കൊണ്ടോട്ടി: കുടുംബവുമൊത്ത് യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് ഇരുട്ടടി. ഗള്‍ഫ് രാഷ്ട്രങ്ങളിലേയ്ക്കുള്ള വിമാനനിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഗള്‍ഫിലേക്കുള്ള വിമാനനിരക്ക് കുത്തനെ ഉയര്‍ന്നു.
മാര്‍ച്ച് ആദ്യവാരം കരിപ്പൂരില്‍നിന്ന് സൗദിയിലേക്ക് 15,000- 16,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. ഇപ്പോള്‍ 28,000-31,000 രൂപയിലെത്തി. ഉയര്‍ന്ന നിരക്കിലും ടിക്കറ്റ് കിട്ടാന്‍ പ്രയാസം നേരിടുന്നുണ്ട്. ഉംറ തീര്‍ഥാടനവും കേരളത്തിലെ അവധിയുമെല്ലാമായി ധാരാളംപേര്‍ സൗദിയിലേക്ക് പോകുന്നുണ്ട്
സന്ദര്‍ശകവിസയില്‍ സൗദിയിലേക്ക് പോകുന്നവരും കുറവല്ല. ദുബായിലേക്ക് 6000-7000 രൂപ നിരക്കില്‍ കിട്ടിയിരുന്ന വിമാനടിക്കറ്റിന് ഇപ്പോള്‍ 16,000-17,000 രൂപയിലെത്തി.
റിയാദിലേക്ക് നേരത്തേ 11000-12000 രൂപയ്ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത് 24,000-26,000 നിരക്കിലേക്കാണ് ഉയര്‍ന്നത്. യാത്രക്കാര്‍ ഏറെയുള്ള ദോഹയിലേക്കും ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. കഴിഞ്ഞമാസം 7000-8000 രൂപയ്ക്ക് ദോഹയിലേക്ക് പറക്കാമായിരുന്നു. ഇപ്പോഴിത് 15,000-16,000 രൂപയിലെത്തിയിരിക്കുകയാണ്. മേയ് രണ്ടാംവാരം വരെ വിമാനക്കമ്പനികള്‍ ഉയര്‍ന്നനിരക്ക് ഈടാക്കും. പിന്നീട് ഗള്‍ഫില്‍നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടും.
പെരുന്നാള്‍ എത്തുന്നതോടെ നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടുന്നതിനാല്‍ വിമാനങ്ങളില്‍ തിരക്ക് കൂടും. ഇത് മുതലെടുത്താണ് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കൂട്ടുക. തിരക്കേറുന്ന സമയത്ത് വിമാനക്കമ്പനികള്‍ നിരക്കുയര്‍ത്തി യാത്രക്കാരെ പിഴിയുന്നത് പതിവാണ്. ഇതിനെതിരേ നടപടിയെടുക്കുമെന്ന വാഗ്ദാനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും നടപ്പാകാറില്ല.
Post Your Comments