ഡല്‍ഹി: മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരി. കുടുംബത്തോടൊപ്പം ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു പട്ടിക്കാട് പാണഞ്ചേരി കീരന്‍കുളങ്ങര വാരിയത്ത് ശേഖര വാര്യരുടെയും പത്മിനി വാരസ്യാരുടെയും മകളും രുദ്രകുമാറിന്റെ ഭാര്യയുമായ ഡോ. തുളസി(57)യ്ക്കാണ് ട്രെയിന്‍ യാത്രയ്ക്കിടെ ദാരുണാന്ത്യം സംഭവിച്ചത്. 30 വര്‍ഷമായി പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനില്‍ തറവാട് വീടിനോട് ചേര്‍ന്ന് അലോപ്പതി ക്ലിനിക് നടത്തിവരികയാണ് ഡോ. തുളസി. വെറും 50 രൂപയാണ് ചികിത്സയ്ക്കായി രോഗികളില്‍ നിന്ന് ഈടാക്കിയിരുന്നത്. പണം കൈയിലില്ലെങ്കിലും ഒന്നും പറയാതെ, യാതൊരു വിഷമവുമില്ലാതെ ചികിത്സ ലഭ്യമാക്കും. എല്ലാ രോഗികളോടും പുഞ്ചിരി തുളുമ്പുന്ന പെരുമാറ്റമായിരുന്നു ഡോക്ടറുടേത്. അങ്ങനെ പാണഞ്ചേരിയുടെ ജനകീയ ഡോക്ടറായ അവര്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരിയായി. രോഗവുമായെത്തുന്ന മിക്കവരുടെയും പേരും പ്രാഥമിക വിവരങ്ങളും ഡോക്ടര്‍ക്ക് മന:പാഠമായിരുന്നു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപമായിരുന്നു അപകടം. റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാനായി ട്രെയിനിന്റെ വാതില്ക്കല് നില്‍ക്കുന്പോഴാണ് സംഭവം. മോഷ്ടാക്കള്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ തുളസി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ട്രെയിനില്‍ തുളസിക്കൊപ്പം ഭര്‍ത്താവ് രുദ്രകുമാറും മകളായ കാര്‍ത്തികയും ഭര്‍ത്താവ് പ്രശോഭും പ്രശോഭിന്റെ മാതാപിതാക്കളുമുണ്ടായിരുന്നു. ഇവരെല്ലാം സീറ്റില്‍ തന്നെ ഇരിക്കുകയായിരുന്നു. തുളസി വാതിലിനോട് ചേര്‍ന്നുള്ള സീറ്റിലായിരുന്നു ഇരുന്നത്. ബഹളം കേട്ട് ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നവരും എത്തിയപ്പോഴേയ്ക്കും മോഷ്ടാക്കള്‍ ബാഗുമായി കടന്നുകളഞ്ഞു. തുളസി മകള്‍ കാര്‍ത്തിക താമസിക്കുന്ന ദുര്‍ഗാവിലേക്ക് ഭര്‍ത്താവുമൊത്ത് പോയതാണ്.
Post Your Comments