രാഹുല്‍ഗാന്ധിയുടെ റോഡ്ഷോയോട് അനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ട്രക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനെ പരിചരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും സഹോദരി പ്രിയങ്കാ ഗാന്ധിയുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വന്‍ തോതില്‍ പ്രചരിക്കുന്നുണ്ട്. ഷൂ പിടിച്ചു നില്‍ക്കുന്ന പ്രിയങ്കാ ഗാന്ധിയെ കാണുമ്പോള്‍ റണ്‍ ബേബി റണ്‍ സിനിമയിലെ മോഹന്‍ലാലിനെ ഓര്‍മ്മിക്കുന്നവരുണ്ടാകാം. പ്രതീക്ഷിച്ച കവേറജ് കിട്ടാതെ വരുമ്പോള്‍ സ്വന്തം ഷൂ എടുത്ത് മന്ത്രിയെ എറിഞ്ഞു വീഴ്ത്തിയ ലാലിന്റെ കഥാപാത്രത്തോട് സാമ്യം ഉണ്ട് എന്നൊന്നും സമര്‍ത്ഥിക്കുന്നില്ല. എന്നാല്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം എങ്ങനെ നേതാക്കള്‍ക്ക് ഇങ്ങനെ സേവനമനോഭാവം ഉണ്ടാകുന്നു എന്നത് അല്‍പം പരിഹാസ്യം തന്നെ.
ചില മാധ്യമങ്ങള്‍ പ്രിയങ്കാ ഗാന്ധിയുടെ കൈയിലെ ഷൂസിലേക്ക് ക്യാമറ സൂം ചെയ്യുമ്പോള്‍ ജനങ്ങള്‍ വെറും വിഡ്ഢികളല്ലെന്ന് ഇവര്‍ മനസിലാക്കുന്നത് നല്ലതാണ്. മോഹന്‍ലാലിന്റെ തന്നെ മറ്റൊരു കഥാപാത്രമാണ് നേതാക്കളെ കാണുമ്പോള്‍ ജനങ്ങള്‍ക്ക് മനസിലേക്ക് ഓടിയെത്തുക. ഇന്നേവരെ ശ്രദ്ധിക്കുക പോലും ചെയ്യാത്ത തെരുവുകളിലേക്ക് ഇറങ്ങുക. ഏവരേയും കെട്ടിപിടിച്ച് വേണമെങ്കില്‍ ഒരു ഉമ്മയൊക്കെ കൊടുത്ത് വോട്ട് ഉറപ്പിക്കാന്‍ പാടുപെടുന്ന കഥാപാത്രമാണ് ഭൂമിയിലെ രാജാക്കന്മാരില്‍ മോഹന്‍ലാലിന്റേത്. ഇത്തരം സിനിമാ കഥാപാത്രങ്ങളെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ബദ്ധപ്പാട് കണ്ട് ഓര്‍ത്തു പോയതെന്ന രീതിയില്‍ ചില ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
രാഹുല്‍ ഗാന്ധിയുടെ രണ്ടാമത്തെ മണ്ഡലമായ വയനാട്ടില്‍ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ റോഡ് ഷോയ്ക്കിടെ വാഹനത്തില്‍ നിന്ന് വീണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയുണ്ടായി. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. റോഡ് ഷോയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി ട്രക്കില്‍ സഞ്ചരിക്കുന്നതിനിടെ വാഹനത്തിന്റെ ബാരിക്കേഡ് തകര്‍ന്ന് വനിതാ മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചോളം പേര്‍ താഴേക്ക് വീഴുകയായിരുന്നു. റോഡ് ഷോ അവസാനിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു സംഭവം. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ ഇന്ത്യ എ ഹെഡ് എന്ന ചാനലിന്റെ കേരള ചീഫ് റിപ്പോര്‍ട്ടര്‍ റിക്സണെ ദേഹാസ്വാസ്ഥ്യം മൂലം എഴുന്നേല്‍ക്കാന്‍ കഴിഞ്ഞില്ല. ഉടനെ പ്രിയങ്ക ഗാന്ധി റോഡ് ഷോയ്ക്കായി ഒരുക്കിയ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി വീണ് കിടക്കുന്ന മാധ്യമപ്രവര്‍ത്തകനരികിലെത്തി.
പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്.പി.ജിയും രക്ഷാപ്രവര്‍ത്തനം നല്‍കുന്നതിനിടയിലേക്ക് ഇരുവരും കയറി. നിലത്തു വീണുകിടന്ന റിക്സന്റെ കാലിലെ ഷൂസ് അഴിച്ചുമാറ്റിയതും പിന്നീട് ആംബുലന്‍സില്‍ കയറ്റുന്നതുവരെ ഒരു കയ്യില്‍ ഈ ഷൂസ് പ്രിയങ്ക പിടിക്കുന്നതും കാണാമായിരുന്നു. രക്ഷാപ്രവര്‍ത്തനവും തുടര്‍ന്നുള്ള പരിചരണവുമൊക്കെ അഭിനന്ദം അര്‍ഹിക്കുന്നത് തന്നെ. എന്നാല്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രം ഈ കാരുണ്യപ്രവര്‍ത്തനം? ഇതൊഴിച്ചുള്ള സമയങ്ങളില്‍ ജനങ്ങള്‍ ഇവിടില്ലേ? വോട്ട് സമയത്ത് മാത്രം ആണോ ഇവരെ നിങ്ങള്‍ക്ക് ആവശ്യം? ഇത്തരത്തിലുള്ള പ്രഹസനം ഒരുപക്ഷേ സാധാരണക്കാര്‍ക്ക് ദഹിക്കണമെന്നില്ല. അവര്‍ നിങ്ങളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്‌തേക്കാം. അവരേയും തെറ്റു പറയാന്‍ പറ്റില്ല. മാധ്യമങ്ങള്‍ക്ക് മുന്‍പിലുള്ള ഈ പോസുകള്‍ അവര്‍ പരിഹസിച്ചേക്കാം. അവരെ കുറ്റം പറയാനും പറ്റില്ല.
Post Your Comments