വീണ്ടും ആ പൊന്നുമോനെ കുറിച്ച് എഴുതണ്ടായെന്നു കരുതിയതാണ്.കഴിഞ്ഞ കുറേദിവസങ്ങളായി പ്രാര്‍ത്ഥിച്ചിരുന്നത് അവന്റെ മടങ്ങിവരവിനു വേണ്ടിയായിരുന്നു. ഇനിയത് വേണ്ടല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ നെഞ്ചു പിടയുന്നുണ്ട്.ഒപ്പം വെറുപ്പും അമര്‍ഷവും നുരഞ്ഞുപൊന്തുന്നത് അരുണെന്ന അവനോട് മാത്രമല്ല മറിച്ച് അഞ്ജനയെന്ന അവളോടും കൂടിയാണ്! പ്രമുഖതയൊന്നും അവകാശപ്പെടാനില്ലാത്തവരുടെ പേരും മേല്‍വിലാസവും ചിത്രങ്ങളും സഹിതം തുടര്‍ക്കഥകളായി പ്രസിദ്ധീകരിക്കുന്ന മാമാമാധ്യമങ്ങള്‍ അവള്‍ക്കായി പടച്ചുവിടുന്ന ന്യായീകരണത്തിന്റെയും സഹതാപത്തിന്റെയും നുണക്കഥകള്‍ കാണുമ്പോള്‍ രോഷം അടക്കാനാവുന്നില്ല!
അവള്‍ക്കും അവളുടെ വീട്ടുകാര്‍ക്കും മാത്രം പേരില്ല,മേല്‍വിലാസമില്ല,മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്.ഇതെന്ത് മാധ്യമധര്‍മ്മം?പ്രമുഖനായ ഒരുവന്റെ മകളായതുക്കൊണ്ട് മാത്രം യുവതിയെന്ന ആലങ്കാരികത നല്കി സേഫ്‌സോണില്‍ നിറുത്തി,അമ്മായിയമ്മ പറഞ്ഞ വാഭഗതികള്‍ നിരത്തിയാല്‍ അണപൊട്ടിയൊഴുകുന്ന ജനരോഷത്തില്‍ നിന്നും അവളെ രക്ഷിക്കാമെന്ന് മാധ്യമങ്ങളും അവളുടെ പ്രമുഖനായ അച്ഛനും കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി.ആ മുഖം വെറുപ്പിന്റെയും അറപ്പിന്റെയും പ്രതീകമായി എന്നേ മാറിക്കഴിഞ്ഞിരിക്കുന്നു!ഇന്നലെ വരെ ആ കുരുന്നിന്റെ മടങ്ങിവരവിനായി പ്രാര്‍ത്ഥിച്ചവര്‍ ഇന്നുമുതല്‍ പ്രാര്‍ത്ഥിക്കുക അവള്‍ക്ക്,അവള്‍ ചെയ്ത പാപത്തിനുള്ള ശിക്ഷയ്ക്ക് വേണ്ടിയായിരിക്കും. ഇഞ്ചിഞ്ചായി നരകയാതന അനുഭവിച്ച ശേഷം മാത്രമേ അവള്‍ ഈ ഭൂമിയില്‍ നിന്ന് പോകാവൂ.അവള്‍ നിസഹായയായിരുന്നു പോലും!എന്തിന്റെ പേരില്‍?ഭര്‍ത്താവിന്റെ ആത്മാവ് കൂടിയെന്ന് വിശ്വസിച്ച് ഒരുവനൊപ്പം ഒളിച്ചോടിയത്രേ!എജ്ജാതി ന്യായീകരണം!അവന്റെ വലയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല എന്നതൊക്കെ വിശ്വസിച്ചാല്‍ പോലും മൃതപ്രായനായ സ്വന്തം കുഞ്ഞിനെയുമെടുത്ത് ആശുപത്രിയില്‍ എത്തിയപ്പോള്‍ പോലും നുണ പറഞ്ഞ് ആ ക്രിമിനലിനെ രക്ഷിക്കാന്‍ നോക്കിയ മാനസികാവസ്ഥയെ എങ്ങനെ ന്യായീകരിക്കാനാവും?തന്റെ അരുമകുഞ്ഞിനെ ആ അവസ്ഥയിലാക്കിയ ഒരുവനെ നുണകൊണ്ട് രക്ഷിക്കാന്‍ ഒരമ്മയ്ക്ക് ആ സാഹചര്യത്തില്‍ കഴിയുമോ?പക്ഷേ അവര്‍ക്ക് അതിനു കഴിഞ്ഞു!അതിനര്‍ത്ഥം മാതൃത്വമെന്ന പരിപാവനതയേക്കാള്‍ വലുതായിരുന്നു അവള്‍ക്ക് ആ ക്രിമിനല്‍.അതുക്കൊണ്ടുതന്നെ അവള്‍ സഹതാപമര്‍ഹിക്കുന്നില്ല.ഒരര്‍ത്ഥത്തിലും!
സാഹചര്യത്തിന്റെ സമര്‍ദ്ദത്താല്‍ സ്വന്തം കുഞ്ഞുങ്ങളെ കൊല്ലേണ്ടിവന്ന അമ്മകഥാപാത്രങ്ങളെ നമ്മള്‍ തുലാഭാരത്തിലും തനിയാവര്‍ത്തനത്തിലും കണ്ടിരുന്നു! ആ അമ്മ കഥാപാത്രങ്ങള്‍ നെഞ്ചിലെ പൊളളല്‍ ഉരുളകളാക്കി ഊട്ടിയത് സ്‌നേഹക്കൂടുതല്‍ കൊണ്ടായിരുന്നു. ഇവിടെയോ? അന്ന് ആ അമ്മമാരുടെ നിസഹായതയോര്‍ത്ത് അവര്‍ക്കൊപ്പം നമ്മളും കരഞ്ഞു!ആസന്നമായ മരണമെത്തുന്നതിനു മുമ്പേ തന്റെ അരുമക്കുഞ്ഞുങ്ങളെ സുരക്ഷിതരാക്കാന്‍ നെട്ടോട്ടമോടുന്ന ഒരമ്മയെ ആകാശദൂതില്‍ കണ്ട് കരഞ്ഞവരാണ് നമ്മള്‍!അഭ്രപാളികളില്‍ കണ്ട ആ അമ്മമാര്‍ക്ക് അതിനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ!ആ നിസഹായവസ്ഥയെ ഉള്ളുതൊട്ടറിഞ്ഞതുക്കൊണ്ടാണ് ആ ചലച്ചിത്രങ്ങള്‍ കണ്ടപ്പോള്‍ നമ്മളും കരഞ്ഞത്.പക്ഷേ ഇവിടെ മാധ്യമങ്ങള്‍ പതംപറയുന്ന നിസഹായാവസ്ഥ അവളില്‍ കാണാന്‍ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല!ഇവിടെ സംരക്ഷിക്കേണ്ടവള്‍ തന്നെ ആ കുരുന്നിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു!ഇനിയുള്ള നാലുവയസ്സുകാരന്റെ സംരക്ഷണമാണ് മുഖ്യം.നാളെ സഹതാപമാപിനിയിലൂടെ നോക്കി നിസഹായതയുടെ തീവ്രതയളക്കുമ്പോള്‍ അവളായിരുന്നു ശരിയെന്ന് തോന്നി ആ കുരുന്നിനെ അവള്‍ക്കൊപ്പം വിട്ടുകൊടുക്കപ്പെടാം.കേസില്‍ പ്രതി ചേര്‍ക്കപ്പെടാതിരിക്കാന്‍ എളുപ്പവും അതാണല്ലോ!അങ്ങനെ വരുമ്പോള്‍ മറ്റൊരുവനില്‍ ഭര്‍ത്താവിന്റെ ആത്മാവ് ആവാഹിക്കപ്പെട്ടുവെന്ന തോന്നല്‍ ആവര്‍ത്തിച്ചേക്കും!അവനൊപ്പം പാതിരാത്രി ഈ നാലുവയസ്സുകാരനെ വീട്ടില്‍ തനിച്ചാക്കി ആ അമ്മ സൈ്വര്യവിഹാരം നടത്തിയേക്കും!മദ്യലഹരിയില്‍ മടങ്ങിവരുന്ന ആ ജാരനും അവന്റെ കൈത്തരിപ്പ് തീര്‍ക്കാന്‍ തോന്നുന്നത് ആ കുരുന്നിനോടാവും.ജാരനെ വല്ലാതെ ഭയക്കുന്ന ആ അമ്മ അന്നും ആശുപത്രിയിലോടി സോഫയില്‍ നിന്നും വീണുവെന്ന കള്ളം പറഞ്ഞേക്കും!അന്നും പത്രമാധ്യമങ്ങള്‍ യുവതിക്കായി സൈക്കോസിസിന്റെ അനന്തസാധ്യതകള്‍ തേടും!കാരണം അവള്‍ പ്രമുഖന്റെ മകളാണ്!
