കരിവീരന്‍മാരും കരിമരുന്നുമില്ലാത്ത ഒരു ഉത്സവത്തെപറ്റി നമ്മള്‍ മലയാളികള്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. എന്നാല്‍ എഴുന്നള്ളത്തിനായി കൊണ്ടു വരുന്ന ആനകള്‍ ഇടഞ്ഞ് ഉണ്ടാകുന്ന അപകടങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി കൂടുകയും ചെയ്യുന്നു. ഉത്സവങ്ങള്‍ക്കും വേലകള്‍ക്കും ആന എഴുന്നള്ളിപ്പും ഒപ്പം അപകടങ്ങളും പതിവാകുമ്പോള്‍ ഇനിയെങ്കിലും നാം മാറി ചിന്തിക്കണമെന്ന് ഓര്‍മിപ്പിക്കുന്ന റെജീന നൂര്‍ജഹാന്റെ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
കനത്ത വേനലില്‍ പാലക്കാട് വിഷുവേല പ്രമാണിച്ച് ആന എഴുന്നള്ളിപ്പ് നടത്തുന്നതിനെ വിമര്‍ശിച്ചാണ് കുറിപ്പ്. പാലക്കാട് നിന്ന് കണ്ണൂരിലേക്കുള്ള റോഡ് യാത്രക്കിടെ കണ്ട കാഴ്ചകളുടെ പശ്ചാത്തലത്തിലാണ് റെജീനയുടെ കുറിപ്പ്. ആന ഇടഞ്ഞുണ്ടായ അപകടങ്ങളുടെ പത്രവാര്‍ത്ത സഹിതമാണ് പോസ്റ്റ്.ജീവന്‍ കയ്യില്‍ പിടിച്ചകളിയാണിതെന്നും ഉത്സവ ലഹരിയും ആഘോഷത്തിമര്‍പ്പുമെല്ലാം അവസാനിക്കാന്‍ നിമിഷങ്ങള്‍ മതിയെന്നും ഇതൊന്നും ചിന്തിക്കാത്ത നാം എന്തൊരു ജനതയാണെന്നുമാണ് റെജീന ചോദിക്കുന്നത്.
റെജീനയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
തീവെയിലിന്റെ ദേശമാണ് പാലക്കാട്. ഒപ്പം വിഷുവേലയുടെയും നാട്. ആനപ്രേമം എന്ന സെറിമോണിയല്‍ പുളകം കൊള്ളലിന്റെ കൂടിയാണ് ഈ ദേശമെന്നും പറയേണ്ടതുണ്ട്. ഈ മൂന്ന് ഘടകങ്ങളും എങ്ങനെ ഒന്നിച്ചു മുന്നോട്ട് പോവും? കൊടുവെയിലത്തെ വിഷുവേലയ്ക്ക്, ആന എഴുന്നള്ളിപ്പ് സ്വപ്നം കാണുന്നൊരാള്‍ എന്തൊക്കെയാവും സത്യത്തില്‍ പ്രതീക്ഷിക്കുക? ഇന്നലെ വൈകിട്ട് പാലക്കാട് നിന്ന് കണ്ണൂരിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ ഓര്‍ത്തത് മുഴുവന്‍ ഇക്കാര്യം ആയിരുന്നു.
വാഹനം പോയിക്കൊണ്ടിരുന്നത് നല്ല തിരക്കുള്ള, താരതമ്യേന ഇടുങ്ങിയ വഴിയിലായിരുന്നു. നിറയെ വാഹനങ്ങള്‍. ആളൊഴുക്ക്. റോഡിന്റെ ഒരു വശത്ത് കൂടെ മൂന്നാലു ആനകള്‍. ഒപ്പം കൊട്ടും ബഹളവും പാട്ടും എഴുന്നള്ളിപ്പും. വിഷുവേലയാണ്. സമീപത്തെ മിക്ക ക്ഷേത്രങ്ങളിലും അതിന്റെ ഭാഗമായ ആന എഴുന്നള്ളിപ്പ് നടക്കുന്നു. ഞാന്‍ യാത്ര ചെയ്യുന്ന റൂട്ടില്‍ തന്നെ ചുങ്കമന്ദം, കണ്ണനൂര്‍, കുഴല്‍മന്ദം എന്നിവിടങ്ങളിലെല്ലാം വേല എഴുന്നള്ളിപ്പ് നടക്കുകയാണ്.
