ചെന്നൈ: ടിടിവി ദിനകരന്റെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവിന്റെ കൈയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത 1.48 കോടി രൂപ ആദായ നികുതി വകുപ്പ് പിടികൂടി. തമിഴ്‌നാടിലെ ആണ്ടിപ്പട്ടിയിലെ കടയില്‍ പുലര്‍ച്ചെ 5.30ഓടെ നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. 92 കവറുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം പണം വിതരണം ചെയ്യേണ്ട വാര്‍ഡുകളുടെ നമ്പറും ഓരോ വോട്ടര്‍മാരുടെ പേരും അഡ്രസും രേഖപ്പെടുത്തിയ കവറുകളും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. ഓരോ വോട്ടര്‍ക്കും 300 രൂപ വീതം നല്‍കാനായിരുന്നു പദ്ധതിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റെയ്ഡിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ദല്‍ഹിയിലെ ആദായ നികുതി വകുപ്പിനും നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.എന്നാല്‍ പരിശോധനക്കെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ എഎംഎംകെ പ്രവര്‍ത്തകര്‍ തടയുകയും തുടര്‍ന്ന് പോലീസ് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.ഫ്‌ളയിംഗ് സ്‌ക്വാഡിന്റെ സഹായത്തോടെയാണ് പരിശോധന പൂര്‍ത്തിയായത്. 4 എഎംഎംകെ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡിഎംകെ നേതാവിന്റെ കൈയില്‍ നിന്നും 11.53 കോടി രൂപ പിടിച്ചെടുത്തതിനെ തുടര്‍ന്ന് വെല്ലൂര്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കിയിരുന്നു. ഇതാദ്യമായല്ല തമിഴ്‌നാടില്‍ തെരഞ്ഞെടുപ്പ് റദ്ദാക്കുന്നത്. 2016ലും 2017ലും വോട്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുത്തതിനെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.
Post Your Comments