അഗളി: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിപുതൂര്‍ പഞ്ചായത്തിലെ ഗലസി ഊരില്‍ വെള്ളിയുടെ മകന്‍ മുരുകന്‍ (27) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം നാട്ടുകാര്‍ അഞ്ചുകിലോമീറ്ററോളം മൃതദേഹം ചുമന്നാണ് ആശുപത്രിയിലെത്തിച്ചത്.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം പോകുമ്പോള്‍ പാന്തളക്കടവില്‍വെച്ചാണ് ഇവരെ ഒറ്റയാന്‍ ആക്രമിച്ചത്. തുടുക്കിയില്‍നിന്ന് താഴെ ഗലസിയിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. മുരുകന്റെ സുഹൃത്ത് കൃഷ്ണനെയാണ് ആന ആദ്യം ആക്രമിച്ചത്. എന്നാല്‍ ഇയാള്‍ ബാഗും മുണ്ടും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് ഇയാളുടെ തൊട്ടുപിന്നിലൂടെ നടന്നുവരികയായിരുന്ന മുരുകന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് മാതന് ഓടിരക്ഷപ്പെടുന്നതിനിടെ പരിക്കേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചതെങ്കിലും ഊരിലേയ്ക്ക് വാഹനസൗകര്യമില്ലാത്തതിനാല്‍ അഞ്ചുകിലോമീറ്ററോളം മൃതദേഹം ചുമന്നാണ് അഗളിയിലെ അശുപത്രിയിലെത്തിക്കാനായത്. തുണിയില്‍പ്പൊതിഞ്ഞ് മരക്കമ്പുകളില്‍ കെട്ടി നാലുപേര്‍ ചുമക്കുകയായിരുന്നു. കടുകുമണ്ണവരെ മൃതദേഹം ചുമന്നെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജീപ്പിലും തുടര്‍ന്ന് ആനവായില്‍ കാത്തുനിന്ന ആരോഗ്യവകുപ്പിന്റെ ആംബുലന്‍സിലുമാണ് മൃതദേഹം അഗളിയിലെത്തിച്ചത്.
പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞെങ്കിലും മൃതദേഹം ശനിയാഴ്ചമാത്രമെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഇരുട്ടിയാല്‍ ഗതാഗതസൗകര്യമില്ലാത്ത കാട്ടുപാതയിലൂടെ കൊണ്ടുപോകന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഇത്. ഏറെക്കാലമായി കാട്ടിലൂടെയുള്ള ഒറ്റയടി നടപ്പാതമാത്രമാണ് ഊരുവാസികള്‍ക്ക് ആശ്രയം.
Post Your Comments