എറണാകുളം : കോതമംഗലത്ത് കോടികണക്കിന് രൂപയുടെ വിസ തട്ടിപ്പാണ് നടന്നതെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ കിട്ടിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിദേശജോലി വാഗ്ദാനം ചെയ്ത് 32 പേരില്‍ നിന്നായി ഒരുകോടിയിലേറെ രൂപ തട്ടിയ പാലക്കാട് മലമ്പുഴ സ്വദേശി മണലി ഭാഗത്ത് വാടകക്ക് താമസിക്കുന്ന രാജ് നിവാസില്‍ രാജേഷ് രാജുവിനെ (38) കഴിഞ്ഞ ദിവസം കോതമംഗലം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ആകര്‍ഷകമായ പത്ര പരസ്യം നല്‍കിയാണ് ഇയാള്‍ ഉപഭോക്തക്കളെ വലയിലാക്കിയിരുന്നത. അന്തര്‍ സംസ്ഥാന വ്യാജ വിസ തട്ടിപ്പ് കേസിലെ കണ്ണിയായ ഇയാള്‍ പൊലിസിന് പിടികൊടുക്കാതെ നാളുകളായി മുങ്ങി നടക്കുകയായിരുന്നു.തമിഴ്‌നാട് ഉടുമല്‍പ്പെട്ടയില്‍ ട്രാഫിക് സിഗ്‌നലില്‍ കുരുങ്ങിയപ്പോള്‍ ചൊവ്വാഴ്ച വൈകുന്നേരം സാഹസികമായാണ് ഇയാളെ പൊലീസ് പിടികൂടിയത്.
കോതമംഗലം ചെറുപള്ളിത്താഴത്ത് പ്രവര്‍ത്തിച്ചിരുന്ന എക്‌സാം പോയിന്റ് എന്ന സ്ഥാപന ഉടമയെ ഇടനിലക്കാരനാക്കി മുപ്പതിലേറെ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് 56 ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തതായാണ് കേസ്. ന്യൂസിലാന്റ്,ഓട്സട്രേലിയ,നോര്‍വെ എന്നിവിടങ്ങളില്‍ നഴ്സിംഗ് ഉള്‍പ്പടെയുള്ള ജോലികള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. .ഇടനിലക്കാരനായിരുന്ന സ്ഥാപനഉടമ ചേലാട് സ്വദേശി എബിന്‍ ബോബന്‍ നല്‍കിയ പരാതിപ്രകാരമാണ് അറസ്റ്റ്. എബിന്‍ ബോബനും വിദേശത്ത് പോകുവാനായി പ്രതിക്ക് പണം നല്‍കിയിരുന്നതായി പരാതിയില്‍ പറയുന്നു. ഉദ്യോഗാര്‍ഥികളില്‍ ചിലരെ ഇയാള്‍ വിദേശത്തേക്ക് അയച്ചിരുന്നു.അവരെല്ലാം ജോലി ലഭിക്കാതെ വിദേശത്ത് കുടുങ്ങി. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ട ഇവര്‍ പണം തിരികെ ആവശ്യപ്പെട്ടു തുടങ്ങിയതോടെ രാജേഷ് മുങ്ങുകയായിരുന്നു.
Post Your Comments