തൊടുപുഴ : അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിനിരയായ ഏഴുവയസുകാരൻ ഒടുവിൽ മരണത്തിന് കീഴടങ്ങി. സംഭവം നടന്ന് പത്ത് ദിവസത്തിന് ശേഷമാണ് വെന്റിനേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്ന് രാവിലെ 11 :30 വിടവാങ്ങിയത്. ഇതോടെ പ്രതിയായ തിരുവനന്തപുരം സ്വദേശി അരുൺ ആനന്ദിനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി.
അരുണിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പല കേസുകളും പ്രതിയാണ് അരുണ്‍. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ഇളകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നതും പരിഗണനയിലായിരുന്നു. തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
മാർച്ച് 28 നായിരുന്നു ദാരുണ സംഭവം നടന്നത്. അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദും അമ്മയും രാത്രിയിൽ പുറത്തുപോയി വന്നപ്പോൾ ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചുവെന്ന പേരിൽ മൂത്തകുട്ടിയായ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി അബോധാവസ്ഥയിലായി. കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോലഞ്ചേരിയില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടി വീണ് തലയ്ക്ക് പരുക്കേറ്റതാണെന്നാണ് അരുണും കുട്ടിയുടെ അമ്മയും ആശുപത്രിയില്‍ പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പോലീസില്‍ വിവരമറിയിച്ചത്.
ചോദിച്ചതിനു വ്യക്തമായ മറുപടി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു ഏഴു വയസുകാരനെ നിലത്തിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. വീണു കിടന്ന കുട്ടിയുടെ തലയില്‍ ഇയാള്‍ പലവട്ടം ചവിട്ടി. ചവിട്ടേറ്റാണ് തലയ്ക്കു പിന്നിലായി ആഴത്തില്‍ മുറിവുണ്ടായത്. ഇളയ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കുട്ടികളെ നിരന്തരം ഇയാൾ ഉപദ്രവിക്കാറുണ്ടായിരുന്നു. പ്രതി ഏഴ് വയസുകാരനെ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഒരു വര്‍ഷം മുമ്പാണ് കുട്ടികളുടെ പിതാവ് ബിജു മരിക്കുന്നത്. ഇതിനുശേഷമാണ് അരുണ്‍ ഇവര്‍ക്കൊപ്പം താസിക്കാന്‍ തുടങ്ങുന്നത്. ഇയാള്‍ കുട്ടികളുടെ ബന്ധുകൂടിയാണ്. കൊലപാതക കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ് അരുൺ. ബിജുവിന്റെ മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
Post Your Comments