കൊല്‍ക്കത്ത: രാഷ്ട്രീയ അടിത്തറ നഷ്ടമായാല്‍ ഒരാള്‍ എന്തു ചെയ്യുമെന്നതിന്റെ ഉദാഹരണമാണ് ദീദിയുടെ ദേഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മോദി രംഗത്തെത്തിയത്. ”സ്പീഡ് ബ്രേക്കര്‍ ദീദി” കേന്ദ്ര പദ്ധതികള്‍ക്ക് ബ്രേക്ക് വെച്ചതോടെ രാജ്യത്തെ മറ്റു പല ഭാഗങ്ങളിലെ ജനങ്ങള്‍ക്കും ലഭിച്ച വിവിധ പദ്ധതി ആനുകൂല്യങ്ങളും ബംഗാളിലെ ജനങ്ങള്‍ക്ക് ലഭിക്കാതെ വന്നുവെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനമെമ്പാടും ഗുണ്ടകളെ അഴിച്ച് വിട്ടതോടെ മമതയ്ക്ക് ജനങ്ങളുടെ പിന്തുണ നഷ്ടമായെന്നും ഇതോടെ ബംഗാളിലെ അടിത്തറ ഇല്ലാതായെന്നും മോദി പറഞ്ഞു.
ദേശവിരുദ്ധരെ പിന്തുണയ്ക്കുകയാണ് മമത ബാനര്‍ജി ചെയ്യുന്നത്. നിങ്ങള്‍ അവരില്‍ വിശ്വാസം അര്‍പ്പിക്കുന്നു എന്നാല്‍ അവര്‍ നിങ്ങളെ ചതിക്കുകയാണ് എന്നും നരേന്ദ്രമോദി പറഞ്ഞു. പശ്ചിമബംഗാളിലെ കൂച്ച് ബിഹാറില്‍ നടന്ന ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ലോക്സഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് മമത നടത്തുന്ന പ്രചരണങ്ങളില്‍ നിന്ന് അവരുടെ ഭയം മനസ്സിലാക്കാന്‍ കഴിയുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മമതാ ബാനര്‍ജിയുടെ മുദ്രാവാക്യങ്ങളായ മാതാവ്, മാതൃരാജ്യം, ജനങ്ങള്‍ എന്നൊക്കെ പറയുന്നുണ്ടെങ്കിലും ദേശവിരുദ്ധതയെ പിന്‍തുണയ്ക്കുന്ന നയമാണ് മമത ബാനര്‍ജി സ്വീകരിക്കുന്നതെന്നും രാജ്യ വിരുദ്ധരെ പിന്‍തുണയ്ക്കുന്നതിലൂടെ രാജ്യ വിഭജനമാണ് മമത ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post Your Comments