ജലന്ധര്‍: ജലന്ധര്‍ രൂപതയില്‍ നിന്ന് പിടിച്ചെടുത്ത കണക്കില്‍പ്പെടാത്ത കോടികള്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും കാണാതായി. ഇക്കഴിഞ്ഞ മാര്‍ച്ച് 29ന് ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.ആന്റണി മാടശേരിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത കണക്കില്‍പെടാത്ത പണത്തില്‍ 6.66 കോടി രൂപ കാണാതായെന്നാണ് പരാതി. പണം കാണാതായ സംഭവത്തില്‍ പൊലീസ് കേസ് എടുത്തു. പഞ്ചാബ് പോലീസിലെ ക്രൈംബ്രാഞ്ച് വിഭാഗമാണ് രണ്ട് എ.എസ്.ഐമാര്‍ക്കെതിരെ ശനിയാഴ്ച എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. പണം കാണാതായെന്ന ഫാ.ആന്റണിയുടെ ആരോപണത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ഐ.ജി പ്രവീണ്‍ സിന്‍ഹ വെള്ളിയാഴ്ച ഡി.ജി.പിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് അന്വേഷണത്തിന് ഡി.ജി.പി പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു.
ദൊറഹയില്‍ നിന്നും കണക്കില്‍പെടാത്ത 9.66 കോടി രൂപയുമായി ഫാ.ആന്റണിയേയും മറ്റ് അഞ്ചു പേരെയും പിടികൂടിയെന്നാണ് ഖന്ന എസ്.എസ്.പി ദ്രുവ് ദഹിയ നേരത്തെ അറിയിച്ചത്. എന്നാല്‍ ആന്റണിയുടെ പ്രതാപുരയിലെ വസതിയില്‍ നിന്നാണ് പണം പിടിച്ചെടുത്തതെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു.
തന്റെ വസതിയില്‍ നിന്നും പോലീസ് 16.65 കോടി രൂപയാണ് എടുത്തുകൊണ്ടുപോയതെന്ന് ഫാ.ആന്റണി ആരോപിച്ചിരുന്നു. സ്‌കൂളുകളിലെ പുസ്തകങ്ങളുടെ വില്‍പ്പനയിലൂടെ ലഭിച്ച പണമാണെന്നും ബാങ്ക് ജീവനക്കാര്‍ എണ്ണിതിട്ടപ്പെടുത്തുമ്പോഴാണ് പണം പോലീസ് എത്തിയതെന്നുമാണ് ഫാ.ആന്റണി അറിയിച്ചിരുന്നത്. 6.66 കോടി രൂപ കാണാതായെന്നും ഫാ.ആന്റണി ആരോപിച്ചിരുന്നു.
പോലീസ് റെയ്ഡില്‍ പണം പിടിച്ചെടുത്തത് ഫാ.ആന്റണിയുടെ വീട്ടില്‍ നിന്നാണെന്നും പോലീസ് എത്തുമ്പോള്‍ ആറു കോടിയോളം രൂപ എണ്ണിത്തിട്ടപ്പെടുത്തിയിരുന്നുവെന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് ബ്രാഞ്ച് മാനേജരും വ്യക്തമാക്കിയിരുന്നു. പണം കാണാതായതില്‍ പോലീസിനെതിരെ ഫാ.ആന്റണി ആരോപണവുമായി എത്തിയതോടെയാണ് അന്വേഷണത്തിന് ഡി.ജി.പി നിര്‍ദേശിച്ചത്.
Post Your Comments