ഈ തീച്ചൂടില്‍, ഈ ബഹളത്തില്‍ ഈ വണ്ടികള്‍ക്കിടയിലൂടെ നെറ്റിപ്പട്ടവും ചൂടി പോവുന്നത്, ഏറ്റവും അപകടകാരിയാവാന്‍ നിമിഷങ്ങള്‍ മാത്രം വേണ്ട, ഏറ്റവും സെന്‍സിറ്റീവായ പടുകൂറ്റന്‍ ശരീരമുള്ള കാട്ടുമൃഗങ്ങളാണ്. നിരന്തര വേദനകള്‍ ഏല്‍പ്പിച്ചുള്ള കഠിന പരിശീലനങ്ങളിലൂടെയാണ്, വാരിക്കുഴികളില്‍ അബദ്ധത്തില്‍ വീണ ആനകളെ മെരുക്കി എഴുന്നള്ളിപ്പിനുള്ള ഉരുപ്പടി ആക്കിമാറ്റുന്നത്. അവയാണ് ഞാനടക്കം സഞ്ചരിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ, പൊള്ളിപ്പിടഞ്ഞും തോട്ടി കൊണ്ട് നിയന്ത്രിക്കപ്പെട്ടും നടന്നു പോവുന്നത്. പാലക്കാടന്‍ പകലിന് ഇപ്പോള്‍ എല്ലാം ഉണക്കിക്കരിക്കാന്‍ വെമ്പുന്ന വെയില്‍മുനയുടെ മൂര്‍ച്ചയാണെന്ന് കൂടി ഓര്‍ക്കണം.
നട്ടുച്ചയ്ക്ക് ആന എഴുന്നള്ളിപ്പിന് സര്‍ക്കാര്‍ വിലക്ക് പ്രഖ്യാപിച്ചത് ഇത്തരം ഘടകങ്ങള്‍ കൂടി കണക്കിലെടുത്താണ്.എന്നിട്ടാണ് ഈ റോഡില്‍ ആ ആനകള്‍…ഒരൊറ്റ നിമിഷം മതിയാവും അവസ്ഥ മാറാന്‍ എന്നോര്‍ത്തു. ഒരൊറ്റ ആന ഇടഞ്ഞാല്‍, ആനയ്ക്ക് ഹിതകരമല്ലാത്ത എന്തേലും സംഭവിച്ചാല്‍ കഥ മാറും. ഒറ്റ ചവിട്ട് മതി, ഒറ്റ തുമ്പിക്കൈ വീശല്‍ മതി, ഒറ്റ അലര്‍ച്ച പോലും മതി, തിരക്കിട്ട റോഡിലെ ഈ ആനന്ദങ്ങളെ ചോരയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍. എന്റേതടക്കമുള്ള വാഹനങ്ങള്‍ ഇടിഞ്ഞു പൊളിയാന്‍. ഞാന്‍ അടക്കമുള്ള യാത്രക്കാരെ മരണ മുനയില്‍ കോര്‍ക്കാന്‍.
