ഏറ്റുമാനൂർ എംസി റോഡിൽ വിമല ജംക്‌ഷനു സമീപം വീട്ടു ജോലിക്കാരിയെ ആൾതാമസമില്ലാത്ത വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നാടകീയത. കട്ടച്ചിറ കടവിൽ പി.ആർ രാജന്റെ ഭാര്യ ഉഷാ രാജനാണ്(50) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇതേ വീട്ടിലെ ജോലിക്കാരൻ മറ്റക്കര സ്വദേശി പ്രഭാകരനെ(70) പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കൊലപ്പെടുത്തിയ വിവരം പ്രഭാകരൻ വീട്ടുടമയുടെ സഹോദരിയായ വത്സമ്മയെ വിളിച്ചറിയിച്ച സംഭവമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. ‘കോഴിക്കോട് വരെ പോവുകയാണെന്നു പറഞ്ഞാണ് പ്രഭാകരൻ വത്സമ്മയോട് ഫോണിൽ സംസാരം തുടങ്ങിയത്. കൊച്ചമ്മയുടെ വീടിന്റെ ഔട്ട് ഹൗസിൽ ടോമിച്ചന്റെ വീടിന്റെ താക്കോൽ വച്ചിട്ടുണ്ട്. അതെടുത്ത് വീട് തുറന്നു നോക്കണം. അവിടെ ഒരു സാധനം ഉണ്ട്. ഉഷയമ്മ വീട്ടിൽ ഉണ്ട്. കൊച്ചമ്മേ, ഉഷയമ്മയെ ഞാൻ കൊന്നിട്ടിട്ടുണ്ട്; വീട് തുറന്നു നോക്കണമെന്നുമാണ് ഇയാൾ വത്സമ്മയോട് പറഞ്ഞത്.
വീട്ടുടമയും കുടുംബവും വർഷങ്ങളായി ദക്ഷിണാഫ്രിക്കയിലാണ്. അതിനാൽ പ്രഭാകരനെയാണ് വീട്ടിലെ ജോലികൾ ചെയ്യാൻ ഏൽപിച്ചിച്ചിരുന്നത്. പൊതുവേ സൗമ്യ സ്വഭാവക്കാരനായ പ്രഭാകരനാണ് പ്രതിയെന്ന് ആർക്കും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. എങ്കിലും പ്രഭാകരന്റെ വർത്തമാന രീതിയിൽ സംശയം തോന്നിയ ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പ്രഭാകരനാണു കൊല്ലപ്പെട്ട ഉഷയെ ജോലിക്കു കൊണ്ടു വന്നതെന്നാണ് വത്സമ്മ മൊഴി നൽകിയത്.
Post Your Comments