ക്വിറ്റോ: ഇക്വഡോര്‍ മുന്‍ വിദേശമന്ത്രി റിക്കാര്‍ഡോ പാറ്റിനോയെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് അപേക്ഷിക്കുമെന്ന് ഇക്വഡോര്‍ അറ്റോര്‍ണി ജനറല്‍ കാര്യാലയം ഭീഷണിയുയര്‍ത്തി. വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയ്ക്ക് നല്‍കിയിരുന്ന അഭയം പിന്‍വലിച്ചതില്‍ ലെനിന്‍ മൊറെനോ സര്‍ക്കാരിനെതിരെ പാറ്റിനോ കടുത്ത വിമര്‍ശം ഉന്നയിച്ചിരുന്നു. അദ്ദേഹം രാജ്യവിട്ടതിനെത്തുടര്‍ന്നാണ് ഇന്റര്‍പോളിനോട് നോട്ടീസ് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചത്.
രാജ്യത്തിനെതിരെ ദുഷ്പ്രചാരണം നടത്തുന്നതിന് പാറ്റിനോയെ കരുതല്‍ തടങ്കലില്‍ വയ്ക്കണമെന്ന് അറ്റോര്‍ണി ജനറലിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. പ്രസിഡന്റ് ലെനിന്‍ മൊറെനോയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് റിക്കാര്‍ഡോ പാറ്റിനോ. അസാന്‍ജെയ്ക്ക് ഇക്വഡോര്‍ എംബസിയില്‍ നല്‍കിയിരുന്ന അഭയം പിന്‍വലിച്ച് ബ്രിട്ടീഷ് പൊലീസിന് വിട്ടുകൊടുത്തതിനെ പാറ്റിനോ ശക്തമായ ഭാഷയില്‍ എതിര്‍ത്തിരുന്നു. മൊറെനോക്കെതിരായ അഴിമതിയാരോപണത്തിലും പാറ്റിനോ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണ്. മുന്‍ പ്രസിഡന്റ് റഫേല്‍ കൊറിയെയും ഇന്റര്‍പോള്‍ റെഡ് നോട്ടീസ് ഇറക്കുമെന്ന് ഭീഷണിപ്പെടുത്തി സര്‍ക്കാര്‍ പീഡിപ്പിച്ചിരുന്നു. എന്നാല്‍, കൊറിയയെ അറസ്റ്റ് ചെയ്യാനുള്ള സര്‍ക്കാരിന്റെ അപേക്ഷ മനുഷ്യാവകാശ നിഷേധമായി കണ്ട് ഇന്റര്‍പോള്‍ തള്ളുകയായിരുന്നു.
Post Your Comments