ചെറുവത്തൂര്‍: കയ്യൂര്‍ രക്തസാക്ഷി സ്മാരക കുടുംബാരോഗ്യ കേന്ദ്രം നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ് സര്ടിഫിക്കേഷനില് 99 മാര്‍ക്ക് നേടി രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി. സംസ്ഥാന സര്‍ക്കാറിന്റെ കായകല്‍പ്പം അവാര്‍ഡിന് പിന്നാലെയാണ് ദേശീയ അംഗീകാരം. ആരോഗ്യ സേവന ഗുണനിലവാരത്തില്‍ രാജ്യത്ത് പ്രഥമ സ്ഥാനമാണ് ലഭിച്ചത്. ദിവസസേന നൂറിലധികം രോഗികളാണ് ഇവിടേക്ക് എത്തുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ഏക കുടുംബാരോഗ്യ കേന്ദ്രമാണിത്. നിലവില്‍ വയോജന ക്ലിനിക്, ജീവിത ശൈലി രോഗ നിര്‍ണയ ക്ലിനിക്, കൗമാര ആരോഗ്യ ക്ലിനിക്, വയോജന ക്ലിനിക്, വിഷാദ രോഗ ക്ലിനിക് , മികച്ച ഫാര്‍മസി, നൂതനമായ ലാബ് സൗകര്യം, മികച്ച പാലിയേറ്റീവ് പരിചരണം, ഫിസിയോ തെറാപ്പി, ശിശു സൗഹൃദ കുത്തിവെപ്പ് മുറി, മെച്ചപ്പെട്ട നിരീക്ഷണ മുറി തുടങ്ങിയവയെല്ലാം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
ആരോഗ്യകേന്ദ്രം ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ജനപ്രതിനിധികള്‍, പഞ്ചായത്ത് ഭരണ സമിതി, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, ജനമൈത്രി പൊലീസ്, വിവിധ വകുപ്പുകള്‍, ഡോക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ന്റേഡ് (എന്‍ക്യുഎഎസ്) സംസ്ഥാനതല അവലോകനം നടത്തിയതല് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഈ ആരോഗ്യ കേന്ദ്രത്തിന് സാധിച്ചതിലൂടെയാണ് കയ്യൂരിനെ തെരഞ്ഞെടുത്തത്. മുറ്റത്ത് മനോഹരമായ പൂന്തോട്ടം, വൃത്തിയുള്ള പരിസരം, ലൈബ്രറി സൗകര്യം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസമാണ് കയ്യൂരിലെ ഈ ഹൈടെക് കുടുംബാരോഗ്യകേന്ദ്രം.
1980ല്‍ റൂറല്‍ ഡിസ് പെന്‍സറിയായി ആരംഭിച്ച ആരോഗ്യകേന്ദ്രം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തി. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി മാറ്റിയിരുന്നു. എന്ഡോസര്ഫാന് പാക്കേജില്‍ ഒരു കോടി രൂപ ചെലവിട്ട് നിര്‍മിച്ച ഇരുനില കെട്ടിടത്തിലാണ് പ്രവര്‍ത്തനം.
Post Your Comments