ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് മാവേലിക്കരയ്ക്ക് ഉള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലായി പരന്നു കിടക്കുന്ന മണ്ഡലം. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണിത്. ശബരിമല വിഷയം ഏറെ സ്വാധീനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്ന്. സിറ്റിങ് എം.പി കൊടിക്കുന്നില്‍ സുരേഷ് യുഡിഎഫിനായും അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ഇടതു സ്ഥാനാര്‍ത്ഥിയായും ബിഡിജെഎസിലെ തഴവ സഹദേവന്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായും പോരിന് ഇറങ്ങുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. മണ്ഡലത്തിലെ ഏഴില്‍ ആറ് നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫാണ് വെന്നിക്കൊടി പാറിച്ചത്. കൂടാതെ NSS, SNDP, KPMS തുടങ്ങിയ ജാതി സംഘടനകള്‍ക്കും ക്രൈസ്തവസഭകള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലമാണ് മാവേലിക്കര. യുഡിഎഫും എന്‍ഡിഎയും എന്‍എസ്എസ് ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവെക്കുമ്പോള്‍ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ.
കേരളത്തില്‍ ആകെയുള്ള രണ്ട് സംവരണ മണ്ഡലങ്ങളിലൊന്നായ മാവേലിക്കരയുടെ മനസ്സറിഞ്ഞ എംപിയാണ് കൊടിക്കുന്നില്‍ സുരേഷ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വരെ കാലിടറിയ മണ്ഡലം പക്ഷെ കൊടിക്കുന്നില്‍ സുരേഷിന് എന്നും വിജയം മാത്രം സമ്മാനിച്ചു. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് അദ്ദേഹം. ആറ് തവണ പാര്‍ലമെന്റില്‍ എത്താനായത് മികച്ച നേട്ടം തന്നെയാണ്. 1989ലാണ് അദ്ദേഹം ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുന്നത്. പിന്നീട് വന്ന മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും അടൂര്‍ മണ്ഡലത്തില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭയിലെത്തി. തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്ക് ശേഷം 1998, 2004 തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ കൊടിക്കുന്നിലിനെ കൈവിട്ടു.
2009 ലാണ് കൊടിക്കുന്നില്‍ സുരേഷ് തന്റെ തട്ടം മാവേലിക്കരയിലേക്ക് മാറ്റുന്നത്. സിപിഐയുടെ ആര്‍എസ് അനിലിനെ 48,048 വോട്ടുകള്‍ക്കാണ് അക്കുറി തോല്‍പിച്ചത്. സംവരണ മണ്ഡലത്തില്‍ നിന്നും വിജയിച്ച കൊടിക്കുന്നിലിനെ പട്ടികജാതിക്കാരനായി കണക്കാക്കാനാവില്ലെന്ന് കണ്ടെത്തി കേരള ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. ജാതി സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്നായിരുന്നു ആരോപണം. എന്നാല്‍ 2011 മേയ് 12-നു് സുപ്രീം കോടതി ഈ വിധി അസാധുവാക്കി. 56 കാരനായ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ വകുപ്പ് സഹമന്ത്രിയുമായി. കെപിസിസിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് കൂടിയാണ് നിലവില്‍ അദ്ദേഹം. എംപിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തൃപ്തികരമെന്ന് വിലയിരുത്താം. വിവാദങ്ങള്‍ കുറവല്ലെങ്കിലും മാവേലിക്കരയുടെ ഹൃദയമറിഞ്ഞ നേതാവാണ് കൊടിക്കുന്നില്‍ സുരേഷ്. മണ്ഡലത്തില്‍ യുഡിഎഫിന്റെ തേര് തെളിയിക്കാന്‍ ഇത്തവണയും കൊടിക്കുന്നില്‍ മതിയെന്ന് യുഡിഎഫ് ക്യാമ്പ് ഒന്നടങ്കം തീരുമാനിക്കുകയായിരുന്നു. . ഇത്തവണയും മത്സരത്തിനിറങ്ങിയതോടെ കൊടിക്കുന്നിലിന്റെ ഒമ്പതാം തിരഞ്ഞെടുപ്പ് പോരാട്ടമാണ്.
