അൽഐൻ : താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേരടക്കം 6 മരണം. പാക്കിസ്ഥാൻ ഖൈബർ പക്തൂൺവാല പ്രവിശ്യ സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(58), മക്കളായ ഉമർ ഫാറൂഖ്(23), ഖുറം ഫാറൂഖ്(27), ബന്ധു അലി ഹൈദർ(37), അയൽക്കാരായ ഈദ് നവാസ്(28), ഖിയാൽ അഫ് സൽ(48) എന്നിവരാണ് മരിച്ചത്. മുഹമ്മദ് റഹീം എന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.
വില്ലയുടെ വരാന്തയോട് ചേർന്ന് മരം കൊണ്ട് നിർമിച്ച മുറിയിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. കനത്ത പുക ശ്വസിച്ച് ഉറക്കം എഴുന്നേറ്റ മുഹമ്മദ് റഹീം എല്ലാവരെയും വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ മരം കൊണ്ട് നിർമിച്ച കുളിമുറിയുടെ വാതിൽ തകർത്ത് രക്ഷപ്പെടുകയായിരുന്നു.
രക്ഷപ്പെടുത്തണമെന്നുള്ള നിലവിളി കേട്ടും, കോമ്പൗണ്ടിനകത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീ പിടിച്ചുള്ള അപായ ശബ്‌ദം കേട്ടും എത്തിയ അയൽവാസികൾ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കുവാൻ സാധിച്ചില്ല.
മുറിയിൽ ജനാലയില്ലാത്തതിനാൽ പുക പുറത്തുപോകാത്തതും, മുറിക്ക് ഒരു വാതിൽ മാത്രമേ ഉണ്ടായിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments