Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKerala

എന്റെ ഏട്ടന്മാര്‍ വയലില്‍ പണിക്കു പോകാതെയാണ് വരമ്പത്ത് കൂലി കിട്ടിയത്; മുഖം പോലും ബാക്കി വയ്ക്കാതെ അരുംകൊല ചെയ്തു; കൃപേഷിന്റെ സഹോദരി മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്ത്

കാസര്‍ഗോഡ്: കാസര്‍ഗോഡ് കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽനിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. കൊലപാതകം നടന്ന് നാളേറെയായിട്ടും മരിച്ച കൃപേഷിന്റേയും ശരത്തിന്റെയും കുടുംബം ഇപ്പോഴും വേട്ടയാടപ്പെടുകയാണ്.

മരിച്ചു കഴിഞ്ഞിട്ടും സഹോദരങ്ങളെ ഗുണ്ടകളും ദുര്‍നടപ്പുകാരുമായി ചിത്രീകരിക്കുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്ത് എഴുതിയിരിക്കുകയാണ് കൃപേഷിന്റെ സഹോദരി കൃഷ്ണപ്രിയ. വേദനതിന്ന് ജീവിക്കുന്ന അമ്മമാരെ ഓര്‍ത്തെങ്കിലും ഏട്ടന്മാരുടെ ആത്മാവിനെ വേട്ടയാടരുത്. മകളെ പോലെ കരുതി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് വിശ്വസിക്കുന്നതായും കൃഷ്ണപ്രിയ പറയുന്നു.

കൃഷ്ണപ്രിയയുടെ തുറന്ന കത്ത് വായിക്കാം

ഞാന്‍ കൃഷ്ണപ്രിയ. കൃപേഷിന്റെ അനുജത്തിയാണ്. ഏട്ടന്‍ പോയ ശേഷം അങ്ങയ്ക്ക് എഴുതണമെന്നു നാളുകളായി വിചാരിക്കുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണ ശേഷവും അവരെ ദുര്‍നടനടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തയും വല്ലാതെ വേദനിപ്പിക്കുന്നു. എന്റെ അറിവില്‍ ഏട്ടന്‍ ആരെയെങ്കിലും ഉപദ്രവിച്ചതായി കേട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും ചെയ്തതിന്റെ പേരില്‍ ഒരു പരാതിയും മരണം വരെ ഉണ്ടായിരുന്നില്ല. എന്നിട്ടും മുഖം പോലും ബാക്കി വയ്ക്കാതെ എന്റെ കൂടപ്പിറപ്പിനെ അരുംകൊല ചെയ്തു.

അച്ഛനും അമ്മയും ചേച്ചിയും ഏട്ടനും അടങ്ങിയതായിരുന്നു എന്റെ കുടുംബം. വീടും കിടപ്പാടവും ഇല്ലാതെ പട്ടിണിയും ദുരിതവും നിറഞ്ഞതായിരുന്നു ഞങ്ങളുടെ ജീവിതം. കൂലി വേല ചെയ്തു കിട്ടുന്ന അച്ഛന്റെ വരുമാനം മാത്രമായിരുന്നു ആശ്രയം. എന്നാലും പരിഭവവും പരാതിയും ഇല്ലാതെ ഓല മേഞ്ഞ ഒറ്റ മുറിക്കൂരയില്‍ ഞങ്ങള്‍ സന്തോഷത്തോടെ ജീവിച്ചു. എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഏട്ടന്‍ പഠിച്ച്‌ വലിയ ആളാകുമെന്ന്. ഇന്നല്ലെങ്കില്‍ നാളെ സങ്കടങ്ങളില്‍ നിന്നു കരകയറുമെന്ന്. പെരിയ പോളി ടെക്‌നിക്കില്‍ ചേര്‍ന്നപ്പോള്‍ അവനും ഞങ്ങളും വല്ലാതെ സന്തോഷിച്ചു. അവന്‍ എന്‍ജിനീയര്‍ ആകുമെന്നും അല്ലലെല്ലാം മാറുമെന്നും ഞങ്ങള്‍ സ്വപ്‌നം കണ്ടു. പക്ഷേ, വിധി അനുവദിച്ചില്ല. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അവനെ നിരന്തരം ഉപദ്രവിച്ചു. ഭീഷണിയും അക്രമവും സഹിക്കാന്‍ വയ്യാതെ ഏട്ടന്‍ പഠനം പാതിവഴിയില്‍ നിര്‍ത്തി. പിന്നെ അച്ഛനെ പണിയില്‍ സഹായിക്കാന്‍ തുടങ്ങി.

