കണ്ണൂര്‍: തെരഞ്ഞെടുപ്പു പ്രചാരണത്തിനായി കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ ഇറക്കിയ സ്ത്രീവിരുദ്ധ പരസ്യചിത്രം വിവാദമാകുന്നു. സ്ത്രീസമൂഹത്തെയാകെ അവഹേളിക്കുന്നതാണ് പരസ്യം. ആധുനിക ജീവിതത്തിന്റെ എല്ലാ തുറകളിലും ബഹിരാകാശത്തുപോലും സ്ത്രീകള്‍ സാന്നിധ്യം തെളിയിക്കുന്ന കാലത്താണ് സ്ത്രീകള്‍ പോയാല്‍ ഒന്നും നടക്കില്ലെന്നും അതിന് ആണ്‍കുട്ടി തന്നെ പോകണമെന്നും സുധാകരന്‍ ആഹ്വാനം ചെയ്യുന്നത്.
തികച്ചും സ്ത്രീവിരുദ്ധ പരസ്യത്തിലൂടെ സുധാകരനും യുഡിഎഫും ലക്ഷ്യം വയ്ക്കുന്നത് കണ്ണൂര്‍ എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി കെ ശ്രീമതി ടീച്ചറെയാണ്. ‘ഓളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി. ഓളെക്കൊണ്ട് ഒന്നിനും കൊള്ളൂല’ എന്നാക്ഷേപിക്കുന്ന പരസ്യത്തില്‍ ‘ഒരു തെറ്റ് ഏതു പൊലീസുകാരനും പറ്റു’മെന്നും ‘ഇനി ഓന്‍ പോകട്ടെ. ഓന്‍ ആണ്‍കുട്ടിയാ. പോയാ കാര്യം സാധിച്ചിട്ടേ വരൂ’ എന്നും പറയുന്നു. തുടര്‍ന്ന് കൈപ്പത്തി ചിഹ്നത്തില്‍ കെ സുധാകരന് വോട്ട് ചെയ്തു വിജയിപ്പിക്കാനുള്ള ആഹ്വാനവും.
സ്ത്രീ ഒരിക്കലും മുന്‍നിരയിലേക്ക് വരരുതെന്നും അവര്‍ക്ക് നാടിനെ സേവിക്കാന്‍ കഴിയില്ലെന്നും സ്ഥാപിക്കുന്ന ഈ പരസ്യത്തിലുടെ മനുസ്മൃതിവാദികളായ സംഘപരിവാറുകാരെക്കാള്‍ അപരിഷ്‌കൃതരാണ് തങ്ങളെന്ന് സ്വയം പ്രഖ്യാപിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. അറുപിന്തിരിപ്പന്‍ പരസ്യത്തിനെതിരെ സ്ത്രീസംഘടനകളും മറ്റും ശക്തമായ പ്രതിഷേധമുയര്‍ത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പു കമീഷന് പരാതി നല്‍കാനും ഒരുങ്ങുകയാണ്. നേരത്തെ താന്‍ ബിജെപിയിലേക്ക് പോകില്ലെന്ന് അവകാശപ്പെട്ടും കെ സുധാകരന്‍ പരസ്യമിറക്കിയിരുന്നു.
Post Your Comments