തിരുവനന്തപുരം: കര്‍ഷക വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടുന്നതിനുള്ള ഫയല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതിക്കു വിടില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. തിരഞ്ഞെടുപ്പിനുശേഷം പെരുമാറ്റച്ചട്ടത്തില്‍ ഇളവുവരുന്നതോടെ സര്‍ക്കാരിന് നേരിട്ട് ഉത്തരവിറക്കാം. സഹകരണ സംഘങ്ങളില്‍നിന്നും വാണിജ്യബാങ്കുകളില്‍നിന്നും എടുത്ത എല്ലാ വായ്പകള്‍ക്കും ആനുകൂല്യം ലഭിക്കുംവിധമുള്ള പാക്കേജാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് ഉത്തരവിറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
ഇതേസമയം, കര്‍ഷകരുടെ കാര്‍ഷികേതര കടങ്ങള്‍ക്കുള്‍പ്പെടെ ഡിസംബര്‍ 31വരെ മൊറട്ടോറിയം നീട്ടി നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ റിസര്‍വ് ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. നിലവിലുള്ള കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷത്തേക്കു കൂടി നീട്ടുന്നതു സംബന്ധിച്ചു ബാങ്കുകള്‍ക്കു തീരുമാനിക്കാം. ഇതിനു ബാങ്കുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിന്റെ അംഗീകാരം വേണമെന്നു മാത്രം. ആലോചനയില്ലാതെയും ചട്ടങ്ങള്‍ പാലിക്കാതെയുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയതെന്ന് ആരോപണമുണ്ട്. ഒരിക്കല്‍ മടക്കിയ ഫയല്‍ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് അയക്കുകയും അത് തള്ളുകയും ചെയ്താല്‍ സര്‍ക്കാരിനു നാണക്കേടാകുമെന്ന് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ സിന്‍ഹ ഫയലില്‍ കുറിച്ചിരുന്നു.
Post Your Comments