തിരുവനന്തപുരം : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വിദേശത്തു ജോലി ചെയ്യുന്ന പ്രതിശ്രുതവരന് അയച്ചുകൊടുക്കുകയായിരുന്നു.
പാലോട് കരിമണ്‍കോട് സ്വദേശി ഷാന്‍ (25) ആണ് പോലീസിന്റെ പിടിയിലായത്. ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ ഇയാള്‍ സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു.
വിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍, ഫോട്ടോഷോപ്പ് ഉപയോഗിച്ച് നഗ്നചിത്രങ്ങളാക്കി മാറ്റുകയായിരുന്നു. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായതോടെ ഇരുവരും പിരിഞ്ഞിരുന്നു. ഇതിനിടെ മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതറിഞ്ഞ ഷാന്‍, യുവാവിന് പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ അയച്ചുകൊടുക്കുകയും ചെയ്തു.
ഇതോടെ യുവാവ് പെണ്‍കുട്ടിയുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പാലോട് പോലീസിന് പരാതി നല്‍കിയത്.
Post Your Comments