രാഷ്ട്രീയ സാഹചര്യങ്ങളുടെ കണക്കില്‍ യുഡിഎഫിനോടോ എല്‍ഡിഎഫിനോടോ പക്ഷപാതപരമായി പെരുമാറിയിട്ടില്ലാത്ത മണ്ഡലമായിരുന്നു 1991 വരെ അടൂര്‍. 2011 ല്‍ അടൂര്‍ സംവരണ മണ്ഡലമായതോടെ തിരുവഞ്ചൂര്‍ കോട്ടയത്തേക്ക് ചേക്കേറി. തിരുവഞ്ചൂരിന്റെ പകരക്കാരനായി കോണ്‍ഗ്രസ് അടൂരിലേക്ക് അയച്ചത് മുന്‍ മന്ത്രി കൂടിയായ പന്തളം സുധാകരനെയായിരുന്നു. അടൂരില്‍ നിന്നാണെങ്കില്‍ പന്തളവും നിയമസഭയില്‍ എത്തുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. തുടര്‍ച്ചയായി തോല്‍വികള്‍ നേരിടേണ്ടി വന്നെങ്കിലും ഇത്തവണ മണ്ഡലം എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണമെന്ന വാശിയിലായിരുന്നു മറുവശത്ത് സിപിഐയും. ആരെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ചര്‍ച്ചയില്‍ കൊല്ലത്തെ പാര്‍ട്ടി നേതൃത്വത്തിലുള്ള ആരെയെങ്കിലും കൊണ്ടുവരണമെന്ന തീരുമാനം എത്തിച്ചേര്‍ന്നത് ചിറ്റയം ഗോപകുമാറിലായിരുന്നു. പാര്‍ട്ടി അന്നു തന്നില്‍ അര്‍പ്പിച്ച വിശ്വാസം ചിറ്റയം തകര്‍ത്തില്ല. അതേ ആത്മവിശ്വാസത്തോടെയാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പില്‍ മാവേലിക്കര മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകാനും ചിറ്റയം ഗോപകുമാര്‍ എത്തുന്നത്. അടൂരെന്ന പോലെ, മവേലിക്കരയും യുഡിഎഫിന്റെ മണ്ഡലമായി നിലനില്‍ക്കുമ്പോഴാണ് ചിറ്റയം മറ്റൊരു പോരാട്ടത്തിന് എത്തുന്നതെന്നതാണ് കൗതുകകരം.
കൊട്ടാരക്കാര സെന്റ്. ഗ്രിഗോറിയസ് കേളേജ് വിദ്യാഭ്യാസ കാലത്ത് എ ഐ എസ് എഫിലൂടെയാണ് ചിറ്റയം രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. പിന്നീട് എ ഐ എസ് എഫ് സംസ്ഥാന കമ്മറ്റിയംഗം, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വന്നു. കര്‍ഷക തൊഴിലാളി കുടുംബത്തില്‍ നിന്നും വരുന്ന ചിറ്റയത്തിന്റെ പ്രധാന പ്രവര്‍ത്തന മേഖലയും തൊഴിലാളികള്‍ക്കൊപ്പമായിരുന്നു. നിലവില്‍ കശുവണ്ടി തൊഴിലാളി കേന്ദ്ര കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറിയുമാണ്. സംഘടന-തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച ചിറ്റയം പാര്‍ലമെന്ററി രംഗത്തേക്ക് വരുന്നത് 1995 ല്‍ ആണ്. കൊട്ടാരക്കര പഞ്ചായത്ത് ഭരണം ആര്‍ ബാലകൃഷ്ണ പിള്ള എന്ന അതികായന്റെ കൈപ്പിടിയിലായിരുന്നുവെങ്കിലും 95 ല്‍ കഥ മാറി. പഞ്ചായത്തില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടി. ചിറ്റയം ഗോപകുമാര്‍ പഞ്ചായത്ത് പ്രസിഡന്റുമായി. ജനങ്ങള്‍ക്കിടിയല്‍ വന്‍ സ്വീകാര്യതയാണ് അദ്ദേഹം ഉണ്ടാക്കിയെടുത്തത്. ഇതിനൊരു തെളിവാണ് സാക്ഷാല്‍ ബാലകൃഷ്ണ പിള്ളയുടെ 2006 ലെ തോല്‍വി. ഇപ്പോഴും ചിറ്റയം എന്ന നേതാവിനെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ആദ്യം പറയുന്നത് സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം എന്നാണ്.
മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതല്ല അടൂര്‍. എന്നിട്ടും മാവേലിക്കര പിടിക്കാന്‍ ചിറ്റയത്തെ ഇറക്കുമ്പോള്‍, ചരിത്രത്തില്‍ തന്നെയാണ് സിപിഐയും ഇടതുപക്ഷവും കണ്ണുവച്ചിരിക്കുന്നത്. കൊട്ടാരക്കരയില്‍ നിന്നും വന്ന് അടൂര്‍ എന്ന യുഡിഫ് കോട്ട പിടിക്കാന്‍ കഴിഞ്ഞൊരാള്‍ക്ക് അടൂരില്‍ നിന്നും വന്നു മാവേലിക്കരയും പിടിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു. സിറ്റിംഗ് എംപിയായ കൊടിക്കുന്നേല്‍ സുരേഷ് തന്നെ വീണ്ടും മത്സരിക്കുമെന്നു കരുതുന്ന മാവേലിക്കരയില്‍ യുഡിഎഫിന് വിജയ പ്രതീക്ഷ തന്നെയാണുള്ളതെങ്കിലും ചിറ്റയത്തിലൂടെ ആ പ്രതീക്ഷ തകര്‍ക്കുമെന്നാണ് ഇടതുപക്ഷവും സിപിഐയും ഉറപ്പിച്ച് പറയുന്നത്.
ആദ്യം ബിജെപി ഏറ്റെടുത്ത മാവേലിക്കര മണ്ഡലം വച്ചുമാറ്റത്തിലൂടെയാണ് ബിഡിജെഎസിന്റെ കൈകളിലെത്തിയതോടെയാണ് തഴവ സഹദേവന് നറുക്കു വീണത്. മാവേലിക്കര സഹദേവന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് പാര്‍ട്ടിക്കറിയാം. മാവേലിക്കര ഏറ്റെടുത്ത ബിഡിജെഎസിന് മറ്റു മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ തീരുമാനിക്കാനെടുത്ത കാലതാമസം ഇവിടെയുണ്ടായില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയില്‍ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ തഴവ സഹദേവനെ നേതൃത്വം ഞൊടിയിടയില്‍ കണ്ടെത്തുകയായിരുന്നു. കെഎസ്ആര്‍ടിസിയില്‍ സീനിയര്‍ സൂപ്രണ്ടായി വിരമിച്ചതാണ് സഹദേവന്‍. എന്നാല്‍ ഈ കൈകളില്‍ അഭിനയവും ഭദ്രമാണ്. നാടോടി മന്നന്‍, സൈറ, രാമന്‍, ഇവന്‍ മേഘരൂപന്‍ തുടങ്ങിയ സിനിമകളിലും പത്തോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിലും ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ക്കിടയില്‍ ആ താരപരിവേഷം തഴവ സഹദേവനെ തുണച്ചിട്ടുണ്ട്.
ശക്തമായ മത്സരം നടന്ന കുന്നത്തൂര്‍ മണ്ഡലത്തില്‍ 21,742 വോട്ട് നേടിയാണ് സഹദേവന്‍ മിന്നയത്. മാവേലിക്കര മണ്ഡലത്തില്‍ ബിഡിജെഎസിന് നിര്‍ദേശിക്കാവുന്ന മികച്ച സ്ഥാനാര്‍ഥി തന്നെയാണു തഴവ സഹദേവന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കന്നിക്കാരനാണ് സഹദേവന്‍. എന്നാല്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സുപരിചിതനായി മാറിയ അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും നര്‍മ്മം കലര്‍ന്ന സംഭാഷണവും ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്. ഇടത്- വലത് മുന്നണികള്‍ ജയിച്ചിട്ടുള്ള മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് സഹദേവന്‍ വോട്ട് തേടുന്നത്. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുകൂടിയായ കൊടിക്കുന്നില്‍ സുരേഷും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറുമാണ് സഹദേവന്റെ മുഖ്യ എതിരാളികള്‍. മുഖ്യ മുന്നണികള്‍ക്ക് ശക്തികേന്ദ്രങ്ങളായ അസംബ്ലി സെഗ്മെന്റുകള്‍ ഉള്ള ഒരു ലോകസഭാ മണ്ഡലം ആണ് മാവേലിക്കര. മാവേലിക്കരക്കാര്‍ ആരെ നെഞ്ചിലേറ്റുമെന്ന് നമുക്ക് കാത്തിരുന്ന് കാണുക തന്നെ വേണം.
Post Your Comments