എന്നിട്ടും എത്ര നിസ്സംഗതയോടെയാണ് ആളുകള്‍ സഞ്ചരിക്കുന്നത്? വണ്ടികള്‍ ഹോണ്‍ മുഴക്കി അരികിലൂടെ ഇഴയുന്നത്? നിയമപാലകര്‍ നടുക്ക് നിന്ന് കൂളായി വിസിലൂതുന്നത്? കാളപ്പോര് നടക്കുന്ന കളത്തിലൂടെ, ചുവന്ന കുപ്പായമിട്ട് അലസമായി, സ്വപ്നത്തിലെന്നോണം നടന്നു പോവുന്ന ഒരാളെ നമ്മള്‍ വിഡ്ഡി എന്നു വിളിക്കും. എന്നാല്‍, സമാനമായ സാഹചര്യത്തിലൂടെ ഇതൊക്കെ എന്ത് എന്ന മട്ടില്‍ സഞ്ചരിക്കുന്ന നമ്മളെ നമ്മള്‍ അങ്ങനെ വിളിക്കുകയേ ഇല്ല. നമ്മള്‍ നമ്മളെ ആനപ്രേമി എന്നോ ഉല്‍സവക്കമ്പക്കാര്‍ എന്നൊ ഒക്കെ അഭിനന്ദന സൂചകമായി സ്വയം വിളിക്കുമെങ്കിലും ഒരിക്കലും മണ്ടന്മാരായി തിരിച്ചറിയുകയേ ഇല്ല.
സംശയമുള്ളവര്‍ ഇന്നത്തെ പത്രത്തില്‍, പ്രാദേശിക കോളത്തില്‍ വന്ന ഈ വാര്‍ത്ത ഒന്ന് വായിച്ചു നോക്കൂ. ഞാന്‍ സഞ്ചരിച്ച വഴിയുടെ മറ്റേ അറ്റത്താണ് ആ ഫോട്ടോയില്‍ കാണുന്ന വാഹനങ്ങള്‍ തകര്‍ക്കപ്പെട്ട് കിടക്കുന്നത്. അത് തകര്‍ത്ത ആനകള്‍ എന്റെ അരികിലൂടെ വെയില്‍നിലത്തൂടെ കാല്‍ വെന്ത് നടന്നു പോയ ആനകളോ അത് പോലുള്ളവയോ ആണ്. ഇത്തരമൊരു മരണക്കളിയുടെ മുനമ്പിലൂടെ തന്നെയാണ് ഞാനടക്കം ഒരു പാട് പേര്‍ ആനപ്രണയത്തോടെയോ അല്ലാതെയോ ജീവന്‍ കയ്യില്‍ പിടിച്ച് കൂളായി പാട്ടും പാടി നടന്നു പോയത്. നാം എന്തൊരു ജനതയാണ്!
ശരിയാണ്: ഉല്‍സവ സീസണുകളില്‍ ലക്ഷങ്ങളുടെ കച്ചവടം നടക്കുന്ന ഒന്നാണ് ആന ബിസിനസ്. അതിന്റെ തിരതള്ളലാണ് ഉല്‍സവ സീസണുകളില്‍ ആനകളെ സൂപ്പര്‍ താരങ്ങളാക്കി സ്ഥാപിക്കപ്പെടുന്ന കഥകളും മാധ്യമ വാര്‍ത്തകളും ഫ്‌ലക്‌സ് ബോര്‍ഡുകളും. ആ കച്ചവടം കത്തിച്ചു വിടുന്ന പടക്കങ്ങളാണ് നമ്മുടെ വിശ്വാസങ്ങളെയും ഭക്തിയെയും ആന എഴുന്നള്ളിപ്പിലേക്ക് ഇത്ര മൂര്‍ച്ചയോടെ വലിച്ചടുപ്പിക്കുന്നത്. ഉല്‍സവം നല്ല രസമുള്ള, സന്തോഷം തരുന്ന അനുഭവവും നമുക്ക് പിന്നെ നൊസ്റ്റാല്‍ജിയപ്പെടാനുള്ള വമ്പന്‍ അവസരവുമാണ്. എന്നാലും മനുഷ്യരേ, മരിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ?
https://www.facebook.com/regina.mk.75/posts/1540086372788538
Post Your Comments