ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അംഗീകരിച്ചു കൊണ്ടുള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്ക്കു പിന്നില്‍ കോൺഗ്രസ്സിന്റെ കളിയാണെന്ന് പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്‍. മോദിയെ പുറത്താക്കാനായി ചില പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ പാക്കിസ്ഥാനില്‍ പോയി സഹായം തേടിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു.നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പു വേളയില്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസിനെതിരെ സമാനമായ ആരോപണം ഉന്നയിച്ചത് വിവാദമായിരുന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി പാക്കിസ്ഥാന്‍ ഇടപെട്ടുവെന്ന് പ്രധാനമന്ത്രി മോദി ആരോപിച്ചിരുന്നു.
പാക് പ്രതിനിധികളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാൽ ഇതിനു ശേഷം കോൺഗ്രസ് എംഎൽഎ നവജ്യോത് സിംഗ് സിദ്ധു പാകിസ്ഥാനിൽ പോയത് വിവാദമായിരുന്നു. കൂടാതെ അഭിനന്ദൻ വിഷയത്തിൽ സിദ്ധു ഇടപെട്ടത് കൊണ്ടാണ് ഇമ്രാൻ ഖാൻ അഭിനന്ദനെ മോചിപ്പിച്ചതെന്നാണ് കോൺഗ്രസ് അവകാശപ്പെട്ടത്. എന്തുകൊണ്ടാണ് ഇമ്രാൻ ഖാൻ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് തനിക്ക് അറിയില്ലെന്നും കോണ്‍ഗ്രസിന്റെ പല പ്രമുഖ നേതാക്കളും മോദിയെ പുറത്താക്കാന്‍ പാകിസ്ഥാനില്‍ പോയി സഹായം തേടിയിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.
മോദിയെ പുറത്താക്കാന്‍ ഞങ്ങളെ സഹായിക്കൂവെന്ന് പറയാനാണ് അവര്‍ പോയത്. കോണ്‍ഗ്രസ് ചെയ്യുന്ന ചില പദ്ധതികളുടെ ഭാഗമാണോയിതെന്ന് ഞാന്‍ സംശയിക്കുന്നു. ഇത് വ്യക്തിപരമായി എനിക്കു തോന്നുന്നതാണ്, പാര്‍ട്ടിയുടെ അഭിപ്രായമല്ല. എന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
Post Your Comments