![](/wp-content/uploads/2019/04/congress-president-rahul-gandhi-in-bundi_4f34f326-537e-11e9-b593-df9071890b8d.jpg)
മലപ്പുറം: രാഹുല്‍ ഗാന്ധി മത്സരിക്കുന്നതോടെ ദേശീയശ്രദ്ധ നേടിയ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളെല്ലാം റോഡരികിലേക്കു മാറ്റാന്‍ എഐസിസി നിര്‍ദേശം.ഇടവഴികളിലും ഉള്‍പ്രദേശങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത്, നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളാണ് മാറ്റാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ രാഹുലിനായി പ്രചാരണത്തിനെത്തുന്ന കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ക്ക് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിലെല്ലാം എത്തുന്നതിനുള്ള സൗകര്യാര്‍ഥമാണിത്. നിര്‍ദേശം ലഭിച്ചതോടെ ഇടവഴികളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫിസുകള്‍ പ്രാദേശിക നേതൃത്വം മാറ്റിത്തുടങ്ങി. യുഡിഎഫിന്റെ വയനാട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫിസ് കോഴിക്കോട് മുക്കത്തു തന്നെ തുടരും.
ഇന്നലെ വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്കും സഹോദരി പ്രിയങ്ക ഗാന്ധിക്കും ആവേശോജ്വല വരവേല്‍പ്പാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിക്കാന്‍ വ്യാഴാഴ്ച്ച രാവിലെ പ്രിയങ്കയോടൊപ്പം വയനാട് എത്തിയ രാഹുല്‍, സ്വീകരണ ജാഥയുടെ അകമ്പടിയോടെയാണ് കല്‍പ്പറ്റയിലെ സര്‍ക്കാര്‍ ഓഫീസിലേക്ക് എത്തിയത്.
നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിനു ശേഷം തന്റെ സന്തോഷം പങ്കുവെക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. ‘വയനാട്ടിലെ ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ കീഴടങ്ങി’ എന്ന സന്ദേശമാണ് രാഹുല്‍ ട്വിറ്ററില്‍ രേഖപ്പെടുത്തിയത്. കൂടാതെ വയനാട്ടില്‍ നടന്ന പരിപാടികളുടെ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു.
Post Your Comments