Latest NewsLife StyleTravel

സഞ്ചാരവിശേഷങ്ങൾ : സ്വച്ഛം ശാന്തം ചന്ദ്രശില

ശിവാനി ശേഖര്‍

നിങ്ങൾ ഹിമശൈലസൗന്ദര്യത്തിന്റെ ആഴം അടുത്തറിഞ്ഞിട്ടുണ്ടോ?ദേവദാരുവിന്റെ നാട്ടിലെ മഞ്ഞുവീണ മലമടക്കുകളിലൂടെ ട്രക്കിങ്ങ് നടത്തിയിട്ടുണ്ടോ? ആധുനികജീവിതത്തിന്റെ ദൈനംദിന തിരക്കുകളിൽ നിന്നൊക്കെ ഒഴിഞ്ഞ്,മനസ്സിനു പൂർണ്ണമായും ഉന്മേഷം വീണ്ടെടുക്കാൻ,മനുഷ്യന്റെ ആഡംബരശൈലികൾ കുറെ നേരത്തെക്കേങ്കിലും ഒഴിവാക്കാൻ, പ്രകൃതിയുടെ മടിത്തട്ടിലൂടെ,ആകാശമേഘങ്ങളെ തൊട്ടുരുമ്മി നടക്കാൻ,സൂര്യോദയവും അസ്തമയവും തൊട്ടടുത്തു നിന്നു കാണാൻ ആഗ്രഹിക്കുന്ന മനസ്സാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ യാത്രയ്ക്കൊരുങ്ങിക്കോളൂ.മഞ്ഞുപാളികൾ ശൈലവ്യൂഹങ്ങളിൽ പവിഴമുത്തുകൾ വിതറിയിട്ട നയനാന്ദകരമായ കാഴ്ചയാണ് ചന്ദ്രശിലയിലേയ്ക്കുള്ള വഴികളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. അല്പം സാഹസികതയുടെ മെമ്പൊടിയും അമ്പരപ്പും കൂട്ടിയിണക്കി ഉയരങ്ങൾ കീഴടക്കുമ്പോൾ കാത്തിരിക്കുന്ന ചൈതന്യവും സൗന്ദര്യവും ആത്മശാന്തിയും അനുഭവിച്ചറിയണമെങ്കിൽ ചന്ദ്രശിലയിലെ അസ്ഥികൾ കോച്ചുന്ന തണുപ്പിൽ കുളിച്ചങ്ങനെ നില്ക്കണം.രാത്രിയിൽ ആകാശവീഥിയിലെ നക്ഷത്രങ്ങളെ താലോലിക്കണം.

CHANDRASHILA PEAK

ചന്ദ്രശില

ദേവഭൂമിയായ ഉത്തരാഖണ്ഡിലെ “സ്വിറ്റ്സർലെന്റ്”എന്നാണ് ചന്ദ്രശില അറിയപ്പെടുന്നത്!സമുദ്രനിരപ്പിൽ നിന്നും ഏകദേശം 13000അടി ഉയരത്തിലാണ് ഈ പർവതം സ്ഥിതി ചെയ്യുന്നത്.അതു കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ശ്രദ്ധിക്കണം. പൈൻമരങ്ങളും ദേവദാരു വൃക്ഷങ്ങളും ഇടതൂർന്ന് വളരുന്ന ഹിമാലയൻമലനിരകളിലൊന്നിലാണ് ചന്ദ്രശില! രാവണനിഗ്രഹത്തിനു ശേഷം അയോധ്യാധിപതി ശ്രീരാമൻ തപസ്സിരുന്ന സ്ഥലമാണ് ചന്ദ്രശിലയെന്നും അതല്ല ലക്ഷ്മണൻ തപസ്സിരുന്ന സ്ഥലമാണെന്നും ,പറയപ്പെടുന്നു.ചന്ദ്രദേവനെ ബന്ധപ്പെടുത്തിയ കഥകളുണ്ട്.ഇവിടെ കരിങ്കല്ലിൽ നിർമ്മിച്ച ക്ഷേത്രമാണുള്ളത്.ഇവിടെ സൂര്യോദയവും അസ്തമയവും വിരൽത്തുമ്പിലാസ്വദിക്കാം.ഉദയം കാണെണ്ടവർ രാത്രി 2,3 മണിയോടു കൂടി ട്രക്കിങ്ങ് തുടങ്ങിയാൽ ഉദയത്തിനു മുമ്പേ ചന്ദ്രശിലയിലെത്താം.ഇവിടെ നിന്നും നന്ദാദേവി,ത്രിശൂൽ,ചൗഖംബ,കേദാർ മുതലായ ഹിമാലയൻ പർവതനിരകളുടെ മാസ്മരികദൃശ്യം അനിർവ്വചനീയമായ ആഹ്ളാദം പകരും.

യാത്രാമാർഗ്ഗങ്ങൾ

ദക്ഷിണേന്ത്യയിൽ നിന്നും ചന്ദ്രശിലയിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് തലസ്ഥാനനഗരിയായ ദില്ലിയിൽ നിന്നുമാണ് യാത്ര തുടരേണ്ടത്.ബസ്,ടാക്സി സർവ്വീസുകൾ ഓൺലൈനിൽ മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്.ദില്ലിയിൽ നിന്നും,
ഹരിദ്വാർ,ഋഷികേശ്,ദേവപ്രയാഗ്,രുദ്രപ്രയാഗ്,ഉഖീമഠ് വഴി “ചോപ്ത”ബേസ്ക്യാമ്പിലെത്താം.ഇവിടെ വരെമാത്രമേ വാഹനങ്ങൾ പോകുകയുള്ളൂ.ഇവിടെ നിന്നും കാൽനടയായി കരിങ്കൽ വിരിച്ച വഴികളിലൂടയുള്ള സാഹസികമായ കയറ്റം പിന്നിട്ട് തുംഗനാഥിലെത്താം.ലോകത്തിലേയ്ക്കും ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശൈവക്ഷേത്രമാണ് തുംഗനാഥ്.ഇതിന്റെ നിർമ്മാണവും കരിങ്കല്ലു കൊണ്ടാണ്.

സീസൺ

മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവാണ് യാത്രയ്ക്ക് ഏറ്റവും അനുയോജ്യം.ഈ സമയത്ത്തണുപ്പുണ്ടെങ്കിലും വഴികളിൽ മഞ്ഞു മൂടാറില്ല.ഇനി അഥവാ മഞ്ഞ് വീണിട്ടുണ്ടെങ്കിൽ വഴി തെളിച്ച് പോകേണ്ടി വരും. മഴക്കാലമായ ജൂലൈ,ഓഗസ്റ്റ് മാസങ്ങളും ഒഴിവാക്കുകയാണ് ഉത്തമം.മഞ്ഞുകാലമായ നവംബർ മുതൽ ഫെബ്രുവരി വരെ യാത്രയ്ക്ക് തീരെ അനുയോജ്യമല്ല.

ജനവാസം

ശൈത്യമുറയുന്ന കാലയളവിൽ ഇവിടം കനത്ത മഞ്ഞുപാളികളാൽ കൈയടക്കുന്നതിനാൽ ഈ പ്രദേശത്ത് താമസിക്കുന്ന ചെറിയൊരു വിഭാഗം ജനത അതിശൈത്യത്തിന്റെ ഈ നാളുകളിൽ താഴ്വാരമേഖലകളിലേയ്ക്ക് ചേക്കേറും.ജനവാസം വളരെ കുറവായതിനാൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലായെന്ന് പറയാം.പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. തുംഗയിലെ വിശ്വനാഥവിഗ്രഹവും നിത്യപൂജകൾക്കായി താഴ്വാരത്തേയ്ക്ക് കൊണ്ടുവരും. ചോപ്തയിൽ നിന്നും തുംഗനാഥിലേയ്ക്കുള്ള മനുഷ്യനിർമ്മിത കരിങ്കൽപാതയുടെ ഒരു വശം കുത്തനെയുള്ള കയറ്റവും മറുവശം അഗാധമായ ഗർത്തവുമാണ്.അതിനാൽത്തന്നെ ഇതുവഴിയുള്ള കാൽനടയാത്ര വളരെ സൂക്ഷിക്കണം.സീസൺ കാലയളവിൽ ചോപ്തയിൽ നിന്ന് തുംഗനാഥ് വരെ 5 കിലോമീറ്റർ യാത്രയിൽ സഞ്ചാരികൾക്കായി കുതി രസവാരി ഒരുക്കി നിർത്തിയിട്ടുണ്ടാകും. തുംഗനാഥിലെ ശിവക്ഷേത്രദർശനം നടത്തി ഒരു കിലോമീറ്റർ കൂടി കഠിനമായ കയറ്റം കയറി എത്തുന്നത് ചന്ദ്രശിലയിലേയ്ക്കാണ്.മഞ്ഞുപാളികൾ വഴുക്കുന്ന ,തണുപ്പരിച്ചു കയറി ശരീരം നിശ്ചലമാകുന്ന അവസ്ഥയിലും അവർണ്ണനീയ പ്രകൃതിസൗന്ദര്യത്തിൽ മഞ്ഞിന്റെ പുതപ്പണിഞ്ഞ് ചേതോഹരിയായി നില്ക്കുന്ന ഹിമവത്ശൈലഭംഗിയിൽ മതിമറന്ന് ലയിച്ചുപോകും.

ഇവ ശ്രദ്ധിക്കൂ

താമസസൗകര്യങ്ങൾ പരിമിതമായതിനാൽ ടെന്റ് ഹൗസ്കളാണ് പ്രധാന ആശ്രയം. ഭക്ഷണമടക്കം എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഈ ടെന്റ് ഹൗസിലുണ്ട്. തണുപ്പുകാലവസ്ത്രങ്ങളും,ട്രക്കിങ്ങിനുള്ള ഷൂസും അത്യാവശ്യഘട്ടങ്ങളിലേയ്ക്കുള്ള മരുന്നുകളും കരുതാൻ മറക്കരുത്. ചന്ദ്രശിലയിലേയ്ക്കുള്ള കയറ്റത്തിൽ പലയിടത്തും ഓക്സിജൻ കുറവ് അനുഭവപ്പെടാറുണ്ട്.മുൻകരുതൽ ആവശ്യമുള്ളവർ തീർച്ചയായും എടുത്തിരിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button