Election NewsLatest NewsIndia

തോൽവി ഉറപ്പായപ്പോൾ വോട്ടിങ് യന്ത്രവും പ്രതി : ഇ.വി.എമ്മിന്റെ കാര്യത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത് കൊടും വഞ്ചനയാണ്. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ രണ്ട്‌ ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് മൂന്ന് കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം അവഗണിക്കാനാവും. (രണ്ട്‌ ): വിശ്വാസികൾക്കൊപ്പം എന്ന് പറയുന്ന കോൺഗ്രസിന് വിശ്വാസ സമൂഹത്തോട് എങ്ങിനെ നീതി പുലർത്താനാവും; കോൺഗ്രസ് കേന്ദ്ര നേതൃത്വം ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഭക്തസമൂഹത്തോട് ഒപ്പമില്ലാത്ത സാഹചര്യത്തിൽ.
(മൂന്ന്): ശബരിമല പ്രശ്നം ഉയർന്നുവന്നപ്പോൾ പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം ചർച്ചാവിഷയമല്ലാതായി. എന്നാൽ വെള്ളപ്പൊക്ക കെടുതികൾ അനുഭവിച്ച ആയിരങ്ങൾ കേരളത്തിലുണ്ട് ; അതും ഇന്നിപ്പോൾ സജീവ ചർച്ചാവിഷയമാവുകയാണ്.

ഇതിനൊക്കെ പുറമെ രാജ്യത്ത് പ്രതിപക്ഷം ഉന്നയിച്ചത് അല്ലെങ്കിൽ ഉന്നയിക്കുന്നത്, വോട്ടിങ് യന്ത്രം സംബന്ധിച്ച തർക്കങ്ങളാണ്. അതിലേക്കാണ് ഇപ്പോൾ കടന്നുചെല്ലാൻ ശ്രമിക്കുന്നത്. വോട്ടിങ് യന്ത്രം അത്രമാത്രം പ്രശ്നക്കാരനാണോ; അതിൽ എന്തെല്ലാം മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ തിരഞ്ഞെടുപ്പിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ചിലർ വല്ലാതെ വോട്ടിങ് യന്ത്രത്തിനെതിരെ തിരിയുന്നത്?.

1982- ലാണ് ഇന്ത്യയിൽ ആദ്യമായി വോട്ടിങ് യന്ത്രം ഉപയോഗിക്കപ്പെടുന്നത്; അതും കേരളത്തിൽ; വടക്കൻ പറവൂർ മണ്ഡലത്തിൽ. കോൺഗ്രസിലെ എസി ജോസും സിപിഐ-യിലെ ശിവൻ പിള്ളയും തമ്മിലായിരുന്നുമത്സരം. ബിജെപി സ്ഥാനാർഥി ആയി എസ്‌ ദിവാകരൻ പിള്ളയും ഉണ്ടായിരുന്നു. അവിടത്തെ അന്പത് ബൂത്തുകളിൽ ആദ്യമായി വോട്ടിങ് യന്ത്രം പരീക്ഷിക്കാനായിരുന്നു തീരുമാനം. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ 123 വോട്ടിന് ശിവൻ പിള്ള ജയിച്ചു. ആ തിരഞ്ഞെടുപ്പ് പിന്നെ കോടതിയിലേക്ക് പോയി. അന്ന് കോൺഗ്രസ് ആണ് കേന്ദ്രം ഭരിക്കുന്നത്; കോൺഗ്രസ് സർക്കാരുമായി ആലോചിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടിങ് യന്ത്രം പരീക്ഷിക്കാൻ തീരുമാനിച്ചത്. പക്ഷെ തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ കോൺഗ്രസ് സ്ഥാനാർഥി വോട്ടിങ് യന്ത്രത്തിന്റെ നിയമസാധുത ചോദ്യം ചെയ്യുകയാണ് ചെയ്തത്. അതിൽ തെറ്റില്ലായിരുന്നു; ഒരു ധാർമ്മികതയുടെ പ്രശ്നമുണ്ടെങ്കിലും. അന്നത്തെ തിരഞ്ഞെടുപ്പ് നിയമം അനുസരിച്ച് ബാലറ്റ് പേപ്പർ ഉപയോഗിച്ചെ തിരഞ്ഞെടുപ്പ് പാടുള്ളു; അതാണ് നിയമവ്യവസ്ഥ. ആ നിയമം ഭേദഗതി ചെയ്യാതെയാണ് വോട്ടിങ് യന്ത്രം ഉപയോഗിച്ചത്. അതുകൊണ്ട് പറവൂരിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നിയമങ്ങളുടെ ലംഘനമാണ് എന്നതായിരുന്നു എ സി ജോസിന്റെ വാദം. അത് സുപ്രീം കോടതി ശരിവെച്ചു; ആ അൻപത് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടന്നു, പഴയ പടി, ബാലറ്റ് ഉപയോഗിച്ചുകൊണ്ട് …… കോൺഗ്രസ് സ്ഥാനാർഥി വിജയിക്കുകയും ചെയ്തു. നിയമം ഭേദഗതി ചെയ്യുന്നത് വരെ വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതും അന്ന് കോടതി സ്റ്റേ ചെയ്തിരുന്നു. അതിനിടയിൽ വോട്ടിങ് യന്ത്രം ഉപയോഗിക്കാൻ വേണ്ടി നിയമം ഭേദഗതി ചെയ്തു…… 1951 ലെ ജനപ്രാതിനിധ്യ നിയമം, 1961 ലെ തിരഞ്ഞെടുപ്പ് നടത്തൽ നിയമം എന്നിവ. ഇങ്ങനെ ഒരു ചരിത്രം ഇവിഎം എന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുണ്ട്.

