Latest NewsKerala

വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ

കോഴിക്കോട്: വിദ്യാര്‍ഥികളെ വലച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷ. കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാനടത്തിപ്പിലെ പിഴവ് വിദ്യാര്‍ഥികള്‍ക്ക് വിനയായിരിക്കുകയാണ്. 2 വര്‍ഷം മുന്‍പെഴുതിയ രണ്ടാം സെമസ്റ്റര്‍ ഹിന്ദി പരീക്ഷയാണ് വീണ്ടും നടത്താന്‍ ഉത്തരവിറക്കിയത്. ചോദ്യപേപ്പര്‍ മാറ്റി നല്‍കിയ സര്‍വകലാശാലയുടെ അനാസ്ഥയാണ് പുനപ്പരീക്ഷയിലേക്ക് എത്തിച്ചത്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ ബിഎസ് സി ഫിസിക്‌സ്, സുവോളജി അവസാനവര്‍ഷ വിദ്യാര്‍ഥികളാണ് സര്‍വകലാശാലയുടെ നടപടിയില്‍ പരാതിയുമായെത്തിയത്. രണ്ടായിരത്തി പതിനേഴിലെ രണ്ടാം സെമസ്റ്റര്‍ ഹിന്ദി ഗ്രാമര്‍ പരീക്ഷയ്ക്ക് ഒരു ക്ലാസ് മുറിയില്‍ വിതരണം ചെയ്ത ചോദ്യപ്പേപ്പര്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടേതായിരുന്നു.

വിഷയവും സിലബസുമെല്ലാം ഒന്നുതന്നെയായപ്പോള്‍ ചോദ്യപ്പേപ്പര്‍ മാറിയത് വിദ്യാര്‍ഥികളും തിരിച്ചറിഞ്ഞിരുന്നില്ല. സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്താമെന്ന ഉറപ്പാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്. രണ്ടുവര്‍ഷത്തിനുശേഷം അവസാനസെമസ്റ്റര്‍ പരീക്ഷയ്ക്കു തയാറെടുക്കുമ്പോഴാണ് പുനപ്പരീക്ഷ നടത്തുമെന്ന് അറിയിപ്പ്. ഇതോടെ ബുധനാഴ്ചയാണ് കോളജിലെ പത്തുവിദ്യാര്‍ഥികള്‍ക്കായി പുനപരീക്ഷ നടത്തുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രോജക്ടുകള്‍, ഉപരിപഠനത്തിനുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ തുടങ്ങിയവയ്ക്കായി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ആശങ്കയിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button