Latest NewsSex & Relationships

വിവാഹം കഴിഞ്ഞിട്ടും എന്തിനും അമ്മയെ ആശ്രയിക്കുന്ന ഭര്‍ത്താവ്: പ്രണയിച്ച് വിവാഹം കഴിച്ച പെണ്‍കുട്ടിയുടെ വൈറല്‍ കുറിപ്പ്

ഇന്നത്തെ യുവത്വത്തിന്റെ ഭൂരിപക്ഷവും പ്രണയിച്ച് വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. പ്രണയിച്ച് വിവാഹം കഴിച്ചാല്‍ ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചകള്‍ കുറയുുമെന്നും രസ്പരം കൂടുതല്‍ മനസിലാക്കാന്‍ കഴിയുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ പ്രണയിച്ചിരുന്നപ്പോള്‍ പങ്കാളിയുടെ സ്വഭാവം മറ്റൊന്നായിരുന്നെന്നും വിവാഹം കഴിഞ്ഞപ്പോള്‍ അത് ആകെ മാറിയെന്നും പരാതിപ്പെടുന്നവരും അപൂര്‍വമല്ല. ഇതേ അനുഭവം വിവരിക്കുകയാണ് വിവാഹിതയും അമ്മയുമായ യുവതി. വിവാഹം കഴിഞ്ഞിട്ടും എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുന്ന യുവാവിനെക്കുറിച്ചാണ് യുവതിയുടെ കുറിപ്പ്. പ്രണയിച്ച് വിവഹം കഴിച്ചിട്ടും സ്വന്തം ഭര്‍ത്താവില്‍ നിന്നും നേരിടേണ്ടി വരുന്ന അവഗണനയെ കുറിച്ച് പറയുകയാണ് ഇവര്‍.

യുവതിയുടെ കുറിപ്പ് വായിക്കാം:-

യൂണിവേഴ്‌സിറ്റി കലോത്സവത്തിനിടെയാണ് ഞാനും രതീഷും (പേര് സങ്കല്‍പ്പം) പരിചയപ്പെട്ടത്. എന്നെക്കാള്‍ ഒരു വര്‍ഷം സീനിയറാണ്. സൗഹൃദത്തിലായിരുന്നു തുടക്കം. ക്രമേണ അത് പ്രണയമായി. പഠനം കഴിഞ്ഞ്, ജോലിയായതോടെ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. ആദ്യം ഇരു വീടുകളിലും ചെറിയ എതിര്‍പ്പുകളൊക്കെയുണ്ടായെങ്കിലും പിന്നീടെല്ലാവരും സമ്മതിച്ചു.

സന്തോഷകരമായ ഒരു ജീവിതമാകും ഞങ്ങളുടെതെന്നാണ് ഞാന്‍ കരുതിയത്. വിവാഹം കഴിഞ്ഞുള്ള ആദ്യ ദിവസങ്ങള്‍ അതിന്റെ സൂചന നല്‍കിയെങ്കിലും പെട്ടെന്നു തന്നെ അന്തരീക്ഷം മാറി. ചെറുതിലേ അച്ഛനെ നഷ്ടപ്പെട്ടതിനാല്‍, അദ്ദേഹം അമ്മയുമായി വളരെ അടുപ്പത്തിലായിരുന്നു. ഒരു ‘അമ്മക്കുട്ടി’ എന്നു തന്നെ പറയാം. മകന്റെ കാര്യത്തില്‍ അമ്മയ്ക്കും അമ്മയുടെ കാര്യത്തില്‍ മകനും വലിയ കരുതലായിരുന്നു.

ഞങ്ങള്‍ ഹണിമൂണ്‍ യാത്രയ്ക്കു പോയ ദിവസങ്ങളിലാണ് കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു തുടങ്ങിയത്. കുറച്ചു ദിവസം അമ്മയുടെ അടുക്കല്‍ നിന്നു മാറി നില്‍ക്കേണ്ടി വന്നതോടെ അദ്ദേഹത്തിന് ടെന്‍ഷനായി. യാത്രയിലുടന്നീളം അമ്മയുടെ ആരോഗ്യത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചുമൊക്കെ വേവലാതിപ്പെട്ടുകൊണ്ടിരുന്നു. ദിവസവും രണ്ടും മൂന്നും മണിക്കൂര്‍ ഫോണില്‍ അമ്മയുമായി സംസാരിക്കും. മാത്രമല്ല, ‘അമ്മേ പുറത്തേക്കു പോകുന്നു’, ‘അമ്മേ വെള്ളച്ചാട്ടം കാണാന്‍ പോകുന്നു’, ‘അമ്മേ ഭക്ഷണം കഴിക്കാന്‍ പോകുന്നു’ എന്നിങ്ങനെ എന്തു ചെയ്യും മുമ്പും അമ്മയെ വിളിച്ച് പറയുകയായിരുന്നു മറ്റൊരു ശീലം. ഭാര്യയായ എന്നെ തീരെയും പരിഗണിക്കാതെ, അമ്മയുടെ കാര്യങ്ങളില്‍ മാത്രം സദാസമയവും ശ്രദ്ധിച്ച്, അമ്മയുമായി മാത്രം വിശേഷങ്ങള്‍ പങ്കു വച്ച്, ഒരു അമ്മക്കുട്ടിയായി മാത്രം ജീവിക്കുന്നതായിരുന്നു അദ്ദേഹത്തിന് താല്‍പര്യം.