ഇവിടെ നാം ഓർക്കേണ്ട കാര്യം, ഇവിഎം കൊണ്ടുവരാൻ തീരുമാനിച്ചത് കോൺഗ്രസ് സർക്കാർ, അതിനെ എതിർക്കാതെ വോട്ടിങ്ങിൽ പങ്കെടുത്ത കോൺഗ്രസ് – ഇടത് സ്ഥാനാർഥികൾ, തോറ്റപ്പോൾ തിരഞ്ഞെടുപ്പ് നിയമവിരുദ്ധം എന്ന് പറഞ്ഞുകൊണ്ട് കോടതിയിൽ പോയതും കോൺഗാസുകാർ. അതൊക്കെത്തന്നെയാണ് ഇപ്പോൾ മറ്റൊരു വിധത്തിൽ കോൺഗ്രസ് അടക്കമുള്ളവർ കാണിച്ചുകൊണ്ടിരിക്കുന്നത്. വോട്ടിങ് യന്ത്രത്തിന് പരിമിതികൾ ഉണ്ടായിരുന്നു എന്നത് എല്ലാവരും സമ്മതിച്ചതാണ്. അത് പരിഹരിക്കപ്പെട്ടിട്ടുണ്ട്, ഓരോ തവണയും. ഇന്നിപ്പോൾ സുരക്ഷിതമാണ് എന്നത് അംഗീകരിച്ചേ പറ്റൂ. എന്നാൽ ഈ പരാതി പറയുന്ന കക്ഷികൾ അധികാരത്തിലിരിക്കുമ്പോൾ അതിനെ ഒരിക്കലും ചോദ്യം ചെയ്തില്ല; മാത്രമല്ല അത് രാജ്യമെമ്പാടും പ്രയോജനപ്പെടുത്തുകയും ചെയ്തു. 2014 -ൽ തോൽക്കാൻ തുടങ്ങിയപ്പോഴാണ് ഇക്കൂട്ടർ വോട്ടിങ് യന്ത്രത്തെ പഴിക്കാൻ തുടങ്ങിയത്. അതിൽ കള്ളത്തരം പതുങ്ങിയിരിക്കുന്നു തുടങ്ങിയ വ്യാജ പ്രചാരണങ്ങൾക്ക് മുതിരുന്നത്.

