ന്യൂഡൽഹി: ഡൽഹിയിൽ ആം ആദ്മി പാർട്ടി – കോൺഗ്രസ്സ് സഖ്യം നിലവിൽ വരാനുള്ള എല്ലാ സാദ്ധ്യതകളും അവസാനിച്ചു. ഇതോടെ ആം ആദ്മി പാർട്ടിയ്ക്ക് മറ്റു സംസ്ഥാനങ്ങളിലും ഉള്ള നിലനിൽപ്പാണ് ഇല്ലാതാകുന്നത്. മുഴുവൻ സീറ്റുകളിലും ഒറ്റയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താൻ കോൺഗ്രസ്സ് തീരുമാനിക്കാൻ കാരണം ആം ആദ്മിയുടെ പിടിവാശി ആണ്. ഡൽഹിക്ക് പുറമെ ഹരിയാന, ഗോവ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും സീറ്റ് പങ്ക് വെയ്ക്കണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ്സ് തയ്യാറായില്ല.
ഈ സാഹചര്യത്തിലാണ് സഖ്യം നിലവിൽ വരാനുള്ള എല്ലാ സാദ്ധ്യതകളും അസ്തമിച്ചത്. കോൺഗ്രസിന് ഡൽഹിയൊഴികെയുള്ള മറ്റു സംസ്ഥാനങ്ങളിൽ ഒറ്റയ്ക്ക് മത്സരിച്ചാലും വിജയം ഉറപ്പാണ്. ഇതിനിടെ ആം ആദ്മിയെ കൂടെ കൂട്ടാൻ കോൺഗ്രസ്സ് ആഗ്രഹിക്കുന്നില്ല. ഡൽഹിയിൽ മാത്രമാണ് ഇവർ മത്സരിക്കുന്നതിന് സഖ്യത്തിനായി ചർച്ചകൾ വെച്ചത്. സഖ്യവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നതിനായി മുതിർന്ന കോൺഗ്രസ്സ് നേതാവ് അഹമ്മദ് പട്ടേൽ ഡൽഹി കോൺഗ്രസ്സ് നേതാവ് ഷീല ദീക്ഷിതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദേശീയ തലസ്ഥാനത്ത് ആം ആദ്മി പാർട്ടിയുമായി ഒരു തരത്തിലുള്ള സഖ്യവും കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് ഷീല ദീക്ഷിത് വ്യക്തമാക്കിയിരുന്നു.ഡൽഹിയിലെ മുഴുവൻ ലോക്സഭാ സീറ്റുകളിലേക്കും ആം ആദ്മി പാർട്ടി നേരത്തെ തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ഡൽഹിയിൽ സഖ്യത്തിന് മുൻ കൈയ്യെടുത്തത് ആം ആദ്മി പാർട്ടിയായിരുന്നു. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും സീറ്റ് പങ്ക് വെയ്ക്കുക എന്നത് അപ്രായോഗികമാണ്.
ഈ സാഹചര്യത്തിൽ സഖ്യം അടഞ്ഞ അദ്ധ്യായമാണ്. മുതിർന്ന കോൺഗ്രസ്സ് നേതാവ് പി സി ചാക്കോ അഭിപ്രായപ്പെട്ടു.ഡൽഹിയിലെ ഏഴ് ലോക്സഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി മെയ് 12ന് നടക്കും. മെയ് 23നാണ് ഫലപ്രഖ്യാപനം.
Post Your Comments