KeralaLatest NewsElection News

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢഹിന്ദുത്വ അജണ്ട തെളിഞ്ഞു- കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം•സംസ്ഥാനത്ത്‌ വോട്ടെടുപ്പ്‌ കഴിഞ്ഞിട്ടും കേരളത്തെ അപമാനിക്കുന്ന കൃത്യം തുടരുന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗൂഢഹിന്ദുത്വ അജണ്ട തെളിഞ്ഞിരിക്കുകയാണെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.

എല്‍.ഡി.എഫ്‌ ഭരിക്കുന്ന മതനിരപേക്ഷ കേരളത്തെ വെച്ചുപൊറുപ്പിക്കില്ലെന്ന മനസ്സിലിരിപ്പാണ്‌ മോദിക്കും സംഘപരിവാര്‍ നേതാക്കള്‍ക്കുമുള്ളത്‌. ആ ഗൂഢലക്ഷ്യം നേടാന്‍ ദേശീയമായ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ കേരളത്തെ അവഹേളിക്കുന്ന പ്രസംഗങ്ങളും പ്രസ്‌താവനകളും മോദി ഉള്‍പ്പെടെയുള്ളവര്‍ തുടരുന്നത്‌. അതുകൊണ്ടാണ്‌ വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്നതിനിടെ കേരളത്തെ താഴ്‌ത്തിക്കെട്ടാന്‍ പ്രത്യേകം സമയം മാറ്റിയത്‌. വീട്ടില്‍ നിന്നും പുറത്തുപോകുന്ന ബി.ജെ.പിക്കാര്‍ കേരളത്തില്‍ വൈകീട്ട്‌ തിരിച്ചെത്തുമെന്ന്‌ ഉറപ്പില്ലെന്നും ബോംബിനും തോക്കിനുമിടയില്‍ ജീവന്‍ പണയംവെച്ചാണ്‌ പ്രവര്‍ത്തിക്കുന്നതെന്നുമുള്ള മോദിയുടെ അഭിപ്രായം അപകടകരമായ നുണബോംബാണ്‌. ഇത്തരം വ്യാജപ്രസ്‌താവനകള്‍ നടത്തി പ്രധാനമന്ത്രി കസേരയുടെ മഹത്വം കളങ്കപ്പെടുത്തുകയാണ്‌ മോദി.

ഇന്ത്യയില്‍ ഏറ്റവും സമാധാനപരമായി തെരഞ്ഞെടുപ്പ്‌ നടന്ന സംസ്ഥാനമാണ്‌ കേരളം. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തന്നെ ഇക്കാര്യത്തില്‍ കേരളത്തെ പ്രശംസിച്ചിട്ടുണ്ട്‌. വോട്ടെടുപ്പ്‌ ദിവസം ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകന്‍ ആക്രമിക്കപ്പെട്ടതായി ഒരു കേസുപോലുമില്ല. സ്വതന്ത്രമായി വോട്ടുചെയ്യുന്നതിന്‌ സംഘപരിവാര്‍ പ്രവര്‍ത്തകരെ തടഞ്ഞ സംഭവങ്ങളുമില്ല. എന്നിട്ടാണ്‌ ഏറ്റവും മെച്ചപ്പെട്ട ക്രമസമാധാനമുള്ള സംസ്ഥാനത്തെ അപമാനിക്കുന്ന പ്രസ്‌താവന പ്രധാനമന്ത്രി നടത്തിയത്‌. ഇതുവഴി ആര്‍.എസ്‌.എസ്‌ പ്രചാരകന്റെ ശരാശരി നിലവാരത്തിലേക്ക്‌ പ്രധാനമന്ത്രി തരംതാണു. അതുകൊണ്ടുതന്നെ കേരളത്തെ അവഹേളിക്കുന്ന മോദി ജല്‍പ്പനങ്ങള്‍ പ്രബുദ്ധകേരളം ഒന്നായി അവഗണിക്കും.