ഇവിടെ തന്നെ ഒന്ന് കൂടി നോക്കൂ…… അടുത്തകാലത്ത് കുറെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും പ്രതിപക്ഷവും വിജയിച്ചല്ലോ. കേരളത്തിൽ ഇടതുപക്ഷം വിജയിച്ചു, നിയമസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മറ്റും…… ഒരു പരാതിയും വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആരും പറഞ്ഞില്ല. കർണാടകത്തിൽ സ്വന്തം നിലക്ക് ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും കോൺഗ്രസ് അധികാരത്തിലുണ്ട് ; അവരുടെ സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് തിരഞ്ഞെടുപ്പ് നടന്നത്…… അപ്പോഴും വോട്ടിങ് യന്ത്രം പ്രശ്നമായില്ല. പഞ്ചാബിൽ കോൺഗ്രസും ഡൽഹിയിൽ ആം ആദ്‌മി പാർട്ടിയും വിജയിച്ചു….. അന്നും എല്ലാം സേഫ് ആയിരുന്നു. ഏറ്റവുമൊടുവിൽ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആണ് വിജയിച്ചതും സർക്കാർ രൂപീകരിച്ചതും. തിരഞ്ഞെടുപ്പിന് മുൻപ് ചില കോൺഗ്രസുകാർ ആക്ഷേപങ്ങൾ പറഞ്ഞുവെങ്കിലും അതിനുശേഷം പരാതി പറഞ്ഞതേയില്ല. എന്താണിത് കാണിക്കുന്നത്?. വിജയിച്ചാൽ എല്ലാം ഓക്കേ, തോറ്റാൽ വോട്ടിങ് യന്ത്രം കുഴപ്പമാണ്. യുപിയിൽ ബിജെപി ജയിച്ചപ്പോൾ വോട്ടിങ് യന്ത്രത്തിൽ വിശ്വാസമില്ലാതായി; മധ്യപ്രദേശിൽ കോൺഗ്രസ് ജയിച്ചപ്പോൾ അത് നല്ലതായിരുന്നു….. എന്തൊരു ഇരട്ടത്താപ്പാണിത്. അതാണിപ്പോൾ കാണിക്കുന്നത്.

ഇവിഎം ഇന്ന് ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ട്. ഇന്ത്യ അതിനായി എത്രയോ ആയിരം കോടികൾ മുടക്കിക്കഴിഞ്ഞു. അതിനുപുറമെയാണ് ഇപ്പോൾ വിവിപ്പാറ്റ് എന്ന സംവിധാനവും ഉണ്ടാക്കിയത്. സുപ്രീം കോടതി കൂടി പറഞ്ഞതനുസരിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്. വോട്ട് ചെയ്താൽ അത് ആർക്കാണ് ചെയ്തതെന്ന് വോട്ട് ചെയ്തയാൾക്ക് ബോധ്യപ്പെടും. അതിന്റെ സ്ലിപ് ഒരു പെട്ടിയിലേക്ക് വീഴും. അതായത് വോട്ടിങ് യന്ത്രത്തിൽ നിന്ന് ഒരു സ്ലിപ് പ്രത്യേകം പെട്ടിയിൽവീണ് കിടക്കും. ആവശ്യമെങ്കിൽ ആ സ്ലിപ്പ് കൂടി എണ്ണിയാൽ യന്ത്രം കുഴപ്പം കാണിച്ചോ എന്നത് വ്യക്തമാവും. യന്ത്രത്തിൽ പതിഞ്ഞ വോട്ടും സ്ലിപ്പും പരിശോധിച്ചാൽ കുഴപ്പമുണ്ടോ എന്ന് ബോധ്യപ്പെടും. ഒരു മണ്ഡലത്തിൽ ഒരു ബൂത്തിൽ അത് എണ്ണുന്നതായിരുന്നു ഇതുവരെയുണ്ടായിരുന്ന സമ്പ്രദായം. അതൊരു ടെസ്റ്റ് ഓഡിറ്റ് ആണ്. പ്രതിപക്ഷം പറയുന്നത് മുഴുവൻ ബൂത്തിലും ആ സ്ലിപ്പ് എണ്ണണം എന്നതാണ്……. അങ്ങിനെയെങ്കിൽ ബാലറ്റ് കടലാസിൽ വോട്ടിങ് നടക്കുന്ന സ്ഥിതിയാവും. പിന്നെയെന്തിന് വോട്ടിങ് യന്ത്രം?. അത് അസാധ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാടെടുത്തു. മാത്രമല്ല, ഒരുമണ്ഡലത്തിൽ അഞ്ചു ബൂത്തിൽ എണ്ണുന്നത് അംഗീകരിക്കാം എന്ന് സുപ്രീം കോടതി മുൻപാകെ അവർ സമ്മതിച്ചു. അതാണ് ഏറ്റവും ഒടുവിലത്തെ കോടതിവിധി. ഒട്ടെല്ലാ പ്രതിപക്ഷ കക്ഷികളും കക്ഷിയായിട്ടുള്ള കേസായിരുന്നു അതെന്നത് കൂടി ഓർക്കുക.

