ആലുവ: എറണാകുളത്ത് താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയായ മൂന്ന് വയസുകാരനെ തലക്ക് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും കുട്ടിക്ക് ക്രൂരമായി പീഡനമേല്‍ക്കേണ്ടി വന്നതായി പരിശോധന ഫലങ്ങള്‍. മൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ ആലുവയിലെ രാജഗിരി ആശുപത്രിയിലാണ് പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും നിലവില്‍ വെന്‍റിലേറ്റര്‍ ഉപയോഗിച്ചാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
വീടിന്‍റെ ടെറസില്‍ നിന്നും വീണാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്‍റെ പൃഷ്ഠ ഭാഗത്ത് പൊള്ളലേറ്റ പാടുകളുണ്ട്. കാലുകളില്‍ മുറിവേറ്റ പാടുകളുമുണ്ടായിരുന്നു. ഇതോടെ ആശുപത്രി അധികൃതര്‍ പൊലീസിനേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും വിളിച്ചു വരുത്തിയിട്ടുണ്ട്.
കുട്ടിയുടെ പരിക്കും മാതാപിതാക്കളുടെ വിശദീകരണവും ഒത്തു പോകുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ നില അതീവ ഗുരുതരമായിട്ടും വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചു. മാതാപിതാക്കള്‍ ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ് എന്നാണ് അറിവ്.
Post Your Comments