കണ്ണൂർ : ജന്മനാൽ കേൾവി ശക്തിയില്ലാത്ത ആറ് വയസുകാരന്‍ യാദവിന്റെ ആഗ്രഹം അമ്മയുടെ ശബ്ദം കേൾക്കാനാണ്. അതിന് അവനൊരു ശ്രവണസഹായി വേണം. കണ്ണൂര്‍ ശ്രീകണ്ഠാപുരം ചട്ടുകപാറ സ്വദേശികളായ മാണിക്കോത്ത് സുമേഷിന്‍റേയും അഖിലയുടേയും ആറ് വയസുള്ള മകന്‍ യാദവ് കൃഷ്ണയാണ് ശ്രവണ സഹായി ഇല്ലാതെ ബുദ്ധിമുട്ടുന്നത്.
രണ്ട് വർഷത്തിന് മുമ്പ് സര്‍ക്കാര്‍ നടപ്പാക്കുന്ന ശ്രുതിതരംഗം പദ്ധതിയിലൂടെ കേള്‍വി ശക്തിയില്ലാത്ത യാദവ് കൃഷ്ണയ്ക്ക് ശ്രവണസഹായി ലഭിച്ചിരുന്നു. ഇതോടെ സാധാരണകുട്ടികളെപ്പോലെ എല്ലാ ശബ്ദങ്ങളും തിരിച്ചറിഞ്ഞു ജീവിക്കുകയായിരുന്നു യാദവ്. കോക്ലിയര്‍ ഇംപ്ലാന്‍റ് സര്‍ജറിയിലൂടെ ഘടിപ്പിച്ച ഈ ശ്രവണ സഹായി അവന്റെ ജീവിതത്തിന് ഒരു അർത്ഥം തന്നെയുണ്ടാക്കിയെടുത്തു.
എന്നാൽ ആ സന്തോഷം അധികം നീണ്ടില്ല. കണ്ണൂരില്‍ നിന്നും ചില കുടുംബസുഹൃത്തുകള്‍ക്കൊപ്പം വിഷു ദിനത്തിൽ വിനോദയാത്രയ്ക്ക് കോവളത്തെത്തിയ യാദവിന്റെ ശ്രവണ സഹായി അവിടെവെച്ച് നഷ്ടമായി.അപ്പോള്‍ തന്നെ സംഘാംഗങ്ങളെല്ലാവരും ചേര്‍ന്ന് അവിടെ തിരച്ചില്‍ ആരംഭിച്ചു. സ്ഥലത്തുണ്ടായിരുന്ന ടൂറിസം ഗാര്‍ഡുകളേയും കോവളം പൊലീസിനേയും വിവരമറിയിച്ചു. മൈക്ക് വഴി കോവളം ബീച്ചിലെത്തിയ മറ്റു വിനോദസഞ്ചാരികളേയും ഇക്കാര്യം അറിയിച്ചു. എല്ലാവരും മണിക്കൂറുകളോളം തപ്പിയെങ്കിലും ഫലമുണ്ടായില്ല.
കോക്ലിയര്‍ ഇംപ്ലാന്‍റ് ചെയ്ത് ഘടിപ്പിച്ച ഈ ശ്രവണസഹായിക്ക് അഞ്ച്-ആറ് ലക്ഷം രൂപ വരെ വിപണയില്‍ വിലയുണ്ട്. ബാര്‍ബര്‍ തൊഴിലാളിയായ സുമേഷിനെ കൊണ്ട് ഒറ്റയ്ക്ക് താങ്ങാവുന്നതല്ല ഈ ചെലവ്. ശ്രവണസഹായി നഷ്ടപ്പെട്ടത് മുതല്‍ ആകെ വിഷമത്തിലാണ് ആറ് വയസുകാരനായ യാദവ് കൃഷ്ണ. അമ്മയോടും അച്ഛനോടുമല്ലാതെ ആരോടും തന്നെ കുട്ടിക്ക് ആശയവിനിമയം നടത്താനാവുന്നില്ല.ഇപ്പോൾ ശബ്ദം കേൾക്കാൻ മറ്റുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം.
Post Your Comments