ഞങ്ങള്‍ തിരികെ വന്ന ശേഷം മറ്റൊരു സിറ്റിയിലേക്കു താമസം മാറ്റിയെങ്കിലും ഈ പതിവ് തുടര്‍ന്നുകൊണ്ടിരുന്നു. എന്നും അമ്മ വിളിക്കും, അവര്‍ മണിക്കൂറുകളോളം സംസാരിക്കും. അമ്മയും മകനും തമ്മില്‍ വിശേഷങ്ങള്‍ പറയും. തീരുമാനങ്ങളെടുക്കും. ഭാര്യയായ ഞാനെപ്പോഴും ആ വൃത്തത്തിനു പുറത്തായിരുന്നു. അദ്ദേഹത്തിന്റെ കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നതും, ഞങ്ങളുടെ ജീവിതമെങ്ങനെയായിരിക്കണമെന്നു തീരുമാനിക്കുന്നതുമൊക്കെ അമ്മയായിരുന്നു.

ഞാന്‍ ലേബര്‍ റൂമില്‍ വേദന കൊണ്ട് പുളഞ്ഞ് അദ്ദേഹത്തിന്റെ കയ്യില്‍ മുറുകെപ്പിടിക്കുമ്പോഴും അദ്ദേഹം ഫോണില്‍ അമ്മയോട് ദൃക്‌സാക്ഷി വിവരണം നടത്തുകയായിരുന്നു. അതൊക്കെ എന്നെ വല്ലാതെ മുറിപ്പെടുത്തി. അമ്മയും മകനും തമ്മില്‍ അകലണമെന്നോ, അവര്‍ തമ്മില്‍ സ്‌നേഹിക്കരുതെന്നോ അല്ല, എന്നെയും കൂടി അദ്ദേഹം പരിഗണിക്കണമെന്നതു മാത്രമായിരുന്നു എന്റെ ആവശ്യം. പരാതികളും പരിഭവങ്ങളുമൊന്നും വിലപ്പോയില്ല. ഞാന്‍ പതിയെപ്പതിയെ ഉള്‍വലിഞ്ഞു തുടങ്ങി. മക്കള്‍ ജനിച്ച് ഏറെക്കഴിയും മുമ്പേ അദ്ദേഹം എന്നെ പൂര്‍ണ്ണമായും അവഗണിച്ചു തുടങ്ങി. കണ്ടാല്‍ ചിരിക്കുക മാത്രം ചെയ്യുമെന്ന അവസ്ഥയിലെത്തി.

പുറത്തു നിന്നു നോക്കുന്നവര്‍ക്ക് എന്റെ ജീവിതം വളരെ ഹാപ്പിയാണ്. നല്ല ഭര്‍ത്താവ്, കുടുംബം, കുട്ടികള്‍, ജോലി….. പക്ഷേ യാഥാര്‍ത്ഥ്യം എനിക്കല്ലേ അറിയൂ. ഞാന്‍ ആരോടും പരാതി പറഞ്ഞിട്ടില്ല. മരിച്ചതിനു തുല്യം ജീവിക്കുന്നു. പക്ഷേ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ വേണ്ടിയിരുന്നില്ല എന്ന തോന്നലാണ്. ഞാന്‍ ആര്‍ക്കു വേണ്ടിയാണ് ഇങ്ങനെ സ്വയം ഹോമിക്കുന്നത്. എന്റെ മക്കള്‍ മാത്രമാണ് പ്രതീക്ഷ. അപ്പോഴും ഈ വലിയ വീട്ടില്‍ ആരുമില്ലാത്തവളെപ്പോലെ ഞാന്‍ ജീവിക്കുകയാണ്, സ്വയം നീറി….

shortlink

Related Articles

Post Your Comments

Related Articles


Back to top button