ഏതോ ഒരു ചാനലില്‍ ഒരുച്ച നേരത്താണ് അമ്മയ്‌ക്കൊപ്പമിരുന്ന് ‘കാണാതായ പെണ്‍കുട്ടി ‘യെന്ന ചിത്രം കണ്ടത്.കാമുകനുമായുളള രഹസ്യസമാഗമം കണ്ട മകളെ കൊല്ലാന്‍ കൂട്ടുനിന്ന ജയഭാരതിയുടെ അമ്മ കഥാപാത്രത്തോട് തോന്നിയ വെറുപ്പും ഭയവും മാറിയത് ‘ അത് സിനിമയല്ലേ,ജീവിതമല്ലല്ലോയെന്ന അമ്മയുടെ സമാശ്വസിപ്പിക്കലും മടിയില്‍ കിടത്തി മുടിയിഴകളെ തഴുകിയുറക്കിയ സ്‌നേഹപ്രകടനവുമായിരുന്നു. അല്ലെങ്കിലും അമ്മയെന്ന വാക്കിനു സ്‌നേഹമെന്നു മാത്രമല്ലേ അര്‍ത്ഥമുള്ളൂവെന്ന് പഠിപ്പിച്ചത് സ്വാനുഭവങ്ങളായിരുന്നു. ഞാന്‍ കണ്ട, അടുത്തറിഞ്ഞ മാതൃത്വങ്ങളെല്ലാം സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവുകളായിരുന്നു.പഠിച്ചതും വായിച്ചറിഞ്ഞതുമായ പുസ്തകങ്ങളിലെല്ലാം അമ്മയ്ക്ക് പര്യായം ത്യാഗമെന്നുകൂടിയായിരുന്നു. ഋതുഭേദങ്ങള്‍ക്കപ്പുറമാണ് ഓരോ അമ്മ മനസ്സും. അതുകൊണ്ടാണ് സ്വന്തം അരവയര്‍ മുറുക്കിപ്പിടിച്ചും മക്കള്‍ക്ക് നിറവയറൊരുക്കാന്‍ അമ്മമാര്‍ക്ക് കഴിയുന്നത്. മക്കള്‍ക്ക് ഒരു ചെറുപനി വന്നാല്‍ ഉറക്കമൊഴിഞ്ഞ് വേവുന്ന മനസ്സുമായി അവര്‍ക്ക് കാവലിരിക്കാന്‍ കഴിയുന്നത്.. വറുതിയില്‍ പോലും മക്കളെ നോക്കി ചിരിക്കാന്‍ കഴിയുന്നതും അമ്മമാര്‍ക്ക് തന്നെയാണ്. നോവിന്റെ കടലാഴങ്ങള്‍ താണ്ടുമ്പോഴും ഓരോ അമ്മയും പുഞ്ചിരിക്കുന്നത് മക്കളെ ക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ടാണ്.
പക്ഷേ ഈയടുത്തക്കാലത്തായി കാണുന്ന കാഴ്ചകളില്‍ അമ്മയെന്ന ഭൂമിയില്‍ പകരം വയ്ക്കാനാകാത്ത സ്‌നേഹത്തെ തിരുത്തിയെഴുതിക്കുന്നു ചില നെറികെട്ട ജന്മങ്ങള്‍.. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ക്രൂരയാവാന്‍ മാതൃത്വത്തിനു കഴിയുമെന്ന് കാട്ടിത്തന്ന നിരവധി സംഭവങ്ങള്‍..കാമുകനൊപ്പം സുഖജീവിതം നയിക്കുവാന്‍ വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന അനുശാന്തി.. മരവിച്ച ആ ശരീരത്തെ നിര്‍വികാരയായി നോക്കി നിന്നു അവളിലെ മാതൃത്വം.. ഇന്നിപ്പോള്‍ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലില്‍ ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട് ഒരുക്കി ദിവസങ്ങള്‍ തളളി നീക്കുന്നു അവര്‍.. വിടരും മുമ്പേ തല്ലിക്കെടുത്തിയ സ്വാസ്തികയെന്ന ഓമനയെ പകരം വയ്ക്കാന്‍ എത്ര പഞ്ചാഗ്‌നികളില്‍ വെന്തുരുകിയാലും അവള്‍ക്ക് കഴിയുമോ? ദാമ്പത്യത്തിന്റെ അസ്വാരസ്യങ്ങള്‍ അല്ല അവളെ കൊണ്ടത് ചെയ്യിച്ചത്.അപഥസഞ്ചാരത്തിന്റെ ത്രസിപ്പിക്കുന്ന ചിലന്തിവലയ്ക്കുളളില്‍ കുടുങ്ങിപ്പോയ അവള്‍ക്ക് ഭര്‍ത്താവും മകളും ഒരു വിലങ്ങുതടിയായി തോന്നി.ആ തോന്നലില്‍ ഒരു യുവാവിനു നഷ്ടമായത് സ്വന്തം അമ്മയും മകളും ജീവിതവും..
