ആലുവ : തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസുകാരന്റെ ശസ്ത്രക്രിയ പൂർത്തിയായി. കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.കുഞ്ഞിന്റെ തലച്ചോറിനുള്ളിലെ രക്തസ്രാവം ഇതുവരെ നിലച്ചിട്ടില്ല. മരുന്നുകളോടും കുട്ടിയുടെ ശരീരം പ്രതികരിക്കുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കുട്ടി വെന്റിലേറ്ററിൽ തുടരുകയാണ്.
എറണാകുളത്ത് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെയാണ് തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ഇന്നലെ വൈകീട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു.
തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ പിതാവിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മാതാപിതാക്കളുടെ മൊഴിയും കുട്ടിയുടെ മുറിവും ഒരുതരത്തിലും യോജിച്ചുപോകുന്നില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിട്ടുണ്ട്.
Post Your Comments