കടലുണ്ടി: ചാലിയത്ത് മത്സ്യബന്ധന വലകള്‍ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. സമീപത്തുണ്ടായിരുന്ന ഒരു ഫൈബര്‍ വള്ളത്തിനും അഗ്നിബാധയില്‍ കേടുപാട് സംഭവിച്ചു. നാലര ലക്ഷത്തോളം രൂപ വിലവരുന്ന 7.5 ക്വിന്റല്‍ വ്യത്യസ്തയിനം നൈലോണ്‍ വലകളാണ് കത്തിനശിച്ചത്. ചാലിയം ഫോറസ്റ്റ് തടി ഡിപ്പോക്ക് എതിര്‍വശം ടിപ്പുസുല്‍ത്താന്‍ ബസ് സ്റ്റോപ്പിനടുത്തായി തോണികള്‍ ഒന്നിച്ച് നിര്ത്തുന്നിടത്തായിരുന്നു തീപിടിത്തം. ഞായറാഴ്ച 12.45 നായിരുന്നു സംഭവം.
ചാലിയം സ്വദേശികളായ തൈക്കടപ്പുറത്ത് സിദ്ധീഖ് (250 കിലോ), തൈക്കടപ്പുറത്ത് അബ്ദുല്‍ നാസര്‍ (200 കിലോ), തൈക്കടപ്പുറത്ത് ഫൈസല്‍ ( 150 കിലോ), തൈക്കടപ്പുറത്ത് ഹംസക്കോയ (150 കിലോ) എന്നിവരുടേതാണ് കത്തിനശിച്ച വലകള്‍. ചാലിയം ഫിഷ് ലാന്‍ഡിങ് സെന്റര്‍ കേന്ദ്രീകരിച്ച് മീന്‍പിടിത്തത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അല്പമകലെ അവരുടെ വള്ളങ്ങള്‍ നിര്‍ത്തിയിടുകയും വലകള്‍ അറ്റകുറ്റപ്പണി നടത്തുന്നതുമായ സ്ഥലത്ത് പാതയോരത്തായിരുന്നു തീപിടിത്തം.
മത്സ്യബന്ധനത്തിനുപയോഗിച്ച് ബാക്കിവരുന്നതും പുതിയതും ഉള്‍പ്പെടെ പതിവായി സൂക്ഷിക്കുന്നിടത്ത് തീ പടര്‍ന്നതിന്റെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കെ പി ഹുസൈന്‍കോയയുടെ ‘അല്‍-മായിദ’ എന്ന ഫൈബര്‍ വള്ളമാണ് തീപിടിത്തത്തില്‍ ഭാഗികമായി നശിച്ചത്..
വിവരമറിഞ്ഞ് മീഞ്ചന്തയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയെങ്കിലും ഇതിനു മുമ്പേ മത്സ്യത്തൊഴിലാളികള്‍ പുഴയില്‍നിന്ന് വെള്ളം കോരിയൊഴിച്ച് തീ പരമാവധി നിയന്ത്രിച്ചിരുന്നു.
Post Your Comments