കോട്ടയം:ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെയാണ് കാര്‍ സഹിതം കോട്ടയത്തെ ദമ്പതികള്‍ കാണാമറയത്തേയ്ക്ക് മറഞ്ഞത്. കാണാതായതിനു ശേഷം സിസി കാമറ ദൃശ്യങ്ങളില്‍ പോലും കാര്‍ പെട്ടിട്ടില്ല . കോട്ടയത്തു നിന്ന് ഒരു വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ദമ്പതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
താഴത്തങ്ങാടിയില്‍ നിന്നും ഒരു വര്‍ഷം മുമ്പാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ഉള്‍പ്പെടെ കാണാതായ ദമ്പതിമാരുടെ തിരോധാനത്തില്‍ ക്രൈം ബ്രാഞ്ച് സംഘം വീണ്ടും തിരച്ചില്‍ തുടങ്ങി. കുമരകം പ്രദേശത്ത് സീഡാക്കിന്റെ പ്രത്യേക സ്‌കാനര്‍ ഉപയോഗിച്ചാണ് അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നത്. രണ്ട് ദിവസം തിരച്ചില്‍ തുടരുമെന്ന് ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആന്‍ഡ് ഹോമിസൈഡ് ഡി.വൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.
2017 ഏപ്രില്‍ 6നാണ് താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42) ഭാര്യ ഹബീബ (37) എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ താഴത്തങ്ങാടിയില്‍ നിന്ന് കാണാതായത്. ഹര്‍ത്താല്‍ ദിനത്തില്‍ കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാനെന്ന പേരില്‍ വീട്ടില്‍ നിന്ന് പുറത്തു പോയ ഇരുവരേയും കാണാതാകുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. വെസ്റ്റ് പൊലീസ് അന്വേഷിച്ച ശേഷമാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹാഷിമിനേയും ഭാര്യ ഹബീബയേയും അജ്മീര്‍ ദര്‍ഗയില്‍ കണ്ടെത്തിയെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളം ക്രൈം ബ്രാഞ്ച് സംഘം ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പിതാവ് അബ്ദുള്‍ ഖാദര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് പൊലീസ് സംഘം വീണ്ടും കുമരകം ചീപ്പുങ്കലിലും വേമ്പനാട്ട് കായലിലും റോഡ്സൈഡ് വരുന്ന തോടുകളിലുമാണ് അന്വേഷണ സംഘം തിരച്ചില്‍ നടത്തുന്നത്. തിരുവനന്തപുരത്തു നിന്നും എത്തിച്ച സിഡാക്കിന്റെ വെള്ളത്തിന് അടിയില്‍ പോലും പരിശോധിക്കാന്‍ സാധിക്കുന്ന പ്രത്യേക ശേഷിയുള്ള സ്‌കാനറാണ് തിരച്ചിലിനായി ഉപയോഗിക്കുന്നത്. നേരത്തെ ഇത് ഉപയോഗിച്ച് ലോക്കല്‍ പൊലീസും തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, ഇതുവരെയും കൃത്യമായ സൂചനകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടില്ല. താഴത്തങ്ങാടിയിലും കുമരകത്തും അറുപറയിലും അടക്കമുള്ള സ്ഥലങ്ങളില്‍ രണ്ടു ദിവസം സമാന രീതിയില്‍ തിരച്ചില്‍ തുടരുന്നതിനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.
Post Your Comments