ന്യൂഡല്‍ഹി : കേസുകള്‍ പരിഗണിക്കുന്നതില്‍ ഒരു സമ്മര്‍ദ്ദത്തിനും കീഴടങ്ങാത്ത ജഡ്ജിയെന്നാണ് വടക്ക് കിഴക്കന്‍ മേഖലയില്‍നിന്ന് ആദ്യമായി ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ രഞ്ജന്‍ ഗൊഗോയിക്കുള്ള വിശേഷണം. ഇപ്പോള്‍ ചീഫ്് ജസ്റ്റിസിനെതിരായി ഉയര്‍ന്ന ലൈംഗിക ആരോപണത്തിനു പിന്നിലും രാഷ്ട്രീയ താല്പര്യങ്ങളാണെന്നാണ് വിലയിരുത്തല്‍. അടുത്തയാഴ്ച സുപ്രധാന കേസുകള്‍ പരിഗണിക്കാനിരിക്കെയാണ് പരാതി ഉയര്‍ന്നതെന്നു രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സിനിമ, രാഹുലിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി, തമിഴ്നാട്ടിലെ കൈക്കൂലി കുംഭകോണം, റാഫേല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്ന തീയതി നിശ്ചയിക്കല്‍ തുടങ്ങിയവയാണ് ചീഫ് ജസ്റ്റിസ് ഉദാഹരിക്കുന്നത്. എന്തായാലും പുറത്തെ കക്ഷിരാഷ്ട്രീയം കോടതിക്കകത്തേക്കും കടന്നെത്തുന്നു എന്നതിന്റെ ഉദാഹരമാണിത്.
മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരേ കോടതി ബഹിഷ്കരിച്ച് പുറത്തുവന്നു വാര്‍ത്താസമ്മേളനം നടത്തിയ ജസ്റ്റിസ് ജെ. ചെലമേശ്വരിന്റെ നേതൃത്വത്തിലുള്ള നാലു ജഡ്ജിമാരില്‍ ഒരാളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. ദീപക് മിശ്ര കേന്ദ്രസര്‍ക്കാരിന് അനുകൂലമായി നിലപാടു സ്വീകരിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. ആ സാഹചര്യത്തില്‍ രഞ്ജന്‍ ഗൊഗോയിക്കെതിരേ എന്തെങ്കിലും നടപടിയുണ്ടാകുമോയെന്നായിരുന്നു നീതിന്യായ-രാഷ്ട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. എന്നാല്‍, ദീപക് മിശ്ര അടുത്ത ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയിയെ നിര്‍ദേശിക്കുകയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയും ചെയ്തു. മോദിിസര്ക്കാരിനെതിരായ പ്രതിപക്ഷ ആക്രമണത്തിന്റെ ഭാഗമായാണ് ചരിത്രത്തിലാദ്യമായുണ്ടായ കോടതി ബഹിഷ്കരണവും വാര്‍ത്താസമ്മേളനവും അന്ന് വ്യാഖ്യാനിക്കപ്പെട്ടത്.
പ്രതിപക്ഷം പ്രതികൂട്ടില്‍ നിര്‍ത്തിയ ദീപക് മിശ്രയ്ക്കെതിരേ രംഗത്തിറങ്ങിയ രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായതോടെ പ്രതിപക്ഷവുമായി സഹകരിക്കുന്ന അഭിഭാഷകരും ഏറെ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും നിതീന്യായ വ്യസ്ഥയില്നിന്നു വ്യതിചലിക്കാന്‍ ഗൊഗോയി തയ്യാറായില്ല. റാഫേലില്‍ കേന്ദ്രസര്‍ക്കാരിനു ക്ലീന്‍ ചിറ്റ് നല്കിയതു ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചായിരുന്നു. പ്രശാന്ത് ഭൂഷണെ പോലുള്ള, പ്രതിപക്ഷവുമായി സഹകരിക്കുന്ന, അഭിഭാഷകരുടെ ഇടപെടലും ഗൊഗോയി നിയന്ത്രിച്ചു. പ്രശാന്ത് ഭൂഷണ് കോടതിയില്‍ നല്കുന്ന രേഖകള്‍ ചില മോദി വിരുദ്ധ ഓണ്‍ലൈനുകളില്‍ വാര്‍ത്തയാകുന്നതിനെ ഗൊഗോയി നിശിതമായി വിമര്‍ശിച്ചു. ഈ ഓണ്‍ലൈനുകളാണ് ഇപ്പോള്‍ ഗൊഗോയിക്കെതിരേയുള്ള ലൈംഗികാരോപണ വാര്‍ത്ത നല്കാന് തയാറായതെന്നതും ഇപ്പോള്‍ ഏറെ ശ്രദ്ധേയമാണ്.
ഇന്നലെ പ്രത്യേക സിറ്റിങ്ങില്‍, കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന അഡീഷണല്‍ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലും ചീഫ് ജസ്റ്റിസിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അടുത്ത നവംബര്‍ വരെയാണ് ഗൊഗോയിയുടെ കാലാവധി. അയോധ്യ അടക്കമുള്ള സുപ്രധാന കേസുകളില്‍ ഇതിനിടെ വിധിയുണ്ടാകും. സുപ്രീംകോടതിയിലെ ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഒന്നാം നമ്പര്‍ കോടതിയിലെത്തി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയിരുന്നു. ജവാഹര്‍ലാല്‍ നെഹ്റുവിനുശേഷം ആദ്യമായാണ് ഒരു പ്രധാനമന്ത്രി സുപ്രീംകോടതിയിലെത്തി ചീഫ് ജസ്റ്റിസുമായി ചര്‍ച്ച നടത്തിയത്.
Post Your Comments