എന്നാൽ ഇത്തവണത്തെ ആദ്യഘട്ടം വോട്ടിങ് കഴിഞ്ഞപ്പോൾ ടിഡിപി വീണ്ടുംവോട്ടിങ് യന്ത്രം ഉയർത്തിക്കാട്ടി തെരുവിലിറങ്ങുകയാണ്. ഒരു വിദഗ്ദ്ധനെ ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയച്ചു; യന്ത്രം തട്ടിപ്പാണ് എന്ന് കാണിക്കാൻ. അവിടെയെത്തിയപ്പോഴാണ് കമ്മീഷൻ ഉദ്യോഗസ്ഥർ തിരിച്ചറിയുന്നത്, അയാൾ ഒരു ഇവിഎം മോഷണക്കേസിൽ പ്രതിയാണ് എന്ന്. അങ്ങിനെയുള്ള ഒരാളെയാണ് ഒരു മുഖ്യ പ്രതിപക്ഷ കക്ഷി നേതാവിന് വിദഗ്ദ്ധനായി കണ്ടെത്താനായത്. അയാളെ ‘നിർവാചൻ സദനി’ൽ നിന്നും ഇറക്കിവിട്ടു. അതോടെ ദുരഭിമാനം നായിഡുവിന്റെ അലട്ടി; സർവ പ്രതിപക്ഷ കക്ഷി യോഗം വിളിച്ചുകൂട്ടി വീണ്ടും അൻപത് ശതമാനം വിവിപ്പാറ്റ് എണ്ണണം എന്ന ആവശ്യം ഉയർത്തുന്നു. കോടതി അത് നിരാകരിച്ചതാണ്. കോടതി നിർദ്ദേശിച്ചതാണ് അഞ്ച്‌ ബൂത്തിലേത് എണ്ണിയാൽ മതി എന്നത്. എന്നിട്ടിപ്പോൾ അവർ വീണ്ടും കോടതിയെചോദ്യം ചെയ്യാൻ പുറപ്പെടുന്നു. അതിൽ കോടതി എന്താണ് തീരുമാനിക്കുന്നത് എന്നത് കണ്ടുതന്നെ അറിയാം.

ഞാൻ ആദ്യഘട്ടം വോട്ടിങ്ങിന്റെ കാര്യം സൂചിപ്പിച്ചുവല്ലോ. അതിൽ ആന്ധ്രപ്രദേശും ഉൾപ്പെടുന്നുണ്ട്. അവിടെ നിയമസഭാ -ലോകസഭാ തിരഞ്ഞെടുപ്പ് ഒന്നിച്ചായിരുന്നുവല്ലോ. വോട്ടിങ് കഴിഞ്ഞതോടെ ടിഡിപിക്ക് , ചന്ദ്രബാബു നായിഡുവിന്, ഒന്ന് ബോധ്യമായി…… ഇനി അധികാരത്തിലേക്കില്ല എന്ന്. അതോടെ അദ്ദേഹത്തിന്റെ മനോനില തെറ്റിയതാണോ എന്നതറിയില്ല. വല്ലാത്ത പരിഭ്രാന്തി ആ മുഖത്ത് നാം കാണുകയുണ്ടായല്ലോ. വേറൊന്ന് കൂടി ഓർക്കുക……. അവിടെ നായിഡുവിന്റെ എതിരാളി ജഗൻ റെഡ്ഢി ആണ്, വൈ എസ്‌ ആർ കോൺഗ്രസ്. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഉപദേഷ്ടാവ് പ്രശാന്ത് കിഷോർ ആയിരുന്നു. വോട്ടിങ് കഴിഞ്ഞദിവസം അവർ നടത്തിയ ആഹ്ളാദ പ്രകടനം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതാണ്…….. എന്താണത് നൽകിയ സൂചന എന്നതും വ്യക്തമല്ലേ. ജഗൻ ജയിക്കുന്നു,നായിഡു തോൽക്കുന്നു. മുൻപ് കോൺഗ്രസ് യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ( ഫലം വന്നപ്പോൾ) എടുത്ത ആ പതിനെട്ടാമത്തെ അടവാണ് ഇപ്പോൾ നായിഡു ആദ്യമേ എടുത്തിരിക്കുന്നത്. അതിലേറെ പ്രാധാന്യം അതിന് കല്പിക്കേണ്ടതില്ല. പിന്നെ കുറെ മാധ്യമങ്ങൾ രാഹുൽ ഗാന്ധിക്ക് വേണ്ടി നിലകൊള്ളുന്നവയാണ്, പ്രത്യേകിച്ചും കേരളത്തിലേത്. അവർ അത് കൊട്ടിഘോഷിക്കും,അത്രമാത്രം.

ഇനിമറ്റോന്ന് കൂടി. ഈ വോട്ടിങ് യന്ത്രം സൂക്ഷിക്കുന്നത് നരേന്ദ്ര മോഡിയോന്നുമല്ല. അതാത് സംസ്ഥാനത്താണ്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എന്ന നിലക്ക് അതിന്റെ കസ്റ്റോഡിയൻ. അവരാണ് അത് പ്രവർത്തിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കുന്നത്; എന്തെങ്കിലും കുഴപ്പം കണ്ടാൽ അത് നന്നാക്കി എടുക്കാൻ ശ്രമിക്കും….. അതിനും കഴിയില്ലെങ്കിൽ അത് ഉപേക്ഷിക്കും. എന്തൊക്കെ ചെയ്താലും ഓരോ തിരഞ്ഞെടുപ്പ് വേളയിലും ചില വോട്ടിങ് യന്ത്രങ്ങൾ കുഴപ്പമുണ്ടാക്കാറുണ്ട്; അത് അപ്പോൾ തന്നെ മാറ്റിസ്ഥാപിക്കലാണ് ചെയ്യാറുള്ളത്. അതൊക്കെയെ ഇത്തവണയും ഉണ്ടായിട്ടുള്ളൂ. ഒരു കണക്ക് കൂടി ഓർമ്മിപ്പിക്കാം. ഇക്കഴിഞ്ഞ ഒന്നാം ഘട്ടം വോട്ടെടുപ്പിനിടെ ആന്ധ്ര പ്രദേശിൽ മാറ്റേണ്ടിവന്നത് വെറും 43 വോട്ടിങ് യന്ത്രമാണ്; ആ സംസ്ഥാനത്ത് ആകെ ഉപയോഗിച്ചത് 92, 000 യന്ത്രമാണ് എന്നത് കൂടി കണക്കിലെടുക്കുക. ആകെയുണ്ടായ വീഴ്ച വെറും 0. 1 ശതമാനം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. നമ്മുടെ യന്ത്രങ്ങളിൽ നമുക്കല്ലേ വിശ്വാസമുണ്ടാവേണ്ടത്?.

shortlink

Related Articles

Post Your Comments

Related Articles


Back to top button