Latest NewsElection NewsIndiaElection 2019

‘അടിവസ്ത്ര’ വിവാദത്തില്‍ അസംഖാനെ പ്രതിരോധിച്ച്‌ അഖിലേഷ് യാദവ്

അസംഖാന്‍ പറഞ്ഞത് ജയപ്രദയെ കുറിച്ചല്ലെന്ന് അഖിലേഷ് പറഞ്ഞു.'മറ്റാരെയോ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്.

ന്യൂഡൽഹി: ബിജെപി നേതാവ് ജയപ്രദക്കെതിരായ അടിവസ്ത്ര പരാമർശത്തിൽ സമാജ് വാദി പാർട്ടി നേതാവ് അസം ഖാനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. എന്നാൽ അടിവസ്ത്ര പരാമര്‍ശം വലിയ വിവാദമായതിനു പിന്നാലെ അസംഖാനെ പ്രതിരോധിച്ച്‌ സമാജ്വാദി പ്രസിഡന്റ് അഖിലേഷ് യാദവ് രംഗത്തെത്തി. അസംഖാന്‍ പറഞ്ഞത് ജയപ്രദയെ കുറിച്ചല്ലെന്ന് അഖിലേഷ് പറഞ്ഞു.’മറ്റാരെയോ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ സമാജ്വാദികളാണ്. ഞങ്ങള്‍ സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തില്ല’-അഖിലേഷ് പറഞ്ഞു.

അസംഖാന്‍റെ പരാമര്‍ശത്തെ അപലപിച്ച്‌ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയതിനു പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം.ജയപ്രദ ബിജെപി സ്ഥാനാർത്ഥിയാകുന്നതിനെതിരെയായിരുന്നു അസം ഖാന്റെ വിവാദ പരാമർശം. അവർ ധരിച്ചിരിക്കുന്ന കാവി അടിവസ്ത്രം ഇപ്പോൾ തെളിഞ്ഞു വരുന്നുവെന്നായിരുന്നു അസം ഖാൻ പരാമർശിച്ചത്. ബിജെപി നൽകിയ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 509 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

നിരവധി വനിതാ നേതാക്കളാണ് അസംഖാനെതിരെ രംഗത്തെത്തിയത്. അസം ഖാന്റെ പരാമർശത്തിൽ എസ് പി നേതാക്കൾ മൗനം പാലിക്കുന്നതെന്താണെന്ന് സ്മൃതി ഇറാനി ആരാഞ്ഞു. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടണമെന്നും സ്ത്രീകളെ ആദരിക്കാൻ പഠിക്കണമെന്നും അവർ ആവശ്യപ്പെട്ടു.അസം ഖാനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ ആവശ്യപ്പെട്ടു. അസം ഖാനെതിരെ വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതായും രേഖാ ശർമ വ്യക്തമാക്കി.

അസം ഖാൻ അടിയന്തിരമായി മാപ്പപേക്ഷിക്കണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഷീലാ ദീക്ഷിത് ആവശ്യപ്പെട്ടു.തരംതാണതും വൃത്തികെട്ടതുമായ പരാമര്‍ശം അസംഖാന്റെ വൃത്തികെട്ട മനസും വ്യക്തിത്വവുമാണ് വ്യക്തമാക്കുന്നതെന്ന് യോഗി ട്വീറ്റ് ചെയ്തിരുന്നു. അഖിലേഷ് യാദവിന്റെ നിശബ്ദത ലജ്ജാകരമാണ്. ഒരു സ്ത്രീയായിരുന്നിട്ടു കൂടി മായാവതി ഒന്നും മിണ്ടാത്തത് അധികാരത്തിനു വേണ്ടി എന്തു ചെയ്യാനും അവര്‍ തയ്യാറാണ് എന്നാണ് സൂചിപ്പിക്കുന്നത്- യോഗി വ്യക്തമാക്കി.

രാംപുര്‍ മണ്ഡലത്തില്‍ അസം ഖാനെതിരെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത് അഭിനേത്രി കൂടിയായ ജയപ്രദയെയാണ്. രണ്ട് തവണ സമാജ്വാദി പാര്‍ട്ടി അംഗമായി താരം ജയിച്ചു കയറിയ മണ്ഡലമാണിത്. ഇത്തവണ സമാജ് വാദി മുതിര്‍ന്ന നേതാവ് അസം ഖാനെതിരെയാണ് ബിജെപി സ്ഥാനാര്‍ഥിയായി ജയപ്രദ അങ്കത്തിനിറങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button