷേര്‍ളി ഫോണില്‍ സംസാരിക്കുന്നത് സേവ്യര്‍ പലതവണ വിലക്കിയിരുന്നു.
കഴിഞ്ഞ രാത്രിയിലും ഇതേച്ചൊല്ലി കയ്യാങ്കളിയും വാക്കേറ്റവുമുണ്ടായി. തുടര്‍ന്ന് തോര്‍ത്ത് മുണ്ട് ഉപയോഗിച്ച് ഷേര്‍ളിയുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് സേവ്യര്‍ പോലീസിനു നല്‍കിയ മൊഴി. ഭാര്യയെ കൊലപ്പെടുത്തിയ വിവരം സേവ്യര്‍ തന്നെയാണ് പോലീസിനെ അറിയിച്ചത്. കൊല്ലപ്പെട്ട ഷേര്‍ളി തൊഴിലുറപ്പ് തൊഴിലാളിയാണ്. കണ്ണമാലിയില്‍ ചെമ്മീന്‍ കെട്ടിലാണ് സേവ്യര്‍ ജോലി ചെയ്യുന്നത്.ഏതാനും ദിവസം മുമ്പ് ജോലിയുടെ ആവശ്യത്തിന് പാലക്കാട്ടേക്കു പോയ ഷേര്‍ളിയെ കാണാനില്ലെന്നു കാണിച്ച് സേവ്യര്‍ പോലീസിന് പരാതി നല്‍കിയിരുന്നു.
എന്നാല്‍ പോലീസ് ഇടപെട്ട് ഇവരെ തിരികെയെത്തിച്ചിരുന്നു. തുടര്‍ന്ന് പാലക്കാട്ടേക്കു ജോലിക്കു പോകണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍ത്താവ് സമ്മതിച്ചിരുന്നില്ല. ജോലിക്ക് വരാനാവശ്യപ്പെട്ട് ഫോണ്‍ വരുന്നതായാണ് ഇവര്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിക്കും ഫോണ്‍ വന്നതിനെ തുടര്‍ന്നാണ് ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
Post Your Comments