ഏറ്റുമാനൂര്‍: വീടിനുള്ളില്‍ മരിച്ച നിലയില്‍ വയോധികനെ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവത്തില്‍ വയോധികന്റെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്‍ അറസ്‌റ്റില്‍. പേരൂര്‍ ശങ്കരമല കോളനിയില്‍ മണി (70)യുടെ മരണമാണു കൊലപാതകമെന്നു കണ്ടെത്തിയത്. മണിയുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകന്‍ മനു(34) ആണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് മണിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവിവരം വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്‌ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയി ല്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും അന്നു തന്നെ സംസ്‌കാരം നടത്തുകയും ചെയ്‌തു. പോസ്‌റ്റ്‌മോര്‍ട്ടത്തില്‍ മണിയുടെ വാരിയെല്ലിന് ഗുരുതര പരുക്കേറ്റതായി കണ്ടെത്തിയതാണ് സ്വാഭാവികമരണമെന്നു കരുതിയ സംഭവത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. തുടര്‍ന്ന് പോലീസിന്റെ അനേ്വഷണം മനുവിലേക്ക് എത്തി. സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെ സ്‌ഥലത്തെത്തിയ പോലീസ് മനുവിനെ കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു.
മനുവിന്റെ തൊഴിയേറ്റാണു മണി മരിച്ചതെന്നാണു പോലീസ് പറയുന്നത്. മോഷണക്കേസുള്‍പ്പെടെ വിവിധ സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മണി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത് പതിവായിരുന്നു. മനുവിന്റെ അമ്മ മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ചു. പിന്നീട് മനുവിന്റെ ഭാര്യയെ മണി ശല്യപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മനുവും മണിയും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പതിവായിരുന്നു.
Post Your Comments