ഇതേ മോദി മുമ്പൊരിക്കല്‍ കേരളത്തെ സോമാലിയയോട്‌ ഉപമിച്ചു. തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഇവിടേയും അയല്‍ സംസ്ഥാനത്തും പ്രസംഗിച്ചപ്പോള്‍ ദൈവനാമം ഉച്ചരിച്ചാല്‍ അറസ്റ്റുണ്ടാകുന്ന സംസ്ഥാനമാണ്‌ കേരളമെന്ന്‌ പ്രസംഗിക്കാനും മടികാട്ടിയില്ല. മാന്യതയും സത്യസന്ധതയുമുള്ള ഒരു രാഷ്ട്രീയ നേതാവും ഇത്തരം അസത്യം വിതറില്ല. വോട്ടെടുപ്പിന്‌ ശേഷവും കേരളത്തിനെതിരെ വ്യാജപ്രചരണം മോദി തുടരുന്നത്‌ എല്‍.ഡി.എഫ്‌ ഭരണവും, എല്‍.ഡി.എഫും ദേശീയമായി ഹിന്ദുത്വ ശക്തികള്‍ക്ക്‌ സഹിക്കാന്‍ കഴിയാത്ത രാഷ്ട്രീയ ബദലായതുകൊണ്ടാണെന്ന്‌ കോടിയേരി പറഞ്ഞു.

അക്രമരാഷ്‌ട്രീയത്തിന്റെ പ്രഭവകേന്ദ്രവും കിരാതശക്തിയും ആര്‍.എസ്‌.എസ്‌ ആണെന്ന്‌ അരനൂറ്റാണ്ടിലെ സംഘപരിവാറിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ വിളിച്ചറിയിക്കുന്നു. 236 സി.പി.ഐ (എം) പ്രവര്‍ത്തകരാണ്‌ സംസ്ഥാനത്ത്‌ കശാപ്പ്‌ ചെയ്യപ്പെട്ടത്‌. 8 വയസ്സുള്ള കാഞ്ഞങ്ങാട്ടെ ഫഹദ്‌, ചേര്‍ത്തലയിലെ അനന്തു, എരുവട്ടിയിലെ 68 വയസ്സുള്ള സരോജിനിയമ്മ ഇങ്ങനെ പ്രായ-ലിംഗ വ്യത്യാസങ്ങളൊന്നുമില്ലാതെ ആളുകളെ കൊല്ലുകയായിരുന്നു ആര്‍.എസ്‌.എസ്‌. ഇതുചെയ്‌ത പാര്‍ടിയുടെ നേതാവ്‌്‌ സമാധാനത്തിന്റെ മേലങ്കിയണിഞ്ഞ്‌ ക്രമസമാധാനത്തിന്റെ പേരില്‍ കേരളത്തെ അപമാനിക്കാന്‍ നോക്കുന്നത്‌. വ്യത്യസ്‌ത രാഷ്ട്രീയക്കാര്‍ക്കും, രാഷ്ട്രീയമില്ലാത്തവര്‍ക്കും, നിഷ്‌പക്ഷര്‍ക്കും സ്വന്തം അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള മണ്ണാണ്‌ കേരളം. എന്നാല്‍ ആര്‍.എസ്‌.എസ്സിന്‌ മേധാവിത്വമുള്ള സ്ഥലത്ത്‌ എതിര്‍പക്ഷത്തുള്ളവരെ വോട്ട്‌ ചെയ്യാന്‍ പോലും അനുവദിക്കാറില്ല. ത്രിപുരയിലും, വടക്കേ ഇന്ത്യയിലെ അനേകം സ്ഥലങ്ങളിലും ബൂത്ത്‌ പിടിത്തവും അക്രമവും വ്യാപകമായി നടന്നു. അത്തരം അക്രമങ്ങളോട്‌ പ്രതികരിക്കുകയാണ്‌ മോദി ചെയ്യേണ്ടതെന്ന്‌ കോടിയേരി പ്രസ്‌താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button