Latest NewsIndia

ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യത, കേരള തീരത്തും കനത്ത സുരക്ഷ

കൊളംബോ:ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്പര കണക്കിലെടുത്ത് ഇന്ത്യന്‍ തീരത്തും സുരക്ഷ ശക്തമാക്കി. ആക്രമണം നടത്തിയവര്‍ സമുദ്രാതിര്‍ത്തി വഴി രക്ഷപ്പെട്ടേക്കും എന്ന വിവരത്തെ തുടര്‍ന്ന് ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ തീരത്ത് കോസ്റ്റ് ഗാര്‍ഡ് അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകളില്‍ 290ഓളം പേര്‍ മരിച്ചതിന് പിന്നാലെയാണ് ഇന്ത്യയും ജാഗ്രത ശക്തമാക്കിയത്.

സ്‌ഫോടനത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടന്നിരിക്കാം എന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നീക്കം. സ്‌ഫോടനം നടന്ന ശ്രീലങ്കയില്‍ അടിയന്താരവസ്ഥ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഇപ്പോഴും തുടരുകയാണ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ശ്രീലങ്കയിലെ ഇസ്ലാമിക തീവ്രവാദി സംഘടനയായ ദ നാഷണല്‍ തൗഹീത് ജമാ അത്ത് ആണെന്ന് സംശയിക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു.

സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പലരേയും ഇതിനോടകം സുരക്ഷാ സേനകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ സ്‌ഫോടക വസ്തുകള്‍ എത്തിച്ച വാഹനത്തിന്റെ ഡ്രൈവറടക്കം 24 പേരെ ആക്രമണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തേ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നു.ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെ കുറിച്ച് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഇന്ത്യ ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button