എന്റെ അച്ഛന്‍ അങ്ങയുടെ പാര്‍ട്ടിക്കാരനായിരുന്നു സര്‍. അങ്ങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം കൈനിറയെ മധുരവുമായിട്ടാണ് അച്ഛന്‍ വീട്ടിലേക്ക് വന്നത്. ജീവിതത്തില്‍ അച്ഛന്‍ ചെയ്ത വോട്ടെല്ലാം അരിവാള്‍ ചുറ്റിക നക്ഷത്രത്തിനായിരുന്നു. കല്ല്യോട്ട് കോണ്‍ഗ്രസുകാരുടെ നടുവിലാണ് 18 വര്‍ഷം അച്ഛന്‍ ജീവിച്ചത്. നാട്ടിലെ കോണ്‍ഗ്രസുകാര്‍ക്കെല്ലാം അച്ഛന്‍ കമ്മ്യൂണിസ്റ്റുകാരനാണെന്ന് അറിയാമായിരുന്നു. അവരാരും പാര്‍ട്ടി മാറണമെന്ന് അച്ഛനോട് പറഞ്ഞിട്ടില്ല. വോട്ട് ചെയ്യുന്നതു തടഞ്ഞിട്ടില്ല.

ഏട്ടന്‍ പോയ ശേഷം അങ്ങ് ഈ വഴി പോയ ദിവസം അച്ഛന്‍ വലിയ പ്രതീക്ഷയിലായിരുന്നു. ആശ്വസിപ്പിക്കാന്‍ അങ്ങു വീട്ടിലേക്ക് വരുമെന്ന്. തിരക്കു കാരണമായിരിക്കും വരാത്തതെന്ന് പറഞ്ഞ് അന്നും അച്ഛന്‍ കരഞ്ഞു തളര്‍ന്ന് ഉറങ്ങുകയായിരുന്നു. ഏട്ടന്റെ കൂട്ടുകാരനായിരുന്ന ശരത്തേട്ടന്‍ ഏട്ടനെ പോലെ തന്നെയായിരുന്നു എനിക്ക്. എനിക്കു മാത്രമല്ല കുട്ടികള്‍ക്കെല്ലാം. ഇനി ഈ ജന്മം മുഴുവന്‍ കണ്ണീരു കുടിച്ച്‌ ജീവിക്കാനാണ് ഞങ്ങളുടെ വിധി. ഞങ്ങള്‍ക്ക് നഷ്ടമായത് തിരിച്ചു തരാന്‍ ദൈവത്തിനു പോലും സാധിക്കില്ലെന്നറിയാം. എന്നാലും ഇനിയും ഒരമ്മയുടെയും കണ്ണുനീര്‍ ഈ മണ്ണില്‍ വീഴാതിരിക്കാന്‍ ഒരേട്ടന്റെയും ചോര കൊണ്ട് ഈ മണ്ണ് ചുവക്കാതിരിക്കാന്‍ അങ്ങ് ആത്മാര്‍ഥമായി വിചാരിച്ചാല്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നു. അവരെ ഇല്ലാതാക്കിയവരില്‍ പലരെയും പൊലീസ് പിടിക്കാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ല.

എന്റെ ഏട്ടന്മാര്‍ വയലില്‍ പണിക്കു പോകാതെയാണ് വരമ്ബത്ത് കൂലി കിട്ടിയത്. കൊന്നിട്ടും പക തീരാതെ എന്തിനാണ് അവര്‍ക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നത്. അവര്‍ പോയ ശേഷം ഊണും ഉറക്കവും ഇല്ലാതെ ജീവിക്കുന്ന രണ്ടു അമ്മമാരുണ്ട് ഇവിടെ. മക്കളുടെ ഓര്‍മകളെക്കാള്‍ അവരെ ഇപ്പോള്‍ വേദനിപ്പിക്കുന്നത് നെഞ്ചില്‍ കുത്തുന്ന കുപ്രചാരണങ്ങളാണ്. അവരെ ഓര്‍ത്തിട്ടെങ്കിലും ഏട്ടന്മാരുടെ ആത്മാവിനെ വേട്ടയാടരുത്. അനാഥമായ രണ്ടു കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള അപേക്ഷയാണ്. അങ്ങയുടെ മകളെ പോലെ കരുതി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് കരുതട്ടെ, വിശ്വസിച്ചോട്ടെ?

എന്ന്

സ്‌നേഹപൂര്‍വം,

കൃഷ്ണപ്രിയ

shortlink

Related Articles

Post Your Comments

Related Articles


Back to top button