തൃശ്ശൂര്‍ : ജില്ലയില്‍ പലയിടത്തും എച്ച് 1 എന്‍ 1 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ പോയി വിദഗ്ദ സഹായം തേടണമെന്ന് ഡി എം ഒ അറിയിച്ചു.
പനി, ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ എച്ച് 1 എന്‍ 1 രോഗത്തിന്റെ ലക്ഷണമാകാം. തുടക്കത്തില്‍ തന്നെ ചികിത്സിക്കുകയാണെങ്കില്‍ രോഗം ഗുരുതരമാകാതെ ശ്രദ്ധിക്കാനാവും. ഈ ലക്ഷണങ്ങള്‍ പ്രത്യേകിച്ച് ഗര്‍ഭിണികളില്‍ കണ്ടാല്‍ ഒട്ടും വൈകാതെ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. പലപ്പോഴും ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ നിസ്സാരമായി തള്ളിക്കളയുകയും ചികിത്സ വൈകുകയും ചെയ്യുന്നതു കൊണ്ടാണ് അപകടാവസ്ഥയില്‍ എത്തുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും സൗജന്യ ചികിത്സയും വിവിധ ഒസല്‍ട്ടാമവീര്‍ എന്ന ഔഷധവും ലഭ്യമാണ്.
രോഗബാധിതര്‍ ഇളം ചൂടുള്ള കഞ്ഞി വെള്ളം പോലെയുള്ള പോഷകഗുണമുള്ള പാനീയങ്ങളും പോഷക സമൃദ്ധമായ ആഹാരങ്ങളും കഴിച്ച് പൂര്‍ണ്ണ വിശ്രമമെടുക്കണം. പരമാവധി വീടിനുള്ളില്‍ തന്നെ കഴിയുകയും സ്‌കൂള്‍, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുകയും വേണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ, മൂക്ക്, എന്നിവ തൂവാല കൊണ്ട് മറയ്ക്കുവാനും ശ്രദ്ധിക്കണമെന്നും ഡി എം ഒ അറിയിച്ചു.
Post Your Comments