ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 2.51 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഉള്ളതായി സത്യവാങ്മൂലം. എന്നാല്‍ സ്വന്തമായി കാറില്ല. 1.41 കോടി രൂപയുടെ ചലിക്കുന്ന ആസ്തികളും ഗുജറാത്തിലെ ഗാന്ധിനഗറില്‍ 1.10 കോടി രൂപ വിലമതിക്കുന്ന ഭൂമിയും ഉള്ളതായി വെള്ളിയാഴ്ച വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മോദിയുടെ ബാങ്ക് അക്കൗണ്ടില്‍ 38,750 രൂപയും സ്ഥിര നിക്ഷേപമായി 1.27 കോടി രൂപയുമുണ്ട്.
ദേശീയ സമ്പാദ്യ പദ്ധതിയില്‍ 7.61 ലക്ഷം രൂപയും എല്‍.ഐ.സി പോളിസികളില്‍ 1.9 ലക്ഷം രൂപയും മോദി നിക്ഷേപിച്ചിട്ടുണ്ട്.
ഭാര്യ യശോദാ ബെന്നിന്റെ പേര് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരുടെ സ്വത്ത് വിവരങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
2013-14 കാലത്ത് മോദിയുടെ മൊത്തം വരുമാനം 9,69,711 രൂപയായിരുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 17,92,520 രൂപയായി ഉയര്‍ന്നു. സര്‍ക്കാരില്‍ നിന്നുള്ള ശമ്പളവും നിക്ഷേപത്തിനുള്ള ബാങ്ക് പലിശയുമാണ് വരുമാന സ്രോതസായി കാണിച്ചിരിക്കുന്നത്.
1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയതായി സത്യവാങ്മൂലത്തില്‍ മോദി വ്യക്തമാക്കുന്നു. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സ് ബിരുദവും നേടിയിട്ടുണ്ട്. 1967 ല്‍ ഗുജറാത്ത് ബോര്‍ഡില്‍ നിന്നും എസ്.എസ്.സി പരീക്ഷ പാസ്സായതായും സത്യവാങ്മൂലം പറയുന്നു.
സേവിംഗ് ബാങ്ക് അക്കൗണ്ടില്‍ 4,143 രൂപ ബാലന്‍സുണ്ട്. 1.13 ലക്ഷം രൂപ വിലമതിക്കുന്ന, 45 ഗ്രാം ഭാരമുള്ള, നാല് മോതിരങ്ങളുണ്ട്.
തനിക്കെതിരെ ക്രിമിനല്‍ കേസുകളൊന്നും നിലവിലില്ലെന്നും സര്‍ക്കാരിലേക്ക് സാമ്പത്തിക ബാധ്യതകളോന്നുമില്ലെന്നും മോദി വ്യക്തമാക്കുന്നു.
Post Your Comments