തിരുവനന്തപുരം: തുലാഭാര വഴിപാടിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. തരൂരിനെ അപായപ്പെടുത്താനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ തമ്പാനൂര്‍ പോലീസില്‍ പരാതി നല്കി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തരൂരിനെ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലയിൽ എട്ടു തുന്നൽ ആണ് ഉള്ളത്. ത്രാസിന്റെ മുകളിലത്തെ കൊളുത്ത് ഒടിഞ്ഞുപോയതിനെ തുടര്‍ന്നാണ് ത്രാസ് അദ്ദേഹത്തിൻറെ മുകളിൽ വീണത്.തന്പാനൂരിലെ ഗാന്ധാരിയമ്മന്‍ കോവിലില്‍ വിഷു ദിനത്തില്‍ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേര്‍ന്നിരുന്നു. ഇതിനായാണ് അദ്ദേഹം എത്തിയത്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.എസ്.ശിവകുമാറും നിരവധി പ്രവര്‍ത്തകരും ബന്ധുക്കളും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
വഴിപാട് നടത്തുന്നതിനായി ത്രാസില്‍ ഇരുന്നതിന് പിന്നാലെയാണ് അപകടമുണ്ടായത്. പരിക്ക് സാരമുള്ളതാണെങ്കിലും ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തരൂരിന്റെ ഇന്നത്തെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ചത്തെ പരിപാടികള്‍ മുന്‍നിശ്ചയപ്രകാരം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് തമ്പാനൂര്‍ രവി അറിയിച്ചു.
Post Your Comments