ന്യൂഡല്‍ഹി: അഞ്ചുകോടി രൂപ കോഴ കൈപറ്റാന്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന വീഡിയോ ദൃശ്യം ശാസ്ത്രീയ പരിശോധനയ്ക്കായി ഏത് അന്വേഷണ ഏജന്‍സിക്കും കൈമാറാന്‍ ഒരുക്കമാണെന്ന് ‘ടിവി 9 ഭാരത്വര്‍ഷ്’ വാര്‍ത്താചാനല്‍. തെരഞ്ഞെടുപ്പ് കാലയളവിലെ അഴിമതിയും കള്ളപ്പണ ഉപയോഗവും പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഒളിക്യാമറാ ഓപ്പറേഷന്‍ നടത്തിയതെന്നും പുറത്തുവിട്ട ദൃശ്യങ്ങളിലും സംഭാഷണങ്ങളിലും കൃത്രിമം നടത്തിയിട്ടില്ലെന്നും ടിവി 9 ഗ്രൂപ്പ് എഡിറ്റര്‍ വിനോദ് കാപ്രി ദേശാഭിമാനിയോട് പറഞ്ഞു.
തന്റെ ശബ്ദം ഡബ്ബ് ചെയ്തുചേര്‍ത്തതാണെന്ന എം കെ രാഘവന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. അദ്ദേഹത്തിന്റെ ദൃശ്യങ്ങളും ശബ്ദവും തന്നെയാണ് സംപ്രേഷണം ചെയ്തത്. വീഡിയോ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിക്ക് (സിഎഫ്എസ്എല്‍) കൈമാറാന്‍ തയ്യാറാണ്. ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് പരിശോധിക്കാം. ഏത് അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ടാലും ദൃശ്യങ്ങള്‍ കൈമാറും. അഴിമതിക്കാരായ ജനപ്രതിനിധികള്‍ തുറന്നുകാട്ടപ്പെടണം.
ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നില്‍ സിപിഐ എമ്മാണെന്നും തങ്ങളുടെ ചാനല്‍ പ്രവര്‍ത്തകര്‍ സിപിഐ എമ്മിന്റെ ആതിഥേയത്വം സ്വീകരിച്ചുവെന്നും മറ്റുമുള്ള രാഘവന്റെ ആരോപണങ്ങള്‍ അസംബന്ധമാണ്. വിവിധ പാര്‍ടികളില്‍പ്പെട്ട 18 ഓളം എംപിമാരെ സമീപിച്ചു. ഇതില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും മറ്റ് പാര്‍ടിക്കാരുമുണ്ട്. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ കള്ളപണം ഉപയോഗിച്ചതായും പലരുടെയും അഴിമതി ബന്ധങ്ങളെ കുറിച്ചും വിവരം ലഭിച്ചു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 20 കോടിയോളം രൂപ ചെലവായതായും ഹൈക്കമാന്‍ഡില്‍ നിന്ന് പണമായി രണ്ടുകോടി രൂപ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞതാണ്. പോളിങ് ദിവസം വോട്ടര്‍മാര്‍ക്ക് മദ്യം നല്‍കാറുണ്ടെന്നും തുറന്നുപറഞ്ഞു. ഹോട്ടല്‍ ഭൂമിയ്ക്കായി അഞ്ചുകോടി നല്‍കാമെന്ന് പറയുമ്പോള്‍ നിഷേധിക്കുന്നില്ല. ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ സെക്രട്ടറിയെ ബന്ധപ്പെടാനാണ് പറയുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷ. രാഷ്ട്രീയത്തിലെ അഴിമതിയ്‌ക്കെതിരായ പ്രവര്‍ത്തനവുമായി ‘ടിവി 9 ഭാരത്വര്‍ഷ്’ ചാനല്‍ മുന്നോട്ടുപോവുക തന്നെ ചെയ്യും– വിനോദ് കാപ്രി പറഞ്ഞു.
Post Your Comments