KeralaLatest NewsIndia

രണ്ടുവർഷം മുൻപ് ഭക്ഷണം വാങ്ങാൻ പോയ ദമ്പതികളുടെ തിരോധാനത്തിൽ ദുരൂഹത തുടരുന്നു, ഹാഷിം ഒറ്റയ്ക്ക് പീരുമേട്ടില്‍ എത്തി

അന്വേഷണം നടത്തുന്നതിനിടെ ദമ്പതികളെ രാജസ്ഥാനിലെ അജ്മീറില്‍ കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു.

കോട്ടയം: രണ്ടു വര്‍ഷംമുൻപ് ഏപ്രിൽ ആറിന് രാത്രിയില്‍ ഭക്ഷണം വാങ്ങാന്‍ പുറത്തേക്കു പോയ അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷി(42)മും ഭാര്യ ഹബീബ (37)യും എവിടെയെന്ന് യാതൊരു എത്തും പിടിയുമില്ലാതെ അന്വേഷണ സംഘം.ദുരൂഹതയുണര്‍ത്തിയ തിരോധാനം അറുപുറ നിവാസികള്‍ക്കു മുന്നില്‍ ഇപ്പോഴും ചോദ്യചിഹ് നമായി അവശേഷിക്കുന്നു. 2017 ഏപ്രില്‍ ആറിന് രാത്രി 9.15നാണു ഭക്ഷണം വാങ്ങാനെന്നു പറഞ്ഞ് പുതിയ വാഗണ്‍ ആര്‍ കാറില്‍ ഹാഷിം ഹബീബയുമായി വീട്ടില്‍ നിന്നു പോകുന്നത്.

പിന്നീട്, ഇവരെക്കുറിച്ചോ, ഇവര്‍ പോയ കാറിനെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിട്ടില്ല. ആദ്യം ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. കാണാതായ സമയത്ത് ഹാഷിം മൊബൈൽ ഫോണ്‍, എ.ടി.എം. കാര്‍ഡ്, പഴ്സ്,ലൈസന്‍സ് എന്നിവ എടുത്തിരുന്നില്ല. കാണാതായതിനു പിന്നാലെ പോലീസ് കോട്ടയം, ഇടുക്കി ജില്ലകള്‍ കേന്ദ്രീകരിച്ചു വ്യാപക അന്വേഷണം നടത്തിയിരുന്നു. കാര്‍ വെള്ളത്തില്‍ മുങ്ങിയതാണെന്ന സംശയത്തില്‍ സമീപത്തെ പുഴ, തോടുകള്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയിരുന്നു.

പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചും പരിശോധന നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. കാണാതായതിന്റെ തലേന്നു ഹാഷിം ഒറ്റയ്ക്ക് പീരുമേട്ടില്‍ എത്തിയതായും മൊെബെല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ചില സംശയങ്ങള്‍ ഉന്നയിച്ചെങ്കിലും ഹൈറേഞ്ച് മേഖല കേന്ദ്രീകരിച്ച്‌ പോലീസ് കാര്യമായ അന്വേഷണം നടത്തിയില്ലെന്നു പരാതിയുണ്ട്. വാങ്ങി രണ്ടുമാസമായിട്ടും പുതിയകാര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നതും ഫോണും പണവും മറ്റ് രേഖകളും എടുക്കാതെ യാത്രയ്ക്ക് പുറപ്പെട്ടതും ദൂരൂഹമായി തുടരുന്നു. പിന്നീട്, കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തുന്നതിനിടെ ദമ്പതികളെ രാജസ്ഥാനിലെ അജ്മീറില്‍ കണ്ടുവെന്ന വിവരം ലഭിച്ചിരുന്നു.

ഹബീബയെന്നു സംശയം തോന്നിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍, പോലീസ് ഒരാഴ്ച അജ്മീറില്‍ താമസിച്ചു പരിശോധന നടത്തിയെങ്കിലും ഇവരെക്കുറിച്ചു വിവരങ്ങൾ ഒന്നുമില്ലായിരുന്നു. ഇരുവരെയും കണ്ടെത്താന്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു ഹാഷിമിന്റെ പിതാവ് അബ്ദുല്‍ഖാദര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണനയിലാണ്. രണ്ടുകുട്ടികളുടെ സംരക്ഷണച്ചുമതല അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വേണമെന്നും വിദേശത്തേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ട് ഹബീബയുടെ ബന്ധുക്കളും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഇത്‌വരെ യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്.

shortlink

Post Your Comments


Back to top button