തിരുവനന്തപുരം: അവിഭക്ത കമ്യൂണിസ്റ്റുകാരനായ 92 കാരന്‍ പിതാവിനെ മൂവര്‍ണ്ണ ഷാള്‍ അണിയിച്ച് അതിന്റെ ഫോട്ടോ പ്രചരിപ്പിച്ച് കോണ്‍ഗ്രസ് തറവേല കാണിക്കുന്നു എന്ന് മകൻ. ആദ്യ കാല കമ്യുണിസ്റ്റ് നേതാവിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കടുത്ത വിമര്ശനമുള്ളതു. തന്റെ ‘അമ്മയുടെ വേര്‍പാടോടെ ഓര്‍മ്മപ്പിശക് സംഭവിച്ച പിതാവിനെ ഷാള്‍ അണിയിച്ച് കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുകയാണെന്നും പിതാവ് കമ്യൂണിസ്റ്റ് നേതാക്കളുടെ സന്തതസഹചാരിയും സ്‌നേഹിതനും ആണെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തി.
കാട്ടായിക്കോണം ശ്രീധറിന്റെ ഉറ്റസുഹൃത്തും സന്തതസഹചാരിയുമായിരുന്ന പിതാവ് ആറ്റിങ്ങല്‍ എംപി സമ്പത്തിന്റെ പിതാവ് സഖാവ് അനിരുദ്ധനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാളുമാണെന്ന് മകന്‍ റോയ് നെറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അങ്ങിനെയുള്ളയാളെ കഴുത്തില്‍ മൂവര്‍ണ ഷാള്‍ അണിയിച്ച് നടത്തുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കോണ്‍ഗ്രസുകാര്‍ അവരുടെ തനിനിറവും പക്കാ കുത്തിത്തിരിപ്പും കാട്ടിയെന്നും പറയുന്നു.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,
അമ്മ ഈയിടെ മരിച്ചു. അതിന്റെ ഹൃദയവേദന ഇപ്പോഴും ബാക്കിയാണ്. ഇപ്പോൾ അച്ഛൻ മാത്രമേ ബാക്കിയുള്ളു. 92 വയസ്സ് പ്രായമായ എന്റെ പിതാവിനെ വച്ച് വില കുറഞ്ഞ തറ നാടകം കളിയ്ക്കുകയാണ് നാട്ടിലെ കോൺഗ്രസ് ! അവിഭക്ത കമ്മ്യൂണിസ്റ്റ് കാലത്തെ പാർട്ടി മെമ്പറായിരുന്നു അച്ഛൻ! അടിയന്തിരാവസ്ഥ കാലത്ത് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി നടന്ന വീടാണ് എന്റേത്! കാട്ടായിക്കോണം ശ്രീധറിന്റെ ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായിരുന്നു അച്ഛൻ. അച്ഛന് സമ്പത്തിന്റെ പിതാവ് സഃ അനിരുദ്ധനുമായും
അടുത്ത ബന്ധമാണുണ്ടായിരുന്നത്!
സ: എ.സമ്പത്തിന്റെ പര്യടന പരിപാടിയിൽ അദ്ദേഹത്തിന്റെ പിതാവ് സ.അനിരുദ്ധന്റെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ ഗേറ്റിനു മുകളിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് അച്ഛൻ സ: സമ്പത്തിനെ എതിരേറ്റത്! തന്റെ അച്ഛനും അമ്മയുമൊന്നും ജീവിച്ചിരിപ്പില്ലെങ്കിലും അവരുടെെയാക്കെ ഹൃദയത്തുടിപ്പായ നെറ്റോ സഖാവ് എന്നെ കാത്തു നിൽക്കുമ്പോൾ അതിനേക്കാൾ വലിയ നിർവൃതി എന്തുണ്ടെന്നാണ് സ. സമ്പത്ത് കഴിഞ്ഞയാഴ്ച ഇലക്ഷൻ പ്രചാരണത്തിനു വന്നപ്പോൾ ചോദിച്ചത്! അച്ഛന് ഈയിടെയായി നല്ല ഓർമ പിശകുണ്ട്. ഭാര്യയുടെ വേർപാടിൽ നില തെറ്റിയ അവസ്ഥയിലുമാണ്. എങ്കിലും ഇങ്ങിനെ ദ്രോഹിയ്ക്കരുതായിരുന്നു. ഇങ്ങിനെ അച്ഛനെ മൂവർണ ഷാൾ അണിയിച്ച് ഫോട്ടോ പ്രചരിപ്പിച്ച് മുതലെടുക്കരുതായിരുന്നു. കോൺഗ്രസുകാർ അവരുടെ തനിനിറം കാണിച്ചു. ഇത് പക്കാ കുത്തിത്തിരിപ്പാണ്.
നിങ്ങൾ രാഷ്ട്രീയം പറയുക, അതു പറ്റില്ലെന്നറിയാം. പക്ഷെ ഈ തറ നാടകങ്ങൾ വേണ്ട
പ്രായമായ എന്റെ അച്ഛനെ തട്ടിയെടുത്ത് കഴുത്തിൽ ആ മൂവർണ ഷാൾ അണിയിച്ച് ഇപ്പോൾ നിങ്ങൾ നടത്തുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്ന ഈ വില കുറഞ്ഞ നാടകം വെറുമൊരു തറനാടകം മാത്രമാണ്. നാട്ടുകാർ ഇതെല്ലാം കാണുന്നുണ്ട്. എന്തായാലും ഞങ്ങൾ ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കാനൊന്നും പോകുന്നില്ല. അല്ലാതെ തന്നെ നാട്ടിലെ കള്ള കോൺഗ്രസ് നന്നാവുമോയെന്ന് നോക്കട്ടെ! എന്നാലും ഇത്രയ്ക്ക് വേണമായിരുന്നോ മക്കളേ..? പരാജയ ഭീതിയിൽനിന്നും ഉടലെടുക്കൂന്ന ഇത്തരം കപടനാടകങ്ങളോട് പുച്ഛം മാത്രം!
Post Your Comments