ന്യൂഡല്‍ഹി : എന്‍ഡി തിവാരുയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂര്‍വ പൊലീസ് കസ്റ്റഡിയില്‍. രോഹിതിന്റെ ഭാര്യ അപൂര്‍വയാണു കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.
അപൂര്‍വയെ കൂടാതെ വീട്ടില്‍ ജോലി ചെയ്തിരുന്ന രണ്ടു പേരെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.രോഹിതിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ വ്യാഴാഴ്ചയാണ് .അസ്വാഭാവിക മരണമെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്.
ശനിയാഴ്ച അപൂര്‍വയെ ക്രൈംബ്രാഞ്ച് എട്ടു മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അപൂര്‍വയ്ക്ക് രോഹിതിന്റെ സ്വത്തുക്കളില്‍ കണ്ണുണ്ടായിരുന്നെന്ന് രോഹിതിന്റെ അമ്മ ഉജ്വല മൊഴി നല്‍കി. അപൂര്‍വ ജോലി ചെയ്യുന്ന സുപ്രീം കോടതിക്കു സമീപമാണ് ഇപ്പോള്‍ താമസിക്കുന്ന വീടെന്നും അത് കൈവശപ്പെടുത്തുകയാണു ലക്ഷ്യമെന്നും രോഹിതിനെ കൂടാതെ തന്റെ മറ്റൊരു മകനായ സിദ്ധാര്‍ഥിന്റെ സ്വത്തുക്കളും തന്റെ വരുതിയിലാക്കാന്‍ അപൂര്‍വ ശ്രമിക്കുന്നുണ്ടെന്നും ഉജ്വല മൊഴി നല്‍കി.
ഒരു മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെ ലക്‌നൗവില്‍ വച്ചാണ് രോഹിതും അപൂര്‍വയും കണ്ടുമുട്ടിയത്. അപൂര്‍വയുമായുള്ള വിവാഹത്തിന് ആദ്യം രോഹിതിനു താല്‍പര്യമില്ലായിരുന്നു. പിന്നീടു തങ്ങള്‍ വിവാഹിതരാകാന്‍ പോകുകയാണെന്നും പറഞ്ഞു എന്റെ അടുത്ത് എത്തി. എന്നാല്‍ വിവാഹത്തിനു മാസങ്ങള്‍ക്കു ശേഷം വിവാഹമോചനത്തിന് ഇരുവരും ഒരുമിച്ചു പലതവണ ശ്രമിച്ചിട്ടുണ്ട്. ജൂണോടു കൂടി വിവാഹബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു- ഉജ്വല പറഞ്ഞു.എപ്രില്‍ 16 നാണ് രോഹിത് ശേഖറിനെ ഡല്‍ഹിയിലെ ഡിഫന്‍സ് കോളനിയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.
Post Your Comments