തിരുവനന്തപുരം: ശ്രീലങ്കയില്‍ ഭീകരാക്രമണങ്ങള്‍ നടന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള പ്രത്യേക മെഡിക്കല്‍ സംഘം ഉടന്‍ ശ്രീലങ്കയിലേക്ക് തിരിക്കും. 15 അംഗമുള്ള വിദഗ്ധ മെഡിക്കല്‍ സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കാനാണ് കേരളം ആലോചിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യ മന്ത്രി 15 അംഗ മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. സംഘത്തെ ശ്രീലങ്കയിലേക്ക് അയക്കുന്നതിന് വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചു വരികയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എസ് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടുന്ന സംഘത്തെയാണ് ശ്രീലങ്കയിലേക്കയക്കുന്നത്.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ എട്ടിടങ്ങളിലുണ്ടായ സ്ഫോടനത്തില്‍ മരണം 207 കവിഞ്ഞു. 450ലധികം പേര്‍ക്ക് പരിക്കേറ്റു. ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി എസ് റസീനക്ക് പുറമെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ ഹൈക്കമ്മീഷന് ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് സൂചന.
Post Your Comments