പിന്നെയും കണ്ടു, കേട്ടു ഒരുപാട് ക്രൂരതയുടെ അമ്മ മുഖങ്ങളെ. നൊന്തു പെറ്റ മകനെ ശ്വാസംമുട്ടിച്ചു കൊന്നിട്ട് അത് നിര്‍വികാരയായി പോലീസിനോട് വിവരിച്ച ജയമോള്‍ കാമുകനൊപ്പം ഒളിച്ചോടുമ്പോള്‍ പിഞ്ചുബാല്യങ്ങളെ മറക്കുന്ന എണ്ണമറ്റ അമ്മമാര്‍ പച്ചനോട്ടുകള്‍ക്ക് വേണ്ടി സ്വന്തം മക്കളുടെ മാനം വിലപേശി വില്ക്കുന്ന അമ്മമാര്‍ ആഗ്രഹിക്കാതെ ഉദരത്തില്‍ മുളച്ചതുകൊണ്ട് മാത്രം ജനിച്ചയുടനെ ശ്വാസം മുട്ടിച്ചു ക്കൊല്ലാന്‍ മടിക്കാത്ത മാതൃത്വത്തെയും നമ്മള്‍ കണ്ടിരുന്നു!പക്ഷേ സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ പൈശാചികഭാവത്തെ മലയാളികള്‍ കണ്ടത് പിണറായിയിലെ സൗമ്യയിലായിരുന്നു.നിമിഷസുഖത്തിനു വേണ്ടി മാത്രം തനിക്കു ജന്മം നല്കിയവരെയും താന്‍ ജന്മം നല്കിയ കുരുന്നുകളെയും വിഷം കൊടുത്തു കൊന്ന ക്രൂരത പിന്നീടവള്‍ കുറ്റബോധത്തിന്റെ പഞ്ചാഗ്‌നിയില്‍ വെന്തുരുകി സ്വയം മരണത്തെ വരിച്ചു!ഇന്നും ദുരൂഹമാണ് ആ പെണ്‍ജന്മവും അവളുടെ അവസാനവും!ശിഥിലമായ കുടുംബബന്ധത്തിന്റെ ഇരയെന്നൊക്കെ പറഞ്ഞ് വേണമെങ്കില്‍ നമുക്ക് സൗമ്യയെ ന്യായീകരിക്കാം.എന്നാല്‍ ഇന്ന് തൊടുപുഴയിലെ അമ്മ കഥാപാത്രം മാത്രം ചില പ്രിവിലേജുകളുടെ ആനുകൂല്യത്താല്‍ മുഖമില്ലാത്ത,പേരില്ലാത്ത നിസഹായതയുടെ പ്രതീകമായി ചിത്രീകരിക്കപ്പെടുന്നു.
ശിഥിലമാക്കപ്പെട്ട കുടുംബ ബന്ധങ്ങളാണ് സ്ത്രീകളെ കൊണ്ട് ക്രൂരകൃത്യങ്ങള്‍ ചെയ്യിക്കുന്നതെന്ന വാദമുഖങ്ങള്‍ പരക്കെ കേള്‍ക്കുന്നുണ്ട്. സ്ത്രീ ഇന്ന് ഏറെക്കുറെ സ്വയംപര്യാപ്തയാണ്. കേട്ടറിഞ്ഞിടത്തോളം നിയമപരമായി അരുണിനെ വിവാഹം കഴിച്ചുവളല്ല അഞ്ജന.. അത്രമേല്‍ ബോള്‍ഡായി ജീവിതപങ്കാളിയെ തിരഞ്ഞെടുത്ത ഒരുവള്‍ക്ക് കുടുംബ ബന്ധത്തിലെ പാളിച്ച ഒരു പ്രശ്‌നമാകില്ല തന്നെ.നൈമിഷിക സുഖത്തിനു വേണ്ടി സ്വന്തം ചോരയെ ഇല്ലാതാക്കുന്നവളെയും അതിനു കൂട്ടുനില്ക്കുന്നവളേയും മനശാസ്ത്രപരമായി ന്യായീകരിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്റെ പോസ്റ്റ് വായിക്കാനിടയായി. അല്ലെങ്കിലും ഇപ്പോഴത്തെ പുതിയൊരു പ്രവണത രാജ്യദ്രോഹം, പെണ്‍വാണിഭം, കൊലപാതകം, ബലാത്സംഗം ,കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയവ ചെയ്യുന്ന മഹാന്മാരെ അത്തരം സല്‍കര്‍മ്മത്തിനു പ്രേരിപ്പിക്കുന്നത് സമൂഹമാണെന്നും അവരുടെ മാനുഷിക മൂല്യങ്ങളും ജീവനും ജീവിതവും സംരക്ഷിക്കുന്നില്ലെന്നും ആ കുറ്റകൃത്യത്തിനുളള പങ്ക് നാം സഹജീവികള്‍ വീതിച്ചെടുക്കണമെന്നും തിട്ടൂരമുണ്ടാക്കി നാലാളറിയാന്‍ വാദിക്കുകയെന്നതാണല്ലോ. ഇത്തരം പൊളിറ്റിക്കല്‍ കറക്ട്‌നസ് താങ്ങാന്‍ കഴിയാത്ത സാധാരണക്കാരെ ബുദ്ധിജീവികള്‍ക്ക് തീരെ പിടുത്തമില്ല താനും .ഇത്തരക്കാരുടെ അബദ്ധജഡിലങ്ങളായ സൈദ്ധാന്തിക തത്വജ്ഞാനങ്ങളാണ് ഇവളുമാര്‍ക്കും ബാലപീഡകന്മാര്‍ക്കും മേയാനുളള വളക്കൂറുളള മണ്ണായി നാടിനെ മാറ്റുന്നതും. കൊല്ലുന്നവര്‍ക്ക് മാത്രമല്ലാ, കൊല്ലപ്പെടുന്നവര്‍ക്കുമുണ്ട് മനുഷ്യാവകാശങ്ങള്‍..
ഇനി ഈ കൊലപാതകങ്ങള്‍ ചെയ്തത് അച്ഛനായിരുന്നുവെങ്കില്‍ ചര്‍ച്ചയാക്കാന്‍ ഫെമിനിസ്റ്റുകള്‍ മത്സരിച്ചേനേ.. സ്വന്തം സുഖത്തിനു വേണ്ടിയുളള വിമോചനത്തിനായുളള പരക്ക പാച്ചിലില്‍ പലപ്പോഴും അവള്‍ക്ക് കെട്ടിയവനെയും പെറ്റ കുഞ്ഞിനെയും കുടുംബത്തെയും കാണാനുള്ള കണ്ണുകളില്ല.. നിമിഷ നേരത്തെ സുഖത്തിനു വേണ്ടി ജന്മം കൊടുത്ത സ്വന്തം രക്തത്തെ അരിഞ്ഞു തള്ളുന്നവള്‍ക്കെതിരെ വാളെടുക്കാന്‍ പക്ഷേ അഭിനവ ഫെമിനിച്ചികള്‍ക്ക് കഴിയുന്നില്ല…. അല്ലെങ്കിലും സ്ത്രീപക്ഷ മാനുഫെസ്റ്റോയില്‍ കുടുംബം, ഭര്‍ത്താവ്, അച്ഛന്‍, കൂടപ്പിറപ്പ്, കുഞ്ഞ് ഇത്യാദികള്‍ക്ക് ഭ്രഷ്ടല്ലേ… കറങ്ങി നടന്ന് കണ്ടിടം നിരങ്ങാനും വേഷം കെട്ടാനും വെള്ളമടിക്കാനും മര്യാദയ്ക്ക് നടക്കുന്ന ആണിന്റെ പുറത്ത് കുതിര കയറാനും വേണ്ടി മാത്രം ഫെമിനിസ്റ്റുകളാകുന്ന പെണ്‍ കോലങ്ങള്‍ സ്ത്രീ ക്രിമിനലുകളെ കണ്ടില്ലെന്നു നടിക്കുന്നത് സ്വന്തം പ്രതിബിംബങ്ങളെ അവരില്‍ കാണുന്നത് കൊണ്ടാണ്.. കുറ്റവാളികളും കുറ്റവാസനയും ലിംഗഭേദമേന്യേ സമൂഹത്തിലുണ്ട്. ആ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ പുരുഷന്റെ തെറ്റുകള്‍ മാത്രം പര്‍വ്വതികരിക്കാതെ വിടരാന്‍ തുടങ്ങും മുമ്പേ പൂമൊട്ടുകളെ തല്ലിക്കൊഴിക്കുന്ന നെറികെട്ട ജന്മങ്ങളെ ഒരുമിച്ച് ഒറ്റപ്പെടുത്താം.. നിയമസംഹിതകളുടെ വിടവിലൂടെ രക്ഷപ്പെടാനനുവദിക്കാതെ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പോരാടാം.
Post Your Comments