നമ്മുടെ ശരീരത്തിലെ ജലാംശം മാത്രമല്ല, എണ്ണമയം കൂടി നഷ്ടമാകുന്ന കാലമാണു വേനല്‍ക്കാലം നന്നായി വെള്ളം കുടിക്കുന്നതോടൊപ്പം മിതമായ അളവില്‍ പശുവിന്‍ നെയ്യ് കഴിക്കുന്നതും ഉത്തമം. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന ഈ ഗ്രീഷ്മ ഋതുവില്‍ ശരീരബലം നന്നായി കുറയാം. അസ്ഥി സന്ധികളില്‍ വേദനയും പുകച്ചിലും വരാം. ചിലര്‍ക്കു സന്ധികളില്‍ ചുവപ്പു നിറവും വന്നേക്കാം. മൂത്രം കുറയും. മൂത്രം ഒഴിക്കുമ്പോള്‍ വേദന വരാം. എരിച്ചിലും വിശപ്പില്ലായ്മയും തോന്നാം. മാനസിക വിഭ്രാന്തി, അസ്വാസ്ഥ്യം, നിര്‍ജലീകരണം ഛര്‍ദി എന്നിവയുണ്ടാകാം.
ദേഹമാസകലം വെളിച്ചെണ്ണ തേച്ച് അര മണിക്കൂര്‍ നേരം കഴിഞ്ഞ് കുളിക്കുന്നതാണു നല്ലത്. നല്ലെണ്ണ ഈ സമയത്ത് തേക്കരുത്. അതു ചൂടാണ്. ആര്യവേപ്പിന്‍ ഇല കഴുകി വൃത്തിയാക്കി മിക്‌സിയിലടിച്ച് അല്‍പനേരം ഫ്രിഡ്ജില്‍ വച്ച ശേഷം ശരീരത്തില്‍ തേച്ചു പിടിപ്പിച്ച് അരമണിക്കൂറിനുശേഷം കുളിച്ചാലും നല്ല സുഖം കിട്ടും. അര ഗ്ലാസ്സ് നെല്ലിക്കയെടുത്ത് മോരൊഴിച്ച് കുതിര്‍ത്ത് അരച്ചു കുഴമ്പാക്കി തലയില്‍ അരമണിക്കൂര്‍ പൊത്തിവച്ച ശേഷം കുളിച്ചാലും തണുപ്പു കിട്ടും. സോപ്പിനു പകരം ചെറുപയര്‍പൊടിയോ കടലമാവോ വാകപ്പൊടിയോ ചെമ്പരത്തി ഇലയും ആര്യവേപ്പിലയും ചേര്‍ത്ത താളിയോ ഉപയോഗിച്ചാല്‍ ചൂടു കുറയും.
എരുമപ്പാല്‍ തണുപ്പാണ്. അതില്ലെങ്കില്‍ പശുവിന്‍ പാല്‍, മുന്തിരിങ്ങ നീര്, ഉപ്പും പഞ്ചസാരയും ചേര്‍ത്ത ചെറുനാരങ്ങാ നീര്, കഞ്ഞിവെള്ളവും മോരും സമം ചേര്‍ത്ത് അല്‍പം ഉപ്പിട്ട പാനീയം. മാങ്ങയും മാങ്ങാ ജ്യൂസും, ഇളനീര്, കരിമ്പിന്‍ നീര്, മണ്‍കൂജയില്‍ വച്ച വെള്ളം എന്നീ പാനീയങ്ങളാകാം കിഴങ്ങു വര്‍ഗങ്ങള്‍ എല്ലാം തണുപ്പു നല്‍കും. ചെറുപഴം കൂടുതലാകാം. എരിവു കുറയ്ക്കാം. ഇറച്ചി ഒഴിവാക്കാം. കോരിക്കുളിയേക്കാള്‍ നല്ലത് ഷവര്‍ കുളിയാണ്. ഒഴുക്കുള്ള വെള്ളത്തിലുള്ള കുളിയും സുഖം പകരും. പകല്‍ ഇടയ്ക്കിടെ മുട്ടിനു താഴെ തണുത്ത വെള്ളം ഒഴിച്ചു കാലു കഴുകിയാല്‍ അതിന്റെ സുഖമൊന്നു വേറെ
Post Your Comments