കോഴിക്കോട്: അഞ്ച് കോടി രൂപ കോഴ വാങ്ങാന്‍ സന്നദ്ധതയറിയിച്ച് സ്വകാര്യ ടി വി ചാനലിന്റെ ഒളിക്യാമറയില്‍ കുടുങ്ങിയ എം കെ രാഘവന്‍ എംപിക്കെതിരെയുള്ള അന്വേഷണം നിര്‍ണായകഘട്ടത്തില്‍. അന്വേഷണത്തിന്റെ ഭാഗമായി ചാനല്‍ പ്രവര്‍ത്തകരില്‍നിന്ന് പൊലീസ് സംഘം മൊഴിയെടുത്തു. രാഘവന്റെ ദൃശ്യവും ശബ്ദവും ഉള്‍പ്പെടുന്ന സമ്പൂര്‍ണ വീഡിയോ ടേപ്പ് ശേഖരിച്ചതായി അന്വേഷണ സംഘം തലവന്‍ അസിസ്റ്റന്റ് പൊലീസ് കമീഷണര്‍ പി വാഹിദ് പറഞ്ഞു. ടിവി 9 ചാനലിന്റെ ഡല്‍ഹി നൊയ്ഡയിലെ ഓഫീസിലെത്തിയാണ് തെളിവുകള്‍ ശേഖരിച്ചത്.
വീഡിയോയുടെ ആധികാരികത പരിശോധിക്കാന്‍ ടേപ്പ് തിരുവനന്തപുരത്തെ ഫോറന്‍സിക്ക് ലാബിലേക്ക് ശാസ്ത്രീയ പരിശോധനക്ക് അയക്കും. റിപ്പോര്‍ട്ട് ഉടനെ ഡിജിപിക്ക് കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാര്‍ച്ച് പത്തിനായിരുന്നു ടിവി 9 ചാനല്‍ സംഘം കണ്‍സള്‍ട്ടന്‍സി എന്ന വ്യാജേന കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ എം കെ രാഘവന്റെ ഓഫീസിലെത്തി അദ്ദേഹത്തെ കണ്ടത്. കോഴിക്കോട്ട് ഹോട്ടല്‍ തുടങ്ങുന്നതിന് 15ഏക്കര്‍ സ്ഥലം ലഭ്യമാക്കുന്നതിന് എംപിയെന്ന നിലയില്‍ സഹായം സംഘം ആവശ്യപ്പെട്ടു. ഇതിന് അഞ്ചുകോടി രൂപ സംഘം വാഗ്ദാനം ചെയ്തപ്പോള്‍ അത് സ്വീകരിക്കാന്‍ എംപി സന്നദ്ധത അറിയിച്ചു. ഇതിനായി ഡല്‍ഹിയിലെ സെക്രട്ടറിയെ ബന്ധപ്പെടാനും നിര്‍ദേശിച്ചു.
Post Your Comments