വടകര : അറബി മന്ത്രവാദ ചികിത്സയുടെ പേരില്‍ വന്‍ ചതിയും തട്ടിപ്പും. നിരവധിപേര്‍ തട്ടിപ്പിനിരയായി. പലരില്‍ നിന്നായി കോടികളുടെ തട്ടിപ്പു നടത്തിയത് വയനാട് പേരിയ കളരിത്തൊടി ഉസ്മാന്‍ ഹാജി മുസ്‌ല്യരാണ്. 47 കാരനായ ഇയാളെ വടകര ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്ന് 19 വര്‍ഷമായി 2,500ല്‍ അധികം പേരില്‍ നിന്നായി വന്‍ തുക തട്ടിയെടുത്തെന്നാണ് കേസ്.
ഒരു ടിവി ചാനലില്‍ ഓരോ എപ്പിസോഡിനും 12,000 രൂപ നല്‍കി ഉസ്മാന്‍ അറബി മാന്ത്രികം എന്ന സ്‌പോണ്‍സേഡ് പ്രോഗ്രാം നടത്തിയിരുന്നു. ഇതില്‍ കൊടുത്ത നമ്പറിലേക്കു വിളിച്ച ആളുകളാണ് കുടുങ്ങിയത്. അര ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് ചികിത്സയ്ക്കും മന്ത്രവാദത്തിനും വാങ്ങിയിരുന്നത്.
വടകര സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഡിവൈഎസ്പി: പി.പി.സദാനന്ദന്‍, ഇന്‍സ്‌പെക്ടര്‍ എം.എം.അബ്ദുല്‍ കരീം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വയനാട്ടില്‍ നിന്ന് പ്രതിയെ പിടികൂടിയത്. വിവാഹമോചനം, രോഗം, ജോലി നഷ്ടം, ദാമ്പത്യ പ്രശ്‌നങ്ങള്‍ തുടങ്ങി ഏതു പ്രശ്‌നത്തിനും പരിഹാരമുണ്ടെന്നു വിശ്വസിപ്പിച്ചാണ് തട്ടിപ്പു നടത്തുന്നത്.
പ്രശ്‌നവുമായി വരുന്ന ആളുടെ സാമ്പത്തിക നില നോക്കിയാണ് ചികിത്സയുടെ റേറ്റ് നിശ്ചയിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഭാഗത്ത് സാന്ത്വനം സെന്റര്‍ എന്ന പേരില്‍ ചികിത്സാ കേന്ദ്രങ്ങളും ഇയാള്‍ നടത്തുന്നുണ്ട്.
സമ്പാദിച്ച പണം കൊണ്ട് വയനാട് ഉള്‍പ്പെടെ പല സ്ഥലത്തും റിസോര്‍ട്ട്, ചന്ദനത്തിരി ഫാക്ടറി, ഫാം എന്നിവ തുടങ്ങിയിരുന്നു. ആറു കോടി രൂപയുടെ ആസ്തി ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. മലപ്പുറത്തും വയനാട്ടിലും ഭാര്യയുള്ള ഉസ്മാന് 6 മക്കളുണ്ട്. മന്ത്രവാദവും ചികിത്സയുമായി ബന്ധപ്പെട്ട് 4 പുസ്തകം എഴുതിയ പ്രതിയുടെ കൈയില്‍ കൊളംബോ യൂണിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് ബിരുദ വ്യാജ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരുന്നു